സജീവ് അന്തിക്കാട് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പ്രഭുവിന്റെ മക്കള്‍ ചിത്രീകരണം പുരോഗമിക്കുന്നു.

ഗൗഢ സാരസ്വത ബ്രാഹ്മണ സമുദായത്തിലെ ധനാഢ്യനും പുരോഗമനവാദിയുമായ വ്യവസായ പ്രമുഖനാണ് ദയാനന്ദ പ്രഭു. രണ്ടുമക്കളാണ് ദയാനന്ദപ്രഭുവിന്. സിദ്ധാര്‍ത്ഥനും മണിയും. സിദ്ധാര്‍ത്ഥ് തനി ആത്മീയവാദിയാണ്. യോഗയൊക്കെ പരിശീലിച്ച് ദിവ്യശക്തി നേടാനുള്ള കഠിനമായ ശ്രമത്തിലാണ്. മൂത്ത മകന്‍ തനിയുക്തിവാദിയും. പുരോഗമനപ്രസ്ഥാനവുമായി നാട്ടില്‍തന്നെ അച്ഛനെ സഹായിച്ച്  വീട്ടില്‍ കഴിയുന്നു. ഒരിക്കല്‍ സിദ്ധാര്‍ത്ഥ് നാടും വീടും ഉപേക്ഷിച്ച് ഹിമാലയത്തിലേക്ക് പോകുന്നു.

പക്ഷെ വര്‍ഷങ്ങള്‍ക്കുശേഷം സിദ്ധാര്‍ത്ഥിന് മടങ്ങിവരേണ്ടിവരുന്നു. അതൊരു നിയോഗമായിരുന്നു. ആത്മീയ ജീവിതത്തിന്റെ ഉന്നതികള്‍ തേടിപ്പോയ സിദ്ധാര്‍ത്ഥ് അച്ഛന്റെ ഒരു വീഴ്ചയില്‍ സഹായിക്കാന്‍ ജന്മനാട്ടിലേക്ക് മടങ്ങിവരേണ്ടിവന്നു. ആരുടെയൊക്കെയോ പ്രേരണയാല്‍ ദയാനന്ദപ്രഭുവിന്റെ വ്യവസായ സാമ്രാജ്യം തകര്‍ന്നപ്പോള്‍ അതിനെ എതിരിടാനായി വ്യത്യസ്ത സ്വഭാവവിശേഷതകളുള്ള രണ്ട് ആണ്‍മക്കളും ഒന്നായിനിന്നു മുന്നോട്ടുനീങ്ങി.

എസ്.പി ആദിത്യന്റെ സഹായത്തോടെ സിദ്ധാര്‍ഥും മണിയും നടത്തുന്ന ഒരു പോരാട്ടത്തിന്റെ കഥയാണ് പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തില്‍ ദൃശ്യവത്കരിക്കുന്നത്.  പ്രഭുവായി മധു അഭിനയിക്കുമ്പോള്‍ സിദ്ധാര്‍ത്ഥനായി വിനയ് ഫോര്‍ട്ടും മണിയായി ജിജോയും  വേഷമിടുന്നു. എസ്.പി ആദിത്യനായി കലാഭവന്‍മണി പ്രത്യക്ഷപ്പെടുന്നു.

അരുണ്‍, സുരാജ്, അനൂപ് ചന്ദ്രന്‍, സലിംകുമാര്‍, ഹരിശ്രീ അശോകന്‍, മാള അരവിന്ദന്‍, സ്വാസിക, ദേവി ചന്ദന തുടങ്ങിയവരാണ് മറ്റുതാരങ്ങള്‍. പ്രശസ്ത ഗായകന്‍ പ്രദീപ് പള്ളുരുത്തിയും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഫ്രീ തോട്ട് സിനിമയുടെ ബാനറില്‍ എം. സിന്ധു, സന്തോഷ് ബാലന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രഭുവിന്റെ മക്കള്‍ നിര്‍മിക്കുന്നത്.

Malayalam news

Kerala news in English