ഷിബി കെ

ങ്കീര്‍ണമായ സ്ത്രീ പുരുഷ ബന്ധങ്ങളെ അഭ്രപാളികളില്‍ അവതരിപ്പിച്ച ചലച്ചിത്രകാരന്‍ . അയാള്‍ അനുരാഗത്തിന്റെ ആര്‍ദ്രതയെ മലയാളിക്ക് സമ്മാനിച്ചു. ഹൃദയ ബന്ധങ്ങളുടെ വൈകാരികത ഇത്രയേറെ പ്രതിഫലപ്പിച്ച ഒരു സിനിമാ സംവിധായകന്‍ മലയാളത്തില്‍ വേറെയുണ്ടാകില്ല. പത്മരാജന്‍ , ആ പേരില്‍ തന്നെയുണ്ട് അജ്ഞാതമായ ഒരു ആകര്‍ഷണത്വം.

ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്ത് മുതുകുളത്ത് അനന്തപത്മനാഭന്‍ പിളളയുടെയും ദേവകിയമ്മയുടെയും ആറാമത്തെ മകനായി 1945 മെയ് 23ന് പത്മരാജന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസം നാട്ടില്‍ തന്നെയായിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞപ്പോള്‍ തിരുവനന്തപുരം മഹാത്മഗാന്ധി കോളജില്‍ പ്രീ യൂണിവേഴ്‌സ്റ്റിക്കു ചേര്‍ന്നു. തുടര്‍ന്ന് യൂണിവേഴ്‌സിറ്റി കോളജില്‍ നിന്നു രസതന്ത്രത്തില്‍ ബിരുദവും നേടി. കോളജില്‍ പഠിക്കുന്ന കാലത്ത് കഥകളിലേക്കു ശ്രദ്ധ തിരിഞ്ഞു. അക്കാലത്തെ കൗമുദി വാരികയില്‍ കഥ പ്രസിദ്ധീകൃതമായി. ‘ലോല മിസ് ഫോര്‍ഡ് എന്ന അമേരിക്കന്‍ പെണ്‍കിടാവ് എന്ന ആ കഥയായിരുന്നു പത്മരാജന്റെ ആദ്യ കഥ.

ജനപ്രീതിയിലും കലാമൂല്യവും കാത്തുസൂക്ഷിച്ച് സമാന്തര സിനിമകളെക്കുറിച്ച് അന്വേഷിച്ച പ്രതിഭയായിരുന്നു അദ്ദേഹം. വൈവിധ്യങ്ങളായ പ്രമേയങ്ങളെക്കൊണ്ട് അദ്ദേഹം മലയാളികളെ അമ്പരപ്പിച്ചു. 1975ല്‍ പുറത്തിറങ്ങിയ പ്രയാണമാണ് അദ്ദേഹം തിരക്കഥയെഴുതിയ ആദ്യ ചിത്രം. അദ്ദേഹത്തിന്റെ സിനിമകള്‍ നിഗൂഢമായ ഒരു അനുഭവം മലയാളിക്ക് തന്നു. അപൂര്‍വ്വതകള്‍ അന്വേഷിച്ച് കൊണ്ടിരുന്ന അദ്ദേഹത്തിന്റെ ഹൃദയം സിനിമയിലൂടെ പ്രേക്ഷക ഹൃദയങ്ങളെ കൊരുക്കി. സിനിമയിലെ ഒരോ ദൃശ്യത്തിലും കഥാപാത്രങ്ങളുടെ പെരുമാറ്റത്തിലും ഈ നിഗൂഢതയും സങ്കീര്‍ണതയും കൊണ്ട് വരുന്നതില്‍ അദ്ദേഹം വിജയിച്ചു.

ആകാശവാണിയില്‍ ജോലി ചെയ്യവെ തന്നെ പത്മരാജന്‍ എഴുതിയ അപരന്‍, പ്രഹേളിക, പുക, കണ്ണട, തുടങ്ങിയ കൃതികള്‍ പ്രശസ്തങ്ങളായി. 1971 ല്‍ എഴുതിയ ‘നക്ഷത്രങ്ങളെ കാവല്‍’ എന്ന നോവലിന് ഏറ്റവും മികച്ച നോവലിനുള്ള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. ‘വാടകയ്‌ക്കൊരു ഹൃദയം, ‘ഇതാ ഇവിടെ വരെ, ‘ശവവാഹനങ്ങളും തേടി തുടങ്ങിയ നോവലുകള്‍ പ്രസിദ്ധീകരിച്ചു. 1975 ല്‍ ‘പ്രയാണം എന്ന ആദ്യ തിരക്കഥ പൂര്‍ത്തിയായി. ഇതു ഭരതന്‍ ചലചിത്രമാക്കി. തുടര്‍ന്ന് വിവിധ സംവിധായകര്‍ക്കായി നിരവധി തിരക്കഥകള്‍ എഴുതി. ‘ഇതാ ഇവിടെവരെ, ‘രതിനിര്‍വേദം, ‘വാടകയ്ക്ക് ഒരു ഹൃദയം, ‘സത്രത്തില്‍ ഒരു രാത്രി, ‘രാപ്പാടികളുടെ ഗാഥ, ‘നക്ഷത്രങ്ങളെ കാവല്‍, ‘തകര, ‘കൊച്ചു കൊച്ചു തെറ്റുകള്‍, ‘ശാലിനി എന്റെ കൂട്ടുകാരി, ‘ലോറി, ‘കരിമ്പിന്‍ പൂവിന്നക്കരെ, ‘ഒഴിവുകാലം, ‘ഈ തണുത്ത വെളുപ്പാന്‍ കാലത്ത് എന്നിവയായിരുന്നു അവ. പത്മരാജന്റെ തിരക്കഥകള്‍ മലയാള സിനിമയെ സമ്പന്നമാക്കി.

പെരുവഴിയമ്പലം എന്ന സ്വന്തം നോവല്‍ സിനിമയാക്കിയാണ് അദ്ദേഹം സംവിധാന രംഗത്തേക്ക് കടക്കുന്നത്. കള്ളന്‍ പവിത്രന്‍, ഒരിടത്തൊരു ഫയല്‍വാന്‍, നവംബറിന്റെ നഷ്ടം, അരപ്പെട്ട കെട്ടിയ ഗ്രാമത്തില്‍, നൊമ്പരത്തിപ്പൂവ്, തൂവാനത്തുമ്പികള്‍, തിങ്കളാഴ്ച നല്ല ദിവസം, അപരന്‍, മൂന്നാം പക്കം, ഇന്നലെ, ഞാന്‍ ഗന്ധര്‍വന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പത്മരാജനെ അറിഞ്ഞു.

പ്രണയത്തെക്കുറിച്ചും മനുഷ്യബന്ധങ്ങളെക്കുറിച്ചും പറഞ്ഞു കൊണ്ടിരിക്കെ നിനച്ചിരിക്കാതെ 46ാം വയസില്‍ പത്മരാജന്‍ മാഞ്ഞു പോയി. 1991 ജനുവരി 24ന് പത്മരാജന്‍ വിടപറഞ്ഞു. തോരാത്ത മഴയായി അദ്ദേഹം മലയാളിയുടെ ഹൃദയത്തില്‍ ഇന്നും പെയ്യുന്നു. പ്രണയത്തിന്റെയും അനുരാഗത്തിന്റെയും തേന്‍മഴയായി.

വര: ജയരാജ്‌