ജയസൂര്യയും അഞ്ജലി(തമിഴ് ചിത്രം അങ്ങാടിത്തെരു ഹീറോയിന്‍)യുമൊന്നിക്കുന്ന ‘പയ്യന്‍സ്’ തിയേറ്ററുകളിലെത്തി. ലിയോ തദ്ദേവൂസ് സംവിധാനം നിര്‍വ്വഹിച്ച ചിത്രം കമ്മു വടക്കന്‍ ഫിലിംസിന്റെ ബാനറിലാണ് തിയേറ്ററുകളിലെത്തിയത്.

‘ ജോസിയെന്ന് പേരുള്ള യുവാവിന്റെ കഥയാണ് സിനിമ പറയുന്നത്. ജീവിതത്തെ വളരെ സില്ലിയായിക്കാണുന്ന ജോസിക്ക് തന്റെ എഞ്ചിനീയറിങ് പഠനം പോലും പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല. പഠനം പാതി വഴിയിലുപേക്ഷിക്കുന്നു.

ജോസിയുടെ അമ്മ പത്മ(രോഹിണി) ഒരു ഷിപ്പിങ് കമ്പനിയിലെ ഉദ്യോഗസ്ഥയാണ്. ഫോര്‍ട്ട് കൊച്ചിയിലാണവരുടെ താമസം. അതിനിടെ ജോസിയുടെ ജീവിതം വലിയൊരു കുരുക്കില്‍പ്പെടുന്നു. അതിനു ശേഷം ജോസിയുടെ പ്രകൃതം തന്നെ മാറുന്നു. ഈ സംഭവമാണ് ‘പയ്യന്‍സ്’ പറയുന്ന കഥ. കുടുംബ ചിത്രമാണ് പയ്യന്‍സെന്നും രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് ചിത്രം പറയുന്നതെന്നും സംവിധായകന്‍ പറയുന്നു.

ജോസിയുടെ പിതാവായി ജോണ്‍ വര്‍ഗീസാണെ(ലാല്‍)ത്തുന്നത്. മറൈന്‍ എഞ്ചിനീയറായ പിതാവിനെ മകന്‍ ഏറെക്കാലം കാണുന്നില്ല. അമ്മയിലൂടെയാണ് അച്ഛനെക്കുറിച്ച് ജോസി അറിയുന്നത്- ജയസൂര്യ പറയുന്നു.

വി.കെ പ്രകാശ് സംവിധാനിക്കുന്ന ‘ത്രീ കിങ്‌സില്‍’ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ജയസൂര്യ അടുത്ത് ബോബന്‍ സാമുവലിന്റെ ‘ജനപ്രിയ’യിലും എത്തുന്നുണ്ട്.

ജയസൂര്യ അടുത്തിടെ അഭിനയിച്ച ഫോര്‍ഫ്രന്റസ് ഹിറ്റായിരുന്നു. പയ്യന്‍സിനെക്കുറിച്ചും ഏറെ പ്രതീക്ഷകളാണ് അദ്ദേഹം വെച്ചുപുലര്‍ത്തുന്നത്.

‘അങ്ങാടിത്തെരു’വിലും ‘കാത്രതു തമിഴി’ലും ശ്രദ്ധേയമായ വേഷം ചെയ്ത അഞ്ജലിയുടെ മലയാളത്തിലേക്കുള്ള പ്രവേശനമാണ് പയ്യന്‍സ്. റേഡിയോ സ്‌റ്റേഷനിലെ സൗണ്ട് എഞ്ചിനീയറായ സീമയുടെ വേഷത്തിലാണ് അഞ്ജലിയെത്തുന്നത്. ജോസിയുമായി അവള്‍ പ്രണയത്തിലാവുന്നു. ജോസിയുടെ ജീവിതത്തില്‍ അച്ചടക്കം കൊണ്ട് വരുന്നതിന് സീമ ശ്രമിക്കുന്നുണ്ട്. ലാലു അലക്‌സ്, ജനാര്‍ദ്ദനന്‍, ശങ്കര്‍, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരും സിനിമയിലെത്തുന്നു.