പഠിച്ചു പഠിച്ചു താഴോട്ടാണെന്ന് തെളിയിക്കുന്ന ഒരു കുട്ടിയെപ്പോലെ 2010ലും മലയാള സിനിമയുടെ വളര്‍ച്ച പടവലങ്ങയുടേതുപോലെ തന്നെ. എണ്‍പത്തിയെട്ട് ചിത്രങ്ങളാണ് 2010ന്റെ കലണ്ടറില്‍ മലയാളത്തിലേതായി രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഇതോടൊപ്പം എട്ട് ഡബ്ബിങ് സിനിമകളും തിയേറ്ററുകളിലെത്തി. സിനിമയുടെ എണ്ണത്തില്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിലും സിനിമ ബജറ്റ് കൂടുന്നതിലും മലയാള സിനിമ അന്നന്ന് പുരോഗതി പ്രാപിക്കുകയാണ്. എന്നാല്‍ ഇക്കൂട്ടത്തില്‍ വിജയിക്കുന്നതാവട്ടെ വിരലിലെണ്ണാവുന്ന കുറച്ചു ചിത്രങ്ങളും.

പത്തുമുപ്പതു താരങ്ങളെയും രണ്ടുമൂന്ന് തട്ടുപൊളിപ്പന്‍ പാട്ടും കുറച്ച് സ്റ്റണ്ട് സീനുകളും കൂടിയാല്‍ ഒരു മലയാള സിനിമയായി എന്നു പറയേണ്ട നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഇതിനിടയ്ക്ക് കുറച്ച നല്ല ചിത്രങ്ങളും.

പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ്, ശിക്കാര്‍, മലര്‍വാടി ആര്‍ട്‌സ് ക്ലബ്, ഹാപ്പി ഹസ്ബന്‍സ്, മമ്മി ആന്റ് മി തുടങ്ങിയ ചിത്രങ്ങള്‍ക്കു മാത്രമാണ് 2010ല്‍ കുറച്ചെങ്കിലും പിടിച്ചുനില്‍ക്കാനായത്.

ഫാന്‍സിനെ സന്തോഷിപ്പിക്കാന്‍ വേണ്ടി സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയെയും അഭിനവ സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജിനെയും ഉള്‍പ്പെടുത്തി വൈശാഖ് ഒരുക്കിയ പോക്കിരിരാജ ഈ വര്‍ഷത്തെ ഹിറ്റുകളില്‍ ഒന്നാം സ്ഥാനത്താണ്. പ്രമേയപരമായും സാങ്കേതിക പരമായും ഒന്നും ചൂണ്ടിക്കാണിക്കാനില്ലെങ്കിലും താരമേധാവിത്വത്തെ വാഴ്ത്തുന്ന ഒരു കൂട്ടം പ്രേക്ഷകര്‍ ഈ ചിത്രത്തെ വിജയിപ്പിച്ചു. നാലരക്കോടി മുതല്‍ മുടക്കില്‍ നിര്‍മിച്ച ശിക്കാറാണ് ഇത്തവണത്തെ മറ്റൊരു ബോക്‌സ് ഓഫീസ് ഹിറ്റ്. തൂടക്കത്തില്‍ റെക്കോഡ് കളക്ഷന്‍ നേടിയ ശിക്കാറിന് ഒടുക്കം വരെ ഈ റേഞ്ച് നിലനിര്‍ത്താനായില്ല.

കാര്യസ്ഥന്‍, ബോഡിഗാഡ്, കഥ തുടരുന്നു, അപൂര്‍വരാഗം, കോക് ടെയില്‍, ആഗതന്‍, എല്‍സമ്മ എന്ന ആണ്‍കുട്ടി, അന്‍വര്‍ തുടങ്ങിയ ചിത്രങ്ങള്‍ ആശ്വാസ വിജയം നേടി.
അടുത്ത പേജില്‍ തുടരുന്നു