സമൂഹത്തിലെ പച്ചയായ യാഥാര്‍ത്ഥ്യങ്ങളെ സംവിധാന മികവിലൂടെ എടുത്തു കാണിക്കുന്നതില്‍ വീണ്ടും വിജയിച്ചിരിക്കുകയാണ് കമല്‍ തന്റെ ഗദ്ദാമ എന്ന ചിത്രത്തിലൂടെ. വിവാഹത്തിനും അതിനു ശേഷമുണ്ടായ വിവാദങ്ങള്‍ക്കും ശേഷം കാവ്യാമാധവന്റെ ശക്തമായ ഒരു തിരിച്ചു വരവും കൂടിയാണ് ഈ ചിത്രം.

ഇന്ത്യന്‍ സ്ത്രീകള്‍ക്ക് ഗള്‍ഫില്‍ നേരിടേണ്ടിവരുന്ന വിഷമതകളുടെ ആവിഷ്‌കരണമാണ് ഗദ്ദാമ. ശക്തമായ തിരക്കഥയാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. സംവിധായകന്‍ കമലും, ഗിരീഷ് കുമാറും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.

ഭര്‍ത്താവിന്റെ (ബിജു മേനോന്‍) മരണശേഷമുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നിന്നും കരകയറാനായി ഗള്‍ഫില്‍ എത്തിച്ചേര്‍ന്ന അശ്വതി എന്ന പെണ്‍കുട്ടിയെ തന്‍മയിത്തത്തോടെ അവതരിപ്പിക്കാന്‍ കാവ്യയ്ക്ക് ഈ ചിത്രത്തിലൂടെ സാധിച്ചിട്ടുണ്ട്.

ബന്ധുവായ ഉസ്മാന്‍ (സുരാജ് വെഞ്ഞാറമൂട്)ആണ് അശ്വതിയ്ക്ക് ഗള്‍ഫില്‍ ജോലി ശരിയാക്കി കൊടുത്തത്. താന്‍ ഡ്രൈവറായി ജോലി ചെയ്യുന്ന വീട്ടില്‍ തന്നെ അശ്വതിയ്ക്കും ഒരു ജോലി ശരിയാക്കി നല്‍കാന്‍ ഉസ്മാന് സാധിച്ചു. എന്നാല്‍ വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ മുതല്‍ തന്നെ അശ്വതിയ്ക്ക് വിഷമതകള്‍ നേരിടേണ്ടി വരികയാണ്. ഒന്നര ദിവസത്തോളം വിമാനത്താവളത്തില്‍ കാത്തിരുന്നിട്ടും അശ്വതിയെ കൊണ്ടുപോകാന്‍ സ്‌പോണ്‍സര്‍മാര്‍ എത്തിയില്ല.

അന്ന് ആരംഭിച്ച ശാരീരികമായും മാനസികമായുമുള്ള പീഢനങ്ങള്‍ അശ്വതിയുടെ ജോലിയിലുടനീളം തുടരുകയായിരുന്നു. തുടര്‍ന്ന് ഏറെ സങ്കീര്‍ണ്ണതകളിലൂടെ കടന്നു പോകുന്ന ചിത്രത്തില്‍, ശ്രീനിവാസന്റെ റസാക്ക് എന്ന കാഥാപാത്രം അല്‍പം വയലന്‍സ് കൂടി കൊണ്ടു വരുന്നു.

നിശബ്ദയായി തന്റെ കഷ്ടതകളെല്ലാം സഹിക്കുന്ന കഥാപാത്രമായാണ് കാവ്യ മാധവന്‍ കഥയിലുടനീളം എത്തുന്നത്. വല്ലപ്പോഴും മുഖത്ത് മിന്നി മാഞ്ഞു പോകുന്ന ഒരു ചിരിയിലൂടെ അശ്വതി തന്റെ സന്തോഷം പ്രകടിപ്പിക്കുന്നു.

കഥാപാത്രങ്ങളുടെ ഭാവവിത്യാസം അണു വിടതെറ്റാതെ ക്യാമറയില്‍ ഒപ്പിയെടുക്കാന്‍ ക്യാമറാമാനായ മനോജ് പിള്ളയ്ക്ക് നിഷ്പ്രയാസം സാധിച്ചു. അറ്റമില്ലാതെ കിടക്കുന്ന മരുഭൂമിയിലെ മണലാരിണ്യങ്ങളും, ഇവിടങ്ങളിലെ നരകതുല്യമായ ജീവിതവും വികാരം ചോര്‍ന്നുപോകാതെ ക്യാമറയില്‍ പകര്‍ത്താന്‍ ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

പെരുമഴക്കാലം എന്ന ചിത്രത്തിലൂടെ ഗള്‍ഫിലെ ജീവിതാവസ്ഥ കമല്‍ ഇതിന് മുമ്പും പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിച്ചിരുന്നു. മരുഭൂമിയിലെ ജീവിതത്തിന്റെ മറ്റൊരു പുറം കൂടി ഗദ്ദാമ എന്ന ചിത്രത്തിലൂടെ കമല്‍ നമുക്ക് കാണിച്ചു തരികയാണ്.