രണ്ടാം വരവില്‍ തൊട്ടതെല്ലാം പൊന്നാക്കി മുന്നേറുന്ന കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രമായ സാന്‍വിച്ച് വെള്ളിയാഴ്ച തിയ്യേറ്ററുകളിലെത്തും. ഷാജി കൈലാസിന്റെ സഹായിയായ എം.എസ് മനുവിന്റെ കന്നിച്ചിത്രമാണ് സാന്‍വിച്ച്. അനന്യയും റിച്ചയുമാണ് ചിത്രത്തിലെ നായികമാര്‍.

Subscribe Us:

തലസ്ഥാന നഗരിയിലെ ഒരു ഹൈക്ലാസ് ഫാമിലിക്ക് രണ്ട് കൂട്ടരില്‍നിന്നു നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളാണ് സാന്‍വിച്ചിലൂടെ പറയുന്നത്.

ബാങ്ക് ഓഫിസറായിരുന്ന രാമചന്ദ്രന്റെ മകനാണ് സായി. ഐടി വിദഗ്ധന്‍. രാമചന്ദ്രന്റെ സുഹൃത്ത് ഭദ്രന്റെ മകള്‍ ശ്രുതിയുമായി സായിയുടെ വിവാഹം ഉറപ്പിച്ചിരിക്കുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം ഒരാഘോഷത്തില്‍ പങ്കെടുത്തു മടങ്ങുന്നതിനിടെ സായി സഞ്ചരിച്ച വാഹനം മറ്റൊരു വാഹനത്തില്‍ ഇടിച്ച് നഗരത്തിലെ പ്രധാനി മരിക്കുന്നു. ഇത് സായിയുടെ ജീവിതം തന്നെ മാറ്റിമറിക്കുന്നു.

സായിയോടു പ്രതികാരം വീട്ടാന്‍ മരിച്ചയാളുടെ ബന്ധുക്കള്‍ ഒരുവശത്ത്. കൊല്ലപ്പെട്ടവന്റെ മരണം പ്രതീക്ഷിച്ചിരുന്ന തമിഴ്‌നാട്ടിലെ വലിയ ചട്ടമ്പിയായിരുന്ന ആണ്ടിപ്പെട്ടി നായ്ക്കരും ടീമും മറുവശത്ത്. ഇവര്‍ക്കിടയില്‍പ്പെട്ട് ആത്മസംഘര്‍ഷമനുഭവിക്കേണ്ടി വരുന്ന സായിയുടേയും കുടുംബത്തിന്റേയും കഥ നര്‍മത്തില്‍ പൊതിഞ്ഞ് സാന്‍വിച്ച് പറയുന്നു.

സായിയായി കുഞ്ചാക്കോ ബോബനും, ശ്രുതിയായി റിച്ചയുമെത്തുന്നു. ലൈന്‍ ഒഫ് കളേഴ്‌സിന്റെ ബാനറില്‍ പ്രദീപ് നായരും വില്‍സണും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ആണ്ടിപ്പെട്ടി നായ്ക്കരുടെ മകള്‍ കണ്‍മണിയായി അനന്യ അഭിനയിക്കുന്നു. സുരാജ് വെഞ്ഞാറമ്മൂടാണ് ആണ്ടിപ്പെട്ടി നായ്ക്കര്‍, രാമചന്ദ്രനെ അവതരിപ്പിക്കുന്നത് ലാലു അലക്‌സ്. ഗണേഷ് കുമാര്‍, വിജയകുമാര്‍, പി. ശ്രീകുമാര്‍, ഇന്ദ്രന്‍സ്, കോട്ടയം നസീര്‍, ജയകൃഷ്ണന്‍, ശാരി, ജയന്തി, സോണിയ, കുളപ്പുള്ളി ലീല, വത്സല മേനോന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ ഡോ. നിര്‍മല രഘുനാഥന്‍. രചന രതീഷ് സുകുമാരന്‍, ഗാനങ്ങള്‍ മുരുകന്‍ കാട്ടാക്കട, സംഗീതം ജയന്‍ പിഷാരടി. ക്യാമറ പ്രദീപ് നായര്‍, എഡിറ്റിങ് ഡോണ്‍ മാക്‌സ്. ആര്‍ട് ബോബന്‍. സാന്‍വിച്ച് തിയെറ്റുകളിലെത്തിക്കുന്നത് രജപുത്ര റിലീസ്.