ഗദ്ദാമയ്ക്ക് പിന്നാലെ മറ്റൊരു ശക്തമായ കഥാപാത്രവുമായി കാവ്യാമാധവന്‍ എത്തുന്നു. ബ്രെയ്ക്കിങ് ന്യൂസ് ലൈവ് എന്നാണ് ചിത്രത്തിന്റെ പേര്. നയനയെന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ കാവ്യ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പൂജ കോഴിക്കോട് നടന്നു.

സമൂഹമനസാക്ഷിയെ ആഴത്തില്‍ വേട്ടയാടുന്ന ചില ദാരുണ സംഭവങ്ങളുടെ സാമൂഹിക രാഷ്ട്രീയ മന:ശാസ്ത്രഘടകങ്ങള്‍ ചിത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. തികച്ചും കുടുംബാന്തരീക്ഷത്തിലാണ് ബ്രെയ്ക്കിങ് ന്യൂസ് ലൈവ് വികസിക്കുന്നത്. ഇന്നത്തെ സാമൂഹ്യരാഷ്ട്രീയ അന്തരീക്ഷത്തെ നര്‍മ്മ രൂപത്തില്‍ ചിത്രം അവതരിപ്പിക്കുന്നു. വര്‍ത്തമാനകാല സംഭവങ്ങളും മാധ്യമസ്വാധീനവും ചിത്രത്തിന്റെ കഥാഗതിയില്‍ നിര്‍ണായക പങ്കുവഹിക്കുന്നു. ചില ബ്രെയ്ക്കിങ് ന്യൂസുകള്‍ ചിലരുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന സംഭവവികാസങ്ങളും ചിത്രം പങ്കുവയ്ക്കുന്നു.

കാവ്യയോടൊപ്പം മറ്റൊരുശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ശരണ്യമോഹനാണ്. ചിത്രത്തില്‍ വിനീത്, തിലകന്‍, സുകുമാരി, ദേവന്‍, മാമുക്കോയ, ബാബുരാജ്, ജ്യോതിര്‍മയി, വിനായകന്‍, കല്‍പ്പന എന്നിങ്ങനെ വന്‍താരനിരതന്നെയുണ്ട്.

ന്യൂസ് വാല്യൂ പ്രോഡക്ഷന്‍സിന്റെ ബാനറില്‍ നിരവധി പരസ്യചിത്രങ്ങളുടെ സംവിധായകനായ ശ്രീ സുധീര്‍ അമ്പലപ്പാടാണ് ചിത്രം കഥയെഴുതിയ സംവിധാനം ചെയ്യുന്നത്. ഐ.ടി.എല്‍ റിലീസ്  വിതരണം ചെയ്യുന്ന ബ്രേക്കിങ് ന്യൂസ് ലൈവ നിര്‍മിക്കുന്നത് രജ്ഞിത് കുമാറാണ്.

മാധ്യമപ്രവര്‍ത്തകനായ ജി.കിഷോറാണ് തിരക്കഥയും സംഭാഷണവും. പ്രേമദാസ് ഇരുവണ്ണൂരിന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് മോഹന്‍സിത്താരയാണ്. മുരളീകൃഷ്ണയാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. കോഴിക്കോട്, മൂന്നാര്‍, ഹൈദരാബാദ്, ഒറ്റപ്പാലം എന്നിവിടങ്ങളിലായി ഏപ്രില്‍ രണ്ടാംവാരം ചിത്രീകരണം ആരംഭിക്കും.