Categories
boby-chemmannur  

ഗ്രാന്റ് മാസ്റ്റര്‍ മോഷണമോ?

ഹോളിവുഡ്, ബോളിവുഡ് സിനിമകളില്‍ നിന്നും മോഷ്ടിച്ചാണ് മലയാളത്തില്‍ സിനിമകളുണ്ടാക്കുന്നതെന്ന ആരോപണം അടുത്തിടെയായി ശക്തമാവുന്നുണ്ട്. ദിവസവും നിരവധി മോഷണക്കഥകളാണ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെ ദിവസവും നമുക്ക് മുന്നിലെത്തുന്നത്. മോഹന്‍ലാല്‍ നായകനാകുന്ന ഗ്രാന്റ് മാസ്റ്ററുമായി ബന്ധപ്പെട്ടാണ് പുതിയ വാര്‍ത്ത ഉയര്‍ന്നിരിക്കുന്നത്.

‘ഗ്രാന്റ് മാസ്റ്ററി’ന് ഹോളിവുഡ് ചിത്രമായ ‘ടേക്കണോ’ട് വളരെയേറെ സാമ്യമെന്ന് സിനിമാ സംസാരം. 2008 ല്‍ പുറത്തു വന്ന ഹോളിവുഡ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ടേക്കണ്‍. പീരേ മോറല്‍ ആയിരുന്നു ‘ടേക്കണി’ന്റെ സംവിധായകന്‍.

സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി ഉദ്യോഗസ്ഥനായ കഥാനായകന്റെ മകള്‍ ഒരു വന്‍കിട അന്താരാഷ്ട്ര പെണ്‍വാണിഭ സംഘത്തിന്റെ പിടിയിലാവുന്നതും തുടര്‍ന്ന് അവളുടെ പിതാവായ കഥാനായകന്‍ അതിസാഹസികമായി മകളെ രക്ഷിക്കുന്നതുമായിരുന്നു ടേക്കണിന്റെ കഥാതന്തു. ശ്വാസമടക്കിപ്പിടിച്ചിരുന്നു മാത്രം കാണാനാവുന്ന ആക്ഷന്‍ രംഗങ്ങളായിരുന്നു ഈ ഹോളിവുഡ് ആക്ഷന്‍ ത്രില്ലര്‍. ഭാര്യയുമായി പിരിഞ്ഞു കഴിയുന്ന ആളാണ് ടേക്കണിലെ കഥാനായകന്‍. ഗായികയാവാന്‍ കൊതിക്കുന്ന മകളും ഭാര്യയ്‌ക്കൊപ്പമാണ്.

തന്റെ ഔദ്യോഗിക കൃത്യ നിര്‍വഹണത്തിനിടെ കുടുംബത്തിനൊപ്പം അധികസമയം ചിലവഴിക്കാന്‍ കഴിയാത്തതു മൂലം ഭാര്യയുമായി ഉണ്ടായ സ്വരച്ചേര്‍ച്ചയില്ലായ്മയാണ് ടേക്കണിലെ കഥാനായകന്റെ ദാമ്പത്യ ബന്ധം വഴിപിരിയാന്‍ കാരണം. എന്നാല്‍, കഥാന്ത്യത്തില്‍ അദ്ദേഹം മകളെ അതിസാഹസികമായി രക്ഷപ്പെടുത്തുന്നതോടെ ഭാര്യ എല്ലാം മറന്ന് തിരിച്ചു വരികയും അച്ഛനും അമ്മയും മകളും ഒരുമിക്കുകയും ചെയ്യുന്നു.

പോലീസ് ഉദ്യോഗസ്ഥന്‍ ഐ.ജി ചന്ദ്രശേഖരനായാണ് ഗ്രാന്റ്മാസ്റ്ററില്‍ മോഹന്‍ലാല്‍ എത്തുന്നത്. ക്രിമിനല്‍ വക്കിലായ ദീപ്തിയാണ് ഭാര്യ. പലപ്പോഴും ദീപ്തിക്ക് ചന്ദ്രശേഖരനെ ക്രോസ് വിസ്താരം ചെയ്യേണ്ടി വന്നിട്ടുണ്ട്. പക്ഷെ ഇതെല്ലാം ഔദ്യോഗികമായ കാര്യങ്ങളായി മാത്രമേ ഈ ദമ്പതികള്‍ കാണാറുള്ളൂ. എന്നാല്‍ ഇടയ്ക്ക് ചന്ദ്രശേഖരന്റെ വ്യക്തി ജീവിതത്തില്‍ ചില പ്രശ്‌നങ്ങളുണ്ടാവുന്നു. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ മൂലം സ്വന്തം കര്‍ത്തവ്യങ്ങള്‍ നിറവേറ്റുന്നതില്‍ അലസത കാണിച്ചിരിക്കുന്ന അദ്ദേഹം പിന്നീട് വര്‍ദ്ധിത വീര്യത്തോടെ കര്‍മ്മ നിരതനായി കളത്തിലിറങ്ങുകയാണ്.

ചിലര്‍ താനറിയാതെ തന്റെ ജീവിതത്തിന്റെ ചതുരംഗപ്പലകയില്‍ കരുക്കള്‍ നീക്കിത്തുടങ്ങിയപ്പോഴായിരുന്നു കഥാനായകനിലെ പോലീസ് വീര്യം ഉണര്‍ന്നത്. ഇവിടം മുതലാണ് ഗ്രാന്റ് മാസ്റ്റര്‍ സംഭ്രമജനകമാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഗ്രാന്റ് മാസ്റ്ററില്‍ മോഹന്‍ലാലിന്റെ ക്രിമിനല്‍ ലോയറായ ഭാര്യയായി പ്രിയാമണിയാണ് അഭിനയിക്കുന്നത്. ടേക്കണില്‍ മകളുടെ കഥാപാത്രത്തിനായിരുന്നു പ്രാധാന്യമെങ്കില്‍ ഗ്രാന്റ് മാസ്റ്ററില്‍ ഭാര്യയ്ക്കാണ് പ്രാധാന്യം. ഇങ്ങനെ ചില ചില്ലറ വ്യത്യാസങ്ങള്‍ വരുത്തി ടേക്കണല്ല ഗ്രാന്റ് മാസ്റ്റര്‍ എന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമത്തിലാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ എന്നാണ് ചില പാപ്പരാസികള്‍ പറയുന്നത്.

നരേന്‍, അനൂപ് മേനോന്‍, ബാബു ആന്റണി, ജഗതി, സിദ്ദിഖ്, റോമ, മിത്രാ കുര്യന്‍, റിയാസ് ഖാന്‍, ദേവന്‍, ശ്രീലക്ഷ്മി എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. ദീപക് ദേവാണ് ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

ഗ്രാന്റ് മാസ്റ്റര്‍ ഈ ഏപ്രിലില്‍ തീയേറ്ററുകളിലെത്തുമെന്നാണറിയുന്നത്. യു.ടി.വി. മോഷന്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ റോണി സ്‌ക്രൂവാലയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

Malayalam news

Kerala news in English

Tagged with: | |


ചുംബനം നിരോധിക്കപ്പെടുന്നിടത്ത് ചുംബനമല്ലാതെ മറ്റെന്ത് സമരം?


"നിന്നുകൊണ്ട് സമരം ചെയ്യേണ്ടതിന്റെയും ഇരിക്കല്‍ സമരത്തിന്റെയും അഥവാ ഇരിക്കാന്‍ പോലും സമരം ചെയ്യേണ്ടതിന്റെയും അനിവാര്യമായ ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. മാറുമറയ്ക്കാന്‍ പാടില്ല എന്ന് വ്യക്തികളോട് പറയുന്ന ഒരു സമൂഹത്തില്‍ മാറുമറയ്ക്കലാണ് സമരം. ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാന്‍ പാടില്ല, പരസ്പരം തൊടാന്‍ പോലും പാടില്ല എന്ന് പറയുന്ന ജാത്യാധിഷ്ഠിതമായ സമൂഹത്തിലാണ് പന്തീഭോജനത്തിന്റെ പ്രസക്തി. പന്തിഭോജനം സമരരൂപമല്ല എന്ന് ആര്‍ക്കെങ്കിലും പറയാനാവുമോ? അമ്പലത്തില്‍ കയറാന്‍ പാടില്ല എന്ന് പറയുമ്പോള്‍ അവിടെ  പോയി മണിയടിച്ച് കയറിയിട്ടേ എന്തെങ്കിലും അവകാശം നേടിയെടുക്കാനാവൂ....... പ്രശ്‌നം നിങ്ങള്‍ക്ക് ഉമ്മവെയ്ക്കാന്‍ കഴിയുന്ന നിങ്ങളുടെ ഉമ്മ സ്വീകരിക്കാന്‍ തയ്യാറുള്ള മറ്റൊരു വ്യക്തിയെ നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയുന്നില്ല എന്നുള്ളിടത്താണ്. ഒരു മനുഷ്യനെ പോലും സ്‌നേഹത്തോടെ ഉമ്മവെയ്ക്കാന്‍ സാധിക്കാത്ത ആളുകളാണ് 'എന്നാല്‍ എനിക്ക് ഉമ്മ കിട്ടോ?'എന്നൊക്കെ പറഞ്ഞുകൊണ്ട് വരുന്നത്. ഇവര്‍ കരുതുന്നത് റേഷന്‍ കടവഴി ഉമ്മകള്‍ ഇവിടെ വിതരണം ചെയ്യുന്നു എന്നാണ്."  ഹസ്‌ന ഷാഹിതയുമായുള്ള ദീര്‍ഘ സംഭാഷണം...


 

ഷഫീക്ക് എച്ച്


പ്രണയിക്കാനും സ്‌നേഹിക്കാനും വേണ്ടി സമരം ചെയ്യേണ്ടിവരുന്ന ഒരു ഗതികേടിലേയ്ക്ക് എത്തി നില്‍ക്കുകയാണ് കേരളം. ഇത് ഗതികേടായിരിക്കുമ്പോള്‍ തന്നെ ഇത്തരമൊരു സമരം പ്രതീക്ഷാനിര്‍ഭരം കൂടിയാണ്. സദാചാര പോലീസുകാര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗുണ്ടകളുടെ ആക്രമണത്തില്‍ മുട്ടുകുത്താന്‍ തയ്യാറല്ല ഇവിടുത്തെ പ്രണയയൗവ്വനം എന്ന് ഇത് തെളിയിക്കുന്നു. കോഴിക്കോട് നഗരഹൃദയത്തിലെ ഒരു ഹോട്ടലില്‍ കമിതാക്കള്‍ ചുംബനങ്ങള്‍ കൈമാറുന്നു എന്നാരോപിച്ചുകൊണ്ട് സാക്ഷാല്‍ യുവമോര്‍ച്ചക്കാര്‍ അടിച്ചുതകര്‍ത്തത് കേരളത്തിലെ മനുഷ്യരിലെ ആര്‍ദ്രഹൃദയങ്ങളെ ഒട്ട് നടുക്കിയിട്ടുണ്ട്. ഈ ഫാസിസത്തിനോടുള്ള കലഹത്തില്‍നിന്നാണ് എറണാകുളത്ത് വരാനിരിക്കുന്ന ചുംബന സമരത്തിന്റെ പ്രാരംഭചിന്തകള്‍ തുടങ്ങുന്നത്. നമ്മുടെ സാഹിത്യവും സിനിമകളും കലകളും എല്ലാം ചുംബനത്തെയും പ്രണയത്തെയും സ്‌നേഹത്തേയും പാടിപ്പുകഴ്ത്തുമ്പോള്‍ സദാചാരപ്പോലീസുകാരെന്ന ഫാസിസ്റ്റുകള്‍ അത്തരം എല്ലാ നന്മമുകുളങ്ങളെയും നുള്ളിക്കളയാനായി രംഗപ്രവേശം ചെയ്യുന്നു. ഇതിനോട് കലഹിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഹസ്‌ന പറയുന്ന പോലെ ഫാസിസം പടിവാതില്‍ക്കല്‍ വന്നിരിക്കുന്നു. സ്‌നേഹവും ചുംബനവും പ്രണയവും പരസ്പരം കൈമാറുന്നവരെയും ഉഭയകക്ഷിസമ്മതപ്രകാരമുള്ള ലൈംഗികതയെയും അറുത്തിടാന്‍ വെമ്പല്‍ കൊള്ളുന്ന ഒരു ഫാസിസ്റ്റ് ഭാവികാലത്തിന്റെ ഭീതിതമായ നടുക്കങ്ങളുടെ പശ്ചാത്തലത്തിലാണ് ഞങ്ങള്‍ ഈ ദീര്‍ഘസംഭാഷണം മനുഷ്യാവകാശപ്രവര്‍ത്തകയും എസ്.എഫ്.ഐ എം.ജി.സര്‍വ്വകലാശാല സിന്‍ഡിക്കേറ്റഗംകൂടിയായ ഹസ്‌ന ഷാഹിന ജിപ്‌സിയുമായി നടത്തുന്നത്... എറണാകുളത്ത് നവംബര്‍ 2ന് നടക്കുന്ന 'കിസ് ഓഫ് ലവ്' എന്ന പരിപാടിയുമായി എങ്ങനെയാണ് ഹസ്‌ന ബന്ധപ്പെടുന്നത്? ഈ പരിപാടിയുമായി എനിക്കുള്ള ബന്ധം ഫേസ്ബുക്കില്‍ ഒരു ഇവന്റില്‍ 'ഗോയിങ്' ക്ലിക്ക് ചെയ്തു എന്നത് മാത്രമാണ്. ഫേസ്ബുക്കില്‍ അടുത്തകാലത്തായി എന്റെ ടൈം ലൈനില്‍ 'കിസ് ഓഫ് ലവ്' എന്ന പേരില്‍ ഒരു ഇവന്റില്‍ ക്ഷണിക്കപ്പെട്ടിരുന്നു. അതിന്റെ കൗതുകം കൊണ്ടും രാഷ്ട്രീയം കൊണ്ടുമാണ് സ്വാഭാവികമായി അതിനെ പിന്തുണയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചത്. കോഴിക്കോട് നടന്ന യുവമോര്‍ച്ചയുടെ സദാചാര പോലീസിങ്ങിനെതിരെ ആളുകള്‍ രംഗത്തുവരുന്നു. ആക്രമണത്തിന് വിധേയമായ ഹോട്ടലിന് എല്ലാരും പിന്തുണ പ്രഖ്യാപിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ഇങ്ങനൊരു ഇവന്റ് പ്രത്യക്ഷപ്പെടുന്നത്. ഞാന്‍ അതിന് ഗോയിങ് അടിച്ചു. തുടര്‍ന്നാണ് റിപ്പോര്‍ട്ടര്‍ ചാനലില്‍ നിന്നും സദാചാര പോലീസിങ്-ചുംബന സമരം എന്നിവയുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. അപ്പോള്‍ ഞാന്‍ അവരോട് പറഞ്ഞു; 'ഞാന്‍ ഇതിന്റെ സംഘാടകയല്ല, എനിക്കവരെ അറിയില്ല. എനിക്ക് സംഘാടകരുടെ രാഷ്ട്രീയം അറിയില്ല. സദാചാര പോലീസിങ്ങിനെതിരെ ഒരു പ്രതിരോധം എന്ന നിലയിലാണ് ആ ഇവന്റിനെ ഞാന്‍ കണ്ടത്. അതുകൊണ്ടാണ് അതിനോട് ഐക്യദാര്‍ഢ്യം തോന്നിയത്. അല്ലാതെ സംഘാടകര്‍ എന്നെ ക്ഷണിച്ചിട്ടല്ല. എനിക്കറിയാത്ത ഒരു പ്രോഗ്രാമിനെ കുറിച്ച് ഞാന്‍ സംസാരിക്കാന്‍ പോകുന്നത് പരിപാടിയെ ഹൈജാക്ക് ചെയ്യുന്നതിന് തുല്യമായി വ്യഖ്യാനിക്കപ്പെടും. അതുകൊണ്ട് ഞാന്‍ പങ്കെടുക്കുന്നില്ല.'

ചുംബന സമരത്തെ സപ്പോര്‍ട്ട ചെയ്യുക എന്നുള്ളത് സദാചാര പോലീസിങ് വിഷയത്തിലുള്ള എന്റെ നിലപാടിന്റെ ഭാഗമാണ്. സദാചാര പോലീസിങ്ങിനെതിരെ നിലപാടെടുക്കുന്ന എന്നെ പോലുള്ള ഒരു വ്യക്തിക്ക് രണ്ട് വ്യക്തികള്‍ തമ്മില്‍ പരസ്പരം നടത്തുന്ന ചുംബനത്തിനെതിരെ എങ്ങനെയാണ് നിലപാടെടുക്കാനാവുക?


എന്നാല്‍ സദാചാര പോലീസിങ്-ചുംബന സമരം എന്നീ വിഷയവുമായി ബന്ധപ്പെട്ട് സംസാരിക്കാന്‍ അവര്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ റിപ്പോര്‍ട്ടര്‍ ചാനലില്‍ എത്തിയത്. അന്നവിടെ ചര്‍ച്ച കേവലം ചുംബന വിഷയത്തില്‍ മാത്രം കേന്ദ്രീകരിക്കപ്പെട്ടായിരുന്നു. കോഴിക്കോട്  വിഷയത്തിലേയ്ക്ക് ചര്‍ച്ചയെ കൊണ്ടുവരാന്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരൊക്കെ തന്നെ ശ്രമിക്കുമ്പോഴും ചാനല്‍ ശ്രമിച്ചത് ചുംബന സമരത്തില്‍ അതിനെ കേന്ദ്രീകരിക്കാനാണ്. സ്വാഭാവികമായി ചുംബനത്തില്‍ ചര്‍ച്ച കേന്ദ്രീകരിക്കുന്നു. ചുംബന സമരത്തോട് എനിക്ക് എതിര്‍പ്പൊന്നും തോന്നേണ്ട കാര്യമില്ല. ഞാന്‍ ചുംബന സമരത്തെ സപ്പോര്‍ട്ട് ചെയ്യുന്നു. ഞാന്‍ മനസിലാക്കിയിടത്തോളം ചുംബനസമരമെന്ന് പറയുന്നത്; മനുഷ്യന് സ്‌നേഹം പ്രകടിപ്പിക്കാനുള്ള ഒരു ഉപാധിയാണ് ചുംബനം, അത് ലൈംഗികതയുടെ താക്കോലല്ല. അതായത് ഒരാള്‍ ഉമ്മവെച്ചിട്ട് അടുത്തപടി ലൈംഗികതയിലേക്ക് കടക്കുക എന്നതല്ല. അതൊരു സൗഹൃദത്തിന്റെയോ ഒരാളെ അഭിവാദ്യം ചെയ്യുന്നതിന്റെയോ പ്രത്യഭിവാദ്യം ചെയ്യുന്നതിന്റെയോ ഒക്കെ ലക്ഷണമാണ്. അതുകൊണ്ട് തന്നെ ചുംബന സമരത്തെ സപ്പോര്‍ട്ട ചെയ്യുക എന്നുള്ളത് സദാചാര പോലീസിങ് വിഷയത്തിലുള്ള എന്റെ നിലപാടിന്റെ ഭാഗമാണ്. സദാചാര പോലീസിങ്ങിനെതിരെ നിലപാടെടുക്കുന്ന എന്നെ പോലുള്ള ഒരു വ്യക്തിക്ക് രണ്ട് വ്യക്തികള്‍ തമ്മില്‍ പരസ്പരം നടത്തുന്ന ചുംബനത്തിനെതിരെ എങ്ങനെയാണ് നിലപാടെടുക്കാനാവുക? രണ്ടുപേര്‍ ചുംബിക്കുന്നത് മൂന്നാമതൊരാളെ അലോസരപ്പെടുത്തേണ്ടതില്ല. ആ ഒരു കോണ്ടക്‌സ്റ്റില്‍ നിന്നുകൊണ്ടാണ് ഞാന്‍ ചുംബന സമരത്തെ സപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഞാന്‍ ചുംബന സമരത്തിന്റെ സംഘാടകയോ, അതിന്റെ ആലോചനായോഗത്തില്‍ പോലും പങ്കാളിയോ അല്ല.

അടുത്ത പേജില്‍ തുടരുന്നു

സി.പി.ഐ പെയ്‌മെന്റ് സീറ്റ് വിവാദം: ലോകായുക്ത അമിക്കസ്‌ക്യൂറിയെ നിയമിച്ചു

തിരുവനന്തപുരം: സി.പി.ഐ പെയ്‌മെന്റ് സീറ്റ് വിവാദത്തില്‍ ലോകായുക്ത അമിക്കസ്‌ക്യൂറിയെ നിയമിച്ചു. ഹൈക്കോടതി അഭിഭാഷകനായ ജെ.ഹരികുമാറിനെയാണ് അമിക്കസ്‌ക്യൂറിയായി നിയമിച്ചിരിക്കുന്നത്. കേസിലെ നിയമ വശങ്ങളില്‍ കോടതിയെ സഹായിക്കുന്നതിന് വേണ്ടിയാണ് അമിക്കസ്‌ക്യൂറിയെ നിയമിച്ചത്. ലോകസഭാ തിരഞ്ഞെടുപ്പിലെ പെയ്‌മെന്റ് സീറ്റ് വിവാദത്തില്‍ സി. ദിവാകരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ സി.പി.ഐ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. തിരവനന്തപുരം സ്വദേശി ഷംസാദിന്റെ ഹര്‍ജിയിലാണ് പെയ്‌മെന്റ് സീറ്റ് അന്വേഷിക്കാന്‍ ലോകായുക്ത ഉത്തരവിട്ടിരുന്നത്. സി.പി.ഐ സ്ഥാനാര്‍ത്ഥിയായിരുന്ന ബെനറ്റ് എബ്രഹാം ഒരു കോടി രൂപ കോഴ നല്‍കിയെന്ന ആരോപണവും മണ്ഡലത്തിലെ തോല്‍വിയും അന്വേഷിക്കാന്‍ പാര്‍ട്ടി കമ്മീഷനെ നിയോഗിച്ചിരുന്നു. സി. ദിവാകരനെക്കൂടാതെ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമായിരുന്ന രാമചന്ദ്രന്‍ നായര്‍, ജില്ലാ സെക്രട്ടറിയായിരുന്ന വെഞ്ഞാറാമൂട് ശശി എന്നിവര്‍ക്കെതിരെയും നേതൃത്വം അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.

മോഹന്‍ലാലിനും മഞ്ജുവിനും ഒപ്പം റീനു മാത്യൂസ്

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ 'ഇമ്മാനുവല്‍' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ റീനു മാത്യൂസ് വളരെ പെട്ടെന്നാണ് മലയാളികളുടെ മനസ്സ് കീഴടക്കിയത്. 'അഞ്ച് സുന്ദരികള്‍', 'പ്രൈസ് ദ ലോര്‍ഡ്', 'സപ്തമ ശ്രീ തസ്‌കര' എന്നിങ്ങനെ റീനു നായികയായ എല്ലാ ചിത്രങ്ങളും പ്രേക്ഷകര്‍ സ്വീകരിച്ചു. ഇപ്പോഴിതാ സൂപ്പര്‍ താരം മോഹന്‍ലാലിനൊപ്പം പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് റീനു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശക്തമായ കഥാപാത്രവുമായാണ് റീനു എത്തുന്നത്. മഞ്ജു വാര്യരാണ് സിനിമയിലെ നായിക. വളരെ പ്രാധാന്യമേറിയ വേഷമാണ് ചിത്രത്തില്‍ റീനു അവതരിപ്പിക്കുന്നതെന്നും ഡിസംബര്‍ 10 മുതല്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും സംവിധായകന്‍ സത്യന്‍ അന്തിക്കാട് പറഞ്ഞു. നടന്‍ രവീന്ദ്രന്റെ കഥക്ക് രഞ്ജന്‍ പ്രമോദ് തിരക്കഥ എഴുതുന്ന ചിത്രത്തിന് ഇതുവരെ പേര് ഇട്ടിട്ടില്ല. റഫീഖ് അഹമ്മദ് ഗാനരചന നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ വിദ്യാസാഗര്‍ സംഗീതം നല്‍കുന്നു. ആശിര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് സമീര്‍ താഹിറാണ്. നീണ്ട ഇടവേളക്ക് ശേഷം മഞ്ജു വാര്യരും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

വാറന്‍ ആന്‍ഡേഴ്‌സണ്‍ അന്തരിച്ചു

ഫ്‌ളോറിഡ: വാറന്‍ ആന്‍ഡേഴ്‌സണ്‍ അന്തരിച്ചു. ഭോപ്പാല്‍ ദുരന്തത്തിന് കാരണമായ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ മുന്‍ മേധാവിയായിരുന്നു അദ്ദേഹം. ഫ്‌ളോറിഡയിലെ ആശുപത്രിയില്‍ വച്ച് സെപ്തംബര്‍ 29 നായിരുന്നു മരണം. 92 വയസായിരുന്നു. ദീര്‍ഘകാലമായി വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് വിശ്രമ ജീവിതം നയിക്കുകയായിരുന്നു. മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ കുടുംബം ഇതുവരെ പ്രതികരിച്ചിട്ടില്ല. 1921 നവംബര്‍ 29 നായിരുന്നു അമേരിക്കന്‍ ബിസിനസുകാരനായിരുന്ന ആന്‍ഡേഴ്‌സണിന്റെ ജനനം. 1984 ല്‍ ഭോപ്പാല്‍ ദുരന്തം നടക്കുമ്പോള്‍ അദ്ദേഹമായിരുന്നു കമ്പനിയുടെ സി.ഇ.ഒ. 3787 പേരാണ് ദുരന്തത്തില്‍ മരണപ്പെട്ടിരുന്നത്. ആയിരക്കണക്കിന് പേരെ ദുരന്തം ബാധിക്കുകയും ചെയ്തിരുന്നു. ദുരന്തത്തെത്തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് രക്ഷപ്പെട്ട ആന്‍ഡേഴ്‌സണെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ രേഖകളില്‍ നിന്ന് ലഭിച്ച വിവരങ്ങില്‍ നിന്നുമാണ് ഇദ്ദേഹം മരിച്ച വിവരം സ്ഥിരീകരിച്ചിരിക്കുന്നത്. ന്യൂയോര്‍ക്ക് ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1986 ല്‍ വിരമിക്കുന്നതുവരെ അദ്ദേഹമായിരുന്നു യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ സി.ഇ.ഒ. ആന്‍ഡേഴ്‌സണിന്റെ ചിലവ് ചുരുക്കല്‍ നടപടികളാണ് ഭോപ്പാല്‍ ദുരന്തത്തിന് കാരണം എന്ന് വിമര്‍ശനമുണ്ടായിരുന്നു. ദുരന്തത്തെത്തുടര്‍ന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ജാമ്യത്തിലിറങ്ങി രാജ്യം വിടുകയായിരുന്നു. അതോടെയാണ് അദ്ദേഹത്തെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.