Categories

സ്പാനിഷ് മസാല പുരോഗമിക്കുന്നു

ലാല്‍ജോസ് ഒരുക്കുന്ന സ്പാനിഷ് മസാലയുടെ ചിത്രീകരണം സ്‌പെയിനില്‍ പുരോഗമിക്കുന്നു. ദീലീപ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സ്പാനിഷ് സുന്ദരി ഡാനിയേല സക്കേരിയാണ് നായിക.

അറബിക്കഥ എന്ന ചിത്രത്തിലൂടെ ചൈനീസ് സുന്ദരിയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ സംവിധായകനാണ് ലാല്‍ജോസ്. അല്‍പം ബുദ്ധിമുട്ടിയാണെങ്കിലും സ്പാനിഷ് മസാലയ്ക്ക് യോജിക്കുന്ന ഒരു നായികയെ തന്നെ ലാല്‍ജോസ് കണ്ടെത്തിയിരിക്കുകയാണ്. ‘ഒരു സ്‌പെയിന്‍കാരി പെണ്‍കുട്ടിയാണ് തിരക്കഥ പ്രകാരം ചിത്രത്തിലെ നായികയായി എത്തേണ്ടിയിരുന്നത്. ഈ ചിത്രത്തിലെ നായിക. അതിനു പറ്റിയ ഒരു പെണ്‍കുട്ടിക്കു വേണ്ടിയുള്ള അന്വേഷണം നടത്തിയിരുന്നു. പ്രധാനമായും നെറ്റ് വഴിയുള്ള ശ്രമങ്ങള്‍. ഇതിനിടയില്‍ ലൊക്കേഷന്‍ നോക്കുവാനായി തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലവും ഛായാഗ്രാഹകന്‍ ലോകനാഥനും ഒന്നിച്ച് സ്‌പെയിനിലെത്തിയപ്പോഴാണ് ഡാനിയേല സക്കേരിയെന്ന ഈ നായികയെ കണ്ടെത്തിയത്.”- തന്റെ നായികയെക്കുറിച്ച് ലാല്‍ജോസ് പറഞ്ഞു.

ഹാസ്യത്തിനും സംഗീതത്തിനും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഒരു പ്രണയകഥയാണ് സ്പാനിഷ് മസാല. സ്‌പെയിനിലെ ഒരു ഇന്ത്യന്‍ റസ്‌റ്റോറന്റിലെ ഷെഫ് ആണ് ചാര്‍ളി. തന്റെ കൈപ്പുണ്യവും പെരുമാറ്റവും വാക്ക്ചാതുര്യവും കൊണ്ട് ആരെയും എളുപ്പം കയ്യിലെടുക്കുന്നയാളാണ് ചാര്‍ളി. ഈ ഷെഫിനെ പ്രണയിക്കുവാന്‍ ഒരു സ്‌പെയിനുകാരിയുണ്ടായി. കമീല. ഇവള്‍ ഒരു സാധാരണ സ്‌പെയിന്‍കാരി ആയിരുന്നില്ല. ഇന്ത്യയിലെ സ്‌പെയിന്‍ അംബാസിഡറുടെ മകളാണ് കഥാനായികയായ കമീല. അതുകൊണ്ടുതന്നെ ഷെഫ് ചാര്‍ളിയോടുള്ള കമീലയുടെ പ്രണയം പല നൂലാമാലകളും ഉണ്ടാക്കുന്നു. ഈ പ്രണയം കടന്നുപോകുന്ന വഴികള്‍ നര്‍മ്മത്തില്‍ പൊതിഞ്ഞ് ലാല്‍ജോസും ബെന്നി പി. നായരമ്പലവും ഒരുക്കുകയാണ്.

ചാര്‍ളിയെ ദിലീപ് അവതരിപ്പിക്കുന്നു. കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്ന രാഹുല്‍ ഈ ചിത്രത്തിലെ മറ്റൊരു ശ്രദ്ധേയമായ കഥാപാത്രമാണ്. സ്‌പെയിന്‍ അംബാസിഡറിന്റെ െ്രെപവറ്റ് സെക്രട്ടറി മേനോന്‍ എന്ന കഥാപാത്രമായി ബിജു മേനോനും ചിത്രത്തിലുണ്ട്. വിനയപ്രസാദ്, കലാരഞ്ജിനി എന്നിവരും ഏതാനും സ്‌പെയിന്‍ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.

വിദ്യാസാഗറിന്റേതാണ് സംഗീതം. റഫീഖ് അഹമ്മദും വേണുവുമാണ് ഗാനങ്ങള്‍ രചിക്കുന്നത്. ലോകനാഥനാണ് ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്. ബിഗ് സ്‌ക്രീനിന്റെ ബാനറില്‍ നൗഷാദാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചാന്ത്‌പൊട്ട് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനുശേഷം ലാല്‍ജോസ്, ബെന്നി പി. നായരമ്പലം, ദിലീപ് എന്നിവരൊന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട് സ്പാനിഷ് മസാലയ്ക്ക്. കുഞ്ഞിക്കൂനന്‍, കല്ല്യാണരാമന്‍, മേരിക്കുണ്ടൊരു കുഞ്ഞാടി തുടങ്ങി ദിലീപ് – ബെന്നി കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രങ്ങളെല്ലാം സൂപ്പര്‍ഹിറ്റായിരുന്നു. മീശമാധവന്‍, ചാന്ത് പൊട്ട്, മുല്ല, തുടങ്ങി ദിലീപ്- ലാല്‍ജോസ് ചിത്രങ്ങളും ഹിറ്റായിരുന്നു. അതുകൊണ്ടുതന്നെ സൂപ്പര്‍ഹിറ്റില്‍ കുറഞ്ഞതൊന്നും സ്പാനിഷ് മസാലയില്‍ നിന്നും പ്രതീക്ഷിക്കുന്നില്ല.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.