തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയുടെ മല്‍സര വിഭാഗത്തില്‍നിന്ന് മലയാളം സിനിമകള്‍ ഒഴിവാക്കി. ആദ്യമായാണ്  മത്സരവിഭാഗത്തില്‍ നിന്നും മലയാള സിനിമകള്‍ ഒഴിവാക്കപ്പെടുന്നത്.  ആദിമധ്യാന്തത്തെ മേളയില്‍ നിന്നും ഒഴിവാക്കിയതിനു പിറകെ തന്നെ  ആദാമിന്റെ മകന്‍ അബുവും ഒഴിവാക്കപ്പെട്ടു. ഇതോടെ ചലച്ചത്രമേള വിവാദങ്ങളുടെ നടുവിലായി. ആദാമിന്റെ മകനെ കൂടാതെ അറിയോ സോലിറ്റോ സംവിധാനം ചെയ്ത ഫിലിപ്പൈന്‍ ചിത്രമായ ‘പലവന്‍ ഫെയ്റ്റ ‘് മല്‍സര വിഭാഗത്തില്‍ നിന്ന് ഒഴിവാക്കി. ഈ സിനിമയും ഗോവയില്‍ മല്‍സര വിഭാഗത്തില്‍ പ്രദര്‍ശനത്തിനുണ്ടായിരുന്നു.

മേളയില്‍ ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ സിനിമകള്‍ ഉള്‍പ്പെടെ 11 സിനിമകള്‍ മത്സരവിഭാഗത്തിലുണ്ടാകും. ഗോവയില്‍ നടന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ മല്‍സര വിഭാഗത്തില്‍ പങ്കെടുത്തെന്ന കാരണത്താലാണ് ആദാമിന്റെ മകനെ ഫെസ്റ്റിവല്‍ നിയമാവലി പ്രകാരം ഒഴിവാക്കിയതെന്നു ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന്‍ അറിയിച്ചു. സംവിധായകന്റെയോ നിര്‍മാതാവിന്റെയോ അനുമതിയോടെ മലയാള സിനിമ വിഭാഗത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കാമെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

തെറ്റായ സത്യവാങ്മൂലം നല്‍കിയതിനാണ് ആദിമധ്യാന്തത്തെ മേളയില്‍നിന്ന് ഒഴിവാക്കിയത്. അല്ലാതെ ചിത്രം പൂര്‍ത്തിയാകാത്ത കാരണത്താലല്ല. ആദിമധ്യാന്തത്തിന്റെ നിലവാരത്തിലോ മറ്റോ തര്‍ക്കമില്ലെന്നും സംവിധായകന്‍ ഷെറിന്റെ ആവശ്യപ്രകാരം ഒരുമിച്ചിരുന്ന് ആദിമധ്യാന്തത്തിന്റെ ഡിവിഡി കാണാന്‍ തയാറാണെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.  മത്സരവിഭാഗത്തില്‍ നിന്നും ‘ആദിമധ്യാന്തത്തെ’ ഒഴിവാക്കിയ നടപടി ഹൈക്കോടതി ശരിവെച്ചിരുന്നു.

Subscribe Us:

Malayalam News
Kerala News in English