നന്ദനം, തിരക്കഥ എന്നീ ചിത്രങ്ങള്‍ക്കു ശേഷം രഞ്ജിത്തും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണ് ഇന്ത്യന്‍ റുപ്പി. പണത്തിനു വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത, പണമാണ് സര്‍വം എന്നു കരുതുന്ന ഇന്നത്തെ ചെറുപ്പക്കാരുടെ കഥയാണിത്. യശോദ ടീച്ചറിന്റെ മകന്‍ ജയപ്രകാശ് എന്ന ജെപിയുടെ ജീവിതത്തിലൂടെയാണ് ഇന്ത്യന്‍ റുപ്പി ക്യാമറ ചലിപ്പിക്കുന്നത്.

നായകകഥാപാത്രമായ ജയപ്രകാശ് മൂന്നുലക്ഷംരൂപ അമ്മയുടെ അടുത്തുനിന്ന് കടംവാങ്ങിയിരുന്നു. അനിയത്തിയുടെ വിവാഹത്തിനായി അമ്മ കാശ് തിരിച്ചുചോദിക്കുന്നു. ഇതാണ് തുടക്കത്തില്‍ ജയപ്രകാശ് നേരിടുന്ന പ്രശ്‌നം. പതുക്കെ പതുക്കെ ഈ കടം വര്‍ധിക്കുന്നു. കൈയിലുള്ള ചൂണ്ടയ്ക്കനുസരിച്ച് ഇര കോര്‍ക്കാനും മീന്‍പിടിക്കാനും ശ്രമിച്ചിട്ടില്ലെങ്കില്‍ വലിയ വിപത്തുകള്‍ തേടിയെത്തും എന്നു പറയുന്ന നിലയിലേക്കാണ് അവന്‍ പതിയെ വീണത്.

ജയപ്രകാശ് ചുറ്റും കാണുന്നത് ലക്ഷങ്ങളുടെയും കോടികളുടെയും ബിസിനസ്സാണ്. പണത്തിന്റെ ഒഴുക്കാണ്. ഇന്ത്യന്‍ കറന്‍സി എറിഞ്ഞു കളിക്കുന്ന ഒരു ലോകത്തിന്റെ കോണില്‍ നിന്ന് അത് കാണുകയായിരുന്നു അവന്‍. തുടര്‍ന്ന് ഒരു റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കറായി ജീവിതം തുടങ്ങിയ ജയപ്രകാശ് അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍, അവന്റെ പരിചിതവലയത്തിലെ പല കാര്യങ്ങള്‍ അതാണ് ‘ഇന്ത്യന്‍ റുപ്പി’യിലൂടെ സ്‌ക്രീനിലെത്തുന്നത്.

ജയപ്രകാശായി പൃഥ്വിരാജ് വേഷമിടുന്നു. റീമ കല്ലിങ്ങലാണ് നായിക. തിലകന്‍, ജഗതി ശ്രീകുമാര്‍, ലാലു അലക്‌സ്, ബാബുരാജ്, സുരേഷ് കൃഷ്ണ, മധുപാല്‍, ബാബു നമ്പൂതിരി, കല്പന, സീനത്ത്, ശ്രീലത, മല്ലിക തുടങ്ങിയവര്‍ അഭിനയിക്കുന്നു. ആസിഫ് അലി, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ അതിഥിതാരങ്ങളായി എത്തുന്നു.

സന്തോഷ് ശിവന്‍, പൃഥ്വിരാജ്, ഷാജി നടേശന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. എസ് കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. മുല്ലനേഴി, പി ആര്‍ സന്തോഷ് എന്നിവരുടെ വരികള്‍ക്ക് ഷഹബാസ് അമന്‍ സംഗീതം പകരുന്നു.