2002ല്‍ എ.കെ സാജന്‍ സംവിധാനം ചെയ്ത ‘സ്‌റ്റോപ്പ് വയലന്‍സിന് രണ്ടാം ഭാഗം വരുന്നു. എന്നാല്‍ സ്റ്റോപ്പ് വയലന്‍സില്‍ സാത്താനായ പൃഥ്വിരാജ് രണ്ടാം ഭാഗത്തിലുണ്ടാവില്ല. യുവതാരം ആസിഫ് അലിയാണ് ചിത്രത്തിലെ നായകന്‍.

പൃഥ്വിരാജ് എന്ന യുവ സൂപ്പര്‍താരത്തിന്റെ വളര്‍ച്ചയുടെ തുടക്കമായിരുന്നു സ്‌റ്റോപ്പ് വയലന്‍സ്. അസുരവിത്ത് എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. ന് രണ്ടാംഭാഗം ഒരുങ്ങുകയാണ്. എ കെ സാജന്‍ തന്നെ തിരക്കഥ രചിക്കുന്ന ചിത്രത്തില്‍ ഡോണ്‍ ബോസ്‌കോ എന്ന യുവ പുരോഹിതനെയാണ് ആസിഫ് അലി അവതരിപ്പിക്കുന്നത്. സംവൃത സുനിലാണ് നായിക.

സ്‌റ്റോപ്പ് വയലന്‍സില്‍ ചന്ദ്രാ ലക്ഷ്മണ്‍ അവതരിപ്പിച്ച ആഞ്ചലീന എന്ന കഥാപാത്രത്തിന്റെ മകനാണ് ഡോണ്‍ ബോസ്‌കോ. ഒരു മാലാഖയെപ്പോലെ പരിശുദ്ധയായിരുന്ന ആഞ്ചലീനയ്ക്ക് സാത്താനില്‍ (പൃഥ്വി അവതരിപ്പിച്ച കഥാപാത്രം) ഉണ്ടായ മകന്‍. അയാള്‍ ഒരു പുരോഹിതനാണ്. പക്ഷേ ജീവിതത്തില്‍ നേരിടേണ്ടിവരുന്ന ചില സംഭവങ്ങള്‍ അവനെ മാറ്റിത്തീര്‍ക്കുകയാണ്.

ലീലാ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന അസുരവിത്തില്‍ ബിജു മേനോന്‍, നിവിന്‍ പോളി, ജഗതി, വിജയരാഘവന്‍, കലാഭവന്‍ മണി, വിജയകുമാര്‍, സീമാ ജി നായര്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

സ്‌റ്റോപ്പ് വയലന്‍സ്, ലങ്ക എന്നീ സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള എ കെ സാജന്‍ ചിന്താമണി കൊലക്കേസ്, നാദിയ കൊല്ലപ്പെട്ട രാത്രി, റെഡ് ചില്ലീസ് തുടങ്ങിയ ചിത്രങ്ങളുടെ രചയിതാവാണ്. ദ്രോണ എന്ന മമ്മൂട്ടിച്ചിത്രത്തിന്റെ തകര്‍ച്ചയോടെ സിനിമയില്‍ നിന്ന് വിട്ടുനിന്ന എ കെ സാജന്‍ അസുരവിത്തിലൂടെ ഒരു തിരിച്ചുവരവിന് ശ്രമിക്കുകയാണ്.

അസുരവിത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുകയാണ്.