തിരക്കഥാകൃത്ത് കലവൂര്‍ രവികുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഫാദേഴ്‌സ് ഡെയുടെ ചിത്രീകരണം 26ന് ആരംഭിക്കും. കലവൂര്‍ രവികുമാര്‍ . ലാലും രേവതിയുമാണ് പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയുടെ അതിഥിവേഷത്തിലെത്തും.

ഒറ്റയാള്‍ പട്ടാളം, ഇഷ്ടം, മഞ്ഞുപോലൊരു പെണ്‍കുട്ടി, സ്വ.ലേ തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കി ശ്രദ്ധേയനായ ആളാണ് കലവൂര്‍ രവികുമാര്‍. ഒരിടത്തൊരു പുഴയുണ്ട് എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരഭം. ഒരിടവേളയ്ക്ക് ശേഷം ഫാദേഴ്‌സ് ഡെ എന്ന ചിത്രത്തിലൂടെ രവികുമാര്‍ വീണ്ടും സംവിധായക വേഷം അണിയുകയാണ്.

ജീവിതത്തില്‍ തനിച്ചായിപ്പോയ അവിവാഹിതയായ ഇംഗ്ലീഷ് പ്രൊഫസര്‍ സീതാലക്ഷ്മിയാണ് പ്രധാനകഥാപാത്രം. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ച ചില കാര്യങ്ങള്‍ ഒരാള്‍ ഓര്‍മപ്പെടുത്തുന്നതോടെ സീതയുടെ ജീവിതം കീഴ്‌മേല്‍മറിയുന്നു. രേവതിയാണ് സീതാലക്ഷ്മിയുടെ വേഷത്തിലെത്തുന്നത്. ഇവരുട കോളജില്‍ പഠിച്ച ഉഴപ്പനായ ഗവേഷണവിദ്യാര്‍ഥി മാത്തന്റെ വേഷത്തില്‍ ലാല്‍ അഭിനയിക്കുന്നു. സീതാലക്ഷ്മിയുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന കഥാപാത്രങ്ങളായി ശങ്കര്‍, വിജയ് മേനോന്‍ , ഇടവേള ബാബു, സുരേഷ് കൃഷ്ണ എന്നിവരാണ് എത്തുന്നത്.

മിസ് കേരള ഇന്ദു തമ്പി, പുതുമുഖം ഷഹീന്‍, ജഗതി കെ പി എസി ലളിത റീന ബഷീര്‍ തുടങ്ങിയവരും ഫാദേഴ്‌സ് ഡെയിലുണ്ട്.

എസ് ജി രാമന്‍ ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഓ എന്‍ വി, രാജീവ് ആലുങ്കല്‍, ബി ശ്രീരേഖ എന്നിവരാണ് ഗാനരചയിതാക്കള്‍. പൂര്‍ണമായും കണ്ണൂരില്‍ ചിത്രീകരിക്കുന്ന ഫാദേഴ്‌സ് ഡെ ഭരത് സാമുവലാണ് നിര്‍മിക്കുന്നത്.