ഇന്ദ്രജിത്ത് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചേകവര്‍ എട്ടിന് തിയേറ്ററുകളിലെത്തും. ഗുണ്ടായിസത്തിനെതിരെ പോരാടുന്ന കാശിനാഥനെന്ന എസ്.ഐയെയാണ് ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നത്.

സംവൃതാസുനില്‍, കലാഭവന്‍മണി. ജഗതി, സുരാജ്, സരയു, ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. രാഹുല്‍രാജ് ഈണമിട്ട ഗാനങ്ങള്‍ക്ക് രചന നിര്‍വഹിച്ചിരിക്കുന്നത് അനില്‍പനച്ചൂരാനാണ്. വിജയ് യേശുദാസ്, ചിത്ര എന്നിവരോടൊപ്പം ഇന്ദ്രജിത്തും ഗാനമാലപിച്ചിട്ടുണ്ട്. പൗരന്‍, രാഷ്ട്രം, റെഡ്‌സല്യൂട്ട് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥയൊരുക്കിയ സജീവന്‍ ആദ്യമായി സംവിധാനംചെയ്യുന്ന സിനിമയാണിത്. പെന്റഗണ്‍ ക്രിയേഷന്‍സിന്റെ ബാനറിലാണ് ചേകവര്‍ നിര്‍മ്മിച്ചത്.

ചേട്ടന്‍ ഗുണശേഖരന്‍, ചേച്ചി ഇന്ദു, അനിയത്തി ഗൗരി എന്നിവരടങ്ങുന്നതാണ് കാശിനാഥന്റെ കുടുംബം. രാഷ്ട്രീയം കളിച്ച് നടക്കുന്ന ഗുണശേഖരന്‍ ഭാവിയിലെ എം.എല്‍.എ. എന്ന സങ്കല്‍പവുമായി നാട്ടില്‍ ഉണ്ടാക്കിക്കൂട്ടുന്ന പ്രശ്‌നങ്ങള്‍ പലപ്പോഴും കാശിനാഥന് ടെന്‍ഷനാണ്. ഒപ്പം കാശിനാഥന് ചെറിയൊരു പ്രണയവുമുണ്ട്. അമ്മാവന്റെ മകള്‍ ജ്യോതി.

നാട്ടിലെ അറിയപ്പെടുന്ന ഗുണ്ടയാണ് ഉടുമ്പ റോക്കി. വിദ്യാര്‍ത്ഥിനിയായ ഗൗരിയെ തേടിയാണ് റോക്കിയുടെ വരവ്. റോക്കിയുടെ നിഴല്‍ പതിയുന്നതോടെ പേടിച്ച് ഒളിക്കുന്ന പെണ്‍കുട്ടികളില്‍ നിന്നും ഗൗരി വ്യത്യസ്തയായിരുന്നു. റോക്കിയില്‍ നിന്നും ഗൗരിയെ രക്ഷിക്കേണ്ട ചുമതല കാശിനാഥന്റെ ഉത്തരവാദിത്വമായി മാറുന്നു.

അനിയത്തിയെ രക്ഷിക്കാന്‍ റോക്കിയെ നേരിടാന്‍ ഒരുങ്ങിയപ്പോഴാണ് മറ്റൊരാള്‍കൂടി രംഗത്ത് കടന്നുവരുന്നത്. ഗരുഡന്‍ രാഘവന്‍. എണ്‍പതുകളില്‍ കൊച്ചിയെ വിറപ്പിച്ച ഗുണ്ടാനേതാവ്. ഇഷ്ടപ്പെട്ട ഒരു തമ്പുരാട്ടിക്കുട്ടിയെ കല്യാണം കഴിച്ച് എല്ലാ ഗുണ്ടാപ്പണിയും നിര്‍ത്തി സ്വസ്ഥമായി കഴിയുന്ന ഗരുഡന്‍ രാഘവന്‍ ധനാഢ്യനും സ്വാധീനമുള്ളവനുമാണ്. ആ ഗരുഡന്‍ രാഘവന്റെ അനിയനാണ് ഉടുമ്പ് റോക്കി.

അനിയനുവേണ്ടി ഗരുഡന്‍ രാഘവന്‍ വീണ്ടും കളത്തിലേക്കിറങ്ങുകയാണ്. ഇതോടെ തുറന്ന പോരാട്ടത്തിന് തുടക്കം കുറിക്കുന്നു. ഒടുവില്‍ സ്വന്തം കുടുംബത്തെ രക്ഷിക്കാന്‍ ശാന്തനും സല്‍സ്വഭാവിയുമായ കാശിനാഥന്‍ ഗുണ്ടായിസത്തിന്റെ വഴിയില്‍ മുന്നോട്ട് നീങ്ങുന്നതോടെ ഉണ്ടാകുന്ന സംഭവബഹുലമായ പോരാട്ടത്തിന്റെ മുഹൂര്‍ത്തങ്ങളാണ് സിനിമ.

രാഷ്ട്രം, പൗരന്‍, റെഡ് സല്യൂട്ട് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സജീവന്‍ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചേകവര്‍ എന്ന ചിത്രത്തില്‍ കാശിനാഥനായി ഇന്ദ്രജിത്തും ഗരുഡന്‍ രാഘവനായി കലാഭവന്‍ മണിയും അഭിനയിക്കുന്നു. ഗുണശേഖരനായി സുരാജ് വെഞ്ഞാറമൂടും ഉടുമ്പ് റോക്കിയായി ശ്രീജിത്ത് രവിയും ജ്യോതിയായി സംവൃത സുനിലും ഗൗരിയായി സരയൂവും ഇന്ദുവായി ലക്ഷ്മിപ്രിയയും അഭിനയിക്കുന്നു.