തിരുവിതാംകൂര്‍ രാജവംശത്തിലെ ഉജ്ജ്വല നക്ഷത്രമായിരുന്ന മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ ജീവിതകഥ അഭ്രപാളിലേക്ക്. തിരുവിതാംകൂര്‍ രാജവംശത്തിലെ ഏറ്റവും മികച്ച ഭരണാധികാരിയായിരുന്ന മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ ഐതിഹാസിക ജീവിതത്തിനാണ് ചലച്ചിത്രാവിഷ്‌കാരമൊരുങ്ങുന്നത്. പ്രശസ്ത കവിയും ഗാനരചനയിതാവുമായ കെ. ജയകുമാറാണ് ഇതിഹാസമാനമുള്ള മാര്‍ത്താണ്ഡവര്‍മ്മക്ക് തിരക്കഥയെഴുതിയിരിക്കുന്നത്. മാര്‍ത്താണ്ഡവര്‍മ്മയുടെ മഹാരാജാവ് എന്ന നിലയിലുള്ള ചരിത്രവും വ്യക്തിജീവിതത്തില്‍ നേരിട്ട സംഘര്‍ഷങ്ങളും തനിമ ഒട്ടും ചോര്‍ന്നുപോകാതെയാണ് ജയകുമാര്‍ പകര്‍ത്തിയിരിക്കുന്നത്.

സാങ്കേതികത്തികവില്‍ മാര്‍ത്താണ്ഡവര്‍മ്മ എന്ന അന്താരാഷ്ട്ര ചലച്ചിത്രം ഗ്ലാഡിയേറ്റര്‍, ട്രോയ് തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളുടെ നിലവാരത്തിനൊപ്പമെത്തുന്നതാണ്. വീരമാര്‍ത്താണ്ഡവര്‍മ്മയുടെ ജീവിതകഥ ചരിത്രപരവും വൈകാരികവും ആത്മീയവുമായ ത്രിമാനതലയിലാണ് സിനിമ ഒരുങ്ങുന്നത്. സ്വന്തം രാജ്യത്തിനുവേണ്ടി നേട്ടങ്ങളേറെ ഉണ്ടാക്കികൊടുത്തെങ്കിലും വ്യക്തിജീവിതത്തില്‍ നഷ്ടങ്ങള്‍ കൊണ്ട് വേട്ടയാടപ്പെട്ട മാര്‍ത്താണ്ഡവര്‍മ്മ രാജാവിന്റെ ജീവിതം അഭ്രപാളികളിലേക്ക് പകര്‍ത്തുന്നത് സംവിധായകനായ കെ. ശ്രീകുമാര്‍ (ശ്രീക്കുട്ടന്‍) ആണ്. തിരക്കഥയ്ക്ക് പുറമേ ചിത്രത്തിന്റെ ഗാനരചനയും ജയകുമാര്‍ നിര്‍വഹിക്കുന്നു. സംഗീതം വിദ്യാസാഗര്‍.

ഇംഗ്ലീഷിനു പുറമേ, മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ പ്രാദേശിക ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യുന്ന മാര്‍ത്താണ്ഡവര്‍മ്മയുടെ നിര്‍മ്മാതാക്കള്‍ ദുബൈയിലെ മീഡിയ മാപ്‌സ് സിനി വിഷന്‍ ആണ്. പ്രൊജക്ട് കണ്‍സള്‍ട്ടന്റ് വാര്‍ണര്‍ ബ്രദേഴ്‌സ് വിതരണത്തിനെടുത്ത ഡാം 999 എന്ന ഹോളിവുഡ് ചിത്രത്തിന്റെ പ്രൊജക്ട് മാനേജറായിരുന്ന സുമേഷ് രാമന്‍കുട്ടിയാണ്. ചരിത്രഗവേഷണം: ഡോ. എം. ജി ശശിഭൂഷണ്‍, ഡോ. എസ് വേണുഗോപാലന്‍. ലൈന്‍ പ്രൊഡ്യൂസര്‍ ബി. രാകേഷ്. പ്രൊമോട്ടേഴ്‌സ് മനോജ് വി ബി, പ്രേംസായി ഹരിദാസ്, ഗ്രാഫിക്‌സ് ആന്റ് ഇഫക്ട്‌സ് ഡിക്കു വി. ആര്‍. അന്താരാഷ്ട്ര സാങ്കേതിക വിദഗ്ധരും ഈ ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നു.

അടുത്ത ഫെബ്രുവരി ആദ്യവാരം ഷൂട്ടിംഗ് തുടങ്ങുന്ന മാര്‍ത്താണ്ഡവര്‍മ്മയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. പ്രധാന കഥാപാത്രമായ മാര്‍ത്താണ്ഡവര്‍മ്മക്ക് ജീവന്‍ പകരുന്ന നടനുവേണ്ടിയുള്ള അന്വേഷണത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.

ചലച്ചിത്രവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക്: സുമേഷ് രാമന്‍കുട്ടി9744538941