എഡിറ്റര്‍
എഡിറ്റര്‍
മലയാളം പരീക്ഷയില്‍ ഇംഗ്ലീഷ് ചോദ്യം; തെറ്റായ വാര്‍ത്ത നല്‍കി വെട്ടിലായി മലയാള മനോരമ
എഡിറ്റര്‍
Thursday 30th March 2017 11:15am

കോഴിക്കോട്: ഹയര്‍സെക്കന്ററി മലയാളം പരീക്ഷയില്‍ ഇംഗ്ലീഷില്‍ ചോദ്യം നല്‍കിയെന്ന തെറ്റായ വാര്‍ത്ത നല്‍കി മനോരമ ചാനല്‍ വെട്ടിലായി. പ്രാഥമിക പരിശോധന പോലും നടത്താതെയാണ് ചാനല്‍ ഇത്തരമൊരു വാര്‍ത്ത പുറത്തവിട്ടിരുന്നത്. എന്നാല്‍ അമളി മനസിലായതോടെ വാര്‍ത്ത പിന്‍വലിച്ച് ചാനല്‍ തടിയൂരുകയായിരുന്നു.

ചൊവ്വാഴ്ച നടന്ന ഹയര്‍സെക്കണ്ടറി മലയാളം പരീക്ഷയില്‍ ഇംഗ്ലീഷ് ചോദ്യങ്ങള്‍ അച്ചടിച്ചുവന്നത് ഗുരുതര പിഴവായാണ് ചാനല്‍ അവതരിപ്പിച്ചിരുന്നത്. ആരോ ഫോണില്‍ നല്‍കിയ വിവരം പരിശോധിക്കുക പോലും ചെയ്യാതെ ഉടന്‍ തന്നെ ചാനല്‍ വാര്‍ത്ത നല്‍കുകയായിരുന്നു.

ഏതാനും വര്‍ഷങ്ങളായി ഹയര്‍സെക്കണ്ടറി പരീക്ഷയ്ക്ക് ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ വരാറുണ്ട്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വിടവാങ്ങല്‍ പ്രസംഗത്തിലെ ഒരുഭാഗം ഇംഗ്ലീഷില്‍ നല്‍കിയ ശേഷം അതില്‍ പ്രതിപാദിക്കുന്ന ഗുരുശിഷ്യ ബന്ധത്തെ കുറിച്ച് നിരീക്ഷണം എഴുതാനായിരുന്നു ചോദ്യം. ഇംഗ്ലീഷ് അറിയാത്തവര്‍ക്കും ഉത്തരം എഴുതാവുന്ന ലളിതമായ ചോദ്യത്തെയാണ് വലിയ പിഴവായി മനോരമ ന്യൂസ് വാര്‍ത്തയാക്കിയത്.


Dont Miss യോഗി ആദിത്യനാഥിനെതിരെ കവിതയെഴുതിയ ബംഗാളി കവിയെ പിന്തുച്ച കവയത്രിക്ക് ബലാത്സംഗ ഭീഷണി


തര്‍ജ്ജമ പാഠ്യപദ്ധതിയുടെ ഭാഗമാണെന്നിരിക്കെ ഇംഗ്ലീഷിലുള്ള ചോദ്യങ്ങള്‍ മുന്‍വര്‍ഷങ്ങളിലും ചോദിച്ചിരുന്നു. 2014 ലെ ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ പടയണിയെ കുറിച്ച് ഇംഗ്ലീഷില്‍ ഏതാനും വിവരങ്ങള്‍ നല്‍കി അതുപയോഗിച്ച് പടയണിയെ കുറിച്ച് മലയാളത്തില്‍ കുറിപ്പ് തയ്യാറാക്കാനായിരുന്നു ചോദ്യം.

പൊലീസ് പിടികൂടിയ വാഹനങ്ങള്‍ റോഡരികില്‍ തള്ളുന്നതിനെതിരെ ഹൈക്കോടതി ഉത്തരവ് ഇംഗ്ലീഷില്‍ നല്‍കി ആ വിഷയത്തില്‍ വിദ്യാര്‍ത്ഥികളുടെ അഭിപ്രായം മലയാളത്തില്‍ എഴുതാനായിരുന്നു 2015 ലെ ചോദ്യം.

അതേസമയം എസ്.എസ്.എല്‍.സി കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ സംബന്ധിച്ച വിവാദം കത്തിനില്‍ക്കുന്ന സാചഹചര്യം മുതലെടുത്ത് സര്‍ക്കാരിനെ വെട്ടിലാക്കാന്‍ വേണ്ടി മനോരമ വാര്‍ത്ത മെനയുകയായിരുന്നെന്ന ആരോപണവും ശക്തമാണ്.

Advertisement