ലൂയിസ് മാന്‍ഡോക്കി എന്ന മെക്‌സിക്കന്‍ സംവിധായകന്‍ മലയാള സിനിമകള്‍ കാണാനിടയില്ല. അല്ലെങ്കില്‍ മലയാള ചിത്രം റേസിന്റെ സംവിധായകന്‍ കുക്കുസുരേന്ദ്രനും റോബിന്‍ തിരുമലയും അഴിയെണ്ണിയേനെ.

ലൂയിസ് മാന്‍ഡോക്കി മലയാള സിനിമ കാണില്ല എന്ന വിശ്വാസമാവാം ഇത്തരമൊരു മോഷണം നടത്താന്‍ ഇവര്‍ക്ക് ധൈര്യം നല്‍കിയത്. ലൂയിസ് മന്‍ഡോക്കി 2002ല്‍ സംവിധാനം ചെയ്ത ട്രാപ്പ്ഡ് എന്ന സിനിമ കോപ്പിയടിച്ചുണ്ടാക്കിയതാണ് റേസ് എന്ന മലയാളചിത്രം എന്ന് രണ്ട് സിനിമകളും കണ്ടാല്‍ മനസിലാവുന്നതേയുള്ളൂ.

ചാര്‍ളിസ് തെറോണും സ്റ്റുവര്‍ട്ട് ടൗണ്‍സെന്‍ഡും കെവിന്‍ ബേക്കണുമൊക്കെ അഭിനയിച്ച ട്രാപ്പ്ഡ് ഒരു മികച്ച ത്രില്ലറായിരുന്നു. ഗ്രെഗ് ലെസിന്റെ 24 അവേഴ്‌സ് എന്ന നോവലിനെ ആധാരമാക്കിയാണ് ലൂയിസ് മാന്‍ഡോക്കി ട്രാപ്പ്ഡ് ഒരുക്കിയത്. സന്തുഷ്ടജീവിതം നയിക്കുന്ന ഒരു ഡോക്ടറെയും കുടുംബത്തേയും കെവിന്‍ ബേക്കണ്‍ അവതരിപ്പിക്കുന്ന കഥാപാത്രം ചതിയില്‍പ്പെടുത്തുന്നതും അവരുടെ കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതും വില പേശുന്നതുമൊക്കെയാണ് ട്രാപ്പ്ഡ് പറയുന്നത്.

റേസ് എന്ന ചിത്രത്തിന്റെ കഥയും ഇത് തന്നെ. എന്നാല്‍ ട്രാപ്പ്ഡ് എന്ന ചിത്രം ചിത്രീകരിച്ചപ്പോള്‍ മാന്‍ഡോക്കി കാണിച്ച ആത്മാര്‍ത്ഥത, എന്തായാലും തിരുമലയും കുക്കു സുരേന്ദ്രനും കാണിച്ചില്ല എന്ന ഉറപ്പിച്ചു പറയാന്‍ കഴിയും. എന്തെന്നുവച്ചാല്‍ 9വര്‍ഷം മുന്‍പ് ചിത്രീകരിക്കപ്പെട്ട ട്രാപ്പ്ഡിന് സംവിധായകന്‍ നല്‍കിയ ചിത്രീകരണമികവ് സാങ്കേതിക വിദ്യകള്‍ കുറച്ചുകൂടി മെച്ചപ്പെട്ട ഈ അവസരത്തില്‍ റേസിനു നല്‍കാന്‍ മലയാളത്തിലെ സംവിധാകര്‍ക്കായിട്ടില്ല.

ഹോളിവുഡ് സിനിമകളില്‍ നിന്നും അന്യഭാഷാ സിനിമകളില്‍ നിന്നും മോഷ്ടിക്കുന്ന പതിവ് മലയാള സംവിധായകര്‍ക്കിടയില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. മലയാളി പ്രേക്ഷകര്‍ ഇത് കണ്ട് പിടിക്കില്ലെന്ന തെറ്റിദ്ധാരണയാണ് ഈ നീക്കത്തിന് പിന്നില്‍. എന്നാല്‍ മലയാളി പ്രേക്ഷകര്‍ മണ്ടന്‍മാരല്ല എന്ന് പലകോപ്പിയടികളും പരാജയപ്പെട്ടത് കണ്ടിട്ടെങ്കിലും സംവിധാകര്‍ മനസിലാക്കേണ്ടതാണ്. എന്നിട്ടും പിന്നെയും പിന്നെയും ഈ കോപ്പിയടി തുടരുന്ന സംവിധായകര്‍ സ്വന്തം കഴിവുകേട് വിളിച്ചറിയിക്കുകയാണ്.