സ്പാനിഷ് മസാലയ്ക്കുശേഷം ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ഡയമണ്ട് നെക്‌ലസിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രത്തില്‍ സംവൃത സുനിലാണ് നായിക. ദുബായ് ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

ഡോ. അരുണ്‍കുമാര്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഫഹദ് അവതരിപ്പിക്കുന്നത്. മായ എന്ന ബ്യൂട്ടീഷ്യനായി സംവൃതയെത്തുന്നു. പാരീസില്‍ ജനിച്ചുവളര്‍ന്ന മായ ഇന്ന് ദുബായ് നഗരത്തിലെ മികച്ച ബ്യൂട്ടീഷ്യനാണ്. അരുണ്‍കുമാറിന്റെ സീനിയര്‍ ഡോക്ടറായി നടി രോഹിണിയും ചിത്രത്തിലെത്തുന്നുണ്ട്.

സ്വപ്‌നതുല്യമായ ജീവിതം മോഹിക്കുന്ന ചിലരുടെ കഥയാണ് ചിത്രം പറയുന്നത്. പ്രത്യേകിച്ച് അങ്ങനെ ജീവിക്കുവാന്‍ ശ്രമിച്ച ഡോ. അരുണ്‍കുമാറിന്റെ ജീവിതകഥ. വിലയേറിയ ഡയമണ്ട് നെക്‌ലേസ് പോലെയാണ് അരുണ്‍കുമാറിന് ജീവിതത്തിലെ ഓരോ നിമിഷവും.

അങ്ങനെ ജീവിക്കുന്ന അരുണ്‍കുമാറിന്റെ ജീവിതത്തിലേക്ക് മൂന്ന് പെണ്‍കുട്ടികളുടെ സാന്നിധ്യം ഉണ്ടാക്കുന്ന സ്ഥിതിവിശേഷങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

കലാമണ്ഡലം രാജശ്രീ, ലക്ഷ്മി, തമിഴ് നഴ്‌സ്  എന്നിവരാണ് മറ്റ് പെണ്‍കുട്ടികള്‍. ഇതില്‍ കലാമണ്ഡലം രാജശ്രീയെ പുതുമുഖം അനുശ്രീയും, ലക്ഷ്മിയെ സെക്കന്റ്‌ഷോ ഫെയിം ഗൗതമിനായരും അവതരിപ്പിക്കുന്നു.

ശ്രീനിവാസന്‍, ജഗതി ശ്രീകുമാര്‍ എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്തിന്റേതാണ് തിരക്കഥ. റഫീഖ് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് വിദ്യാസാഗര്‍ ഈണം പകരുന്നു. സഖീര്‍ താഹിറാണ് ഛായാഗ്രാഹകന്‍.

ഗദ്ദാമയ്ക്കുശേഷം അനിതാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി.വി പ്രദീപ്, എല്‍.ജെ ഫിലിംസുമായി സഹകരിച്ചാണ് ഈ ചിത്രം നിര്‍മിക്കുന്നത്. എല്‍.ജെ ഫിലിംസ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കും.

Malayalam News
Kerala News in English