ഒരുവന്‍, ഹാര്‍ട്ട് ബീറ്റ്‌സ് എന്നീ ചിത്രങ്ങള്‍ക്കുശേഷം വിനു ആനന്ദ് സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് പേരിനൊരു മകന്‍. അച്ഛനും ആറ് മക്കളുമടങഅങുന്ന ഒരു കുടുംബത്തിന്റെ കഥ രസകരമായി പറയുകയാണ് പേരിനൊരു മകന്‍.

മനുഷ്യബന്ധങ്ങളുടെയും കൂട്ടുകുടുംബത്തിന്റെയും കഥ പറയുന്നു. രസകരവും ഒപ്പം ഹൃദയസ്പര്‍ശിയുമായ രംഗങ്ങളിലൂടെയാണ് ഈ ചിത്രത്തെ വിനു ആനന്ദ് അവതരിപ്പിക്കുന്നത്. ബന്ധങ്ങള്‍ക്കാണ് ഈ ചിത്രം പ്രാമുഖ്യം നല്‍കുന്നത്. അതും പലപ്പോഴും മനസിലാക്കാതെ പോകുന്ന രക്ത ബന്ധത്തിന്റെ വിലയെക്കുറിച്ചാണ് ഈ ചിത്രം പ്രതിപാദിക്കുന്നത്. കൂട്ടുംകുടുംബങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടുപോയെങ്കിലും ഇന്നും അവിടെ പ്രസക്തിയുണ്ടെന്ന് ഈ ചിത്രം തെളിയിക്കുന്നു.

കുട്ടനാട്ടിലെ പ്രശസ്തമായ ഒരു തറവാട്ടിലെ കാരണവരാണ് ഹരിശ്ചന്ദ്രന്‍. പേരുസൂചിപ്പിക്കുന്നതുപോലെ തന്നെയാണ് ഇദ്ദേഹത്തിന്റെ സ്വഭാവവും. സന്ത്യസന്ധനാണ് അയാള്‍. നല്ല ചിന്തകളുള്ള നല്ല മനസിന്റെ ഉടമ. ഹരിശ്ചന്ദ്രന്റെ മക്കളാണ് മുരുകനും സത്യഭാമയും. സത്യഭാമയുടെ ജനനത്തോടെ ഹരിശ്ചന്ദ്രന്റെ ഭാര്യ മരിച്ചു. പിന്നെ സത്യഭാമയ്ക്ക് അച്ഛനും അമ്മയുമെല്ലാം ഹരിശ്ചന്ദ്രനായിരുന്നു.

ഈ കാലഘട്ടത്തിലാണ് സഹോദരി ശാരദയെയും നാലു മക്കളെയും തന്റെ വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നത്. ശാരദയുടെ ഭര്‍ത്താവിന്റെ മരണത്തോടെ ഒറ്റപ്പെട്ടുപോയപ്പോഴാണ് ഹരിശ്ചന്ദ്രന്‍ സഹോദരിയെയും മക്കളെയും തന്റെ വീട്ടിലേക്ക് കൊണ്ടുവന്നത്. സഹോദരിയുടെ മക്കളെയും സ്വന്തം മക്കളായി ഹരിശ്ചന്ദ്രന്‍ സ്‌നേഹിച്ചു.

കുടുംബത്തിലെ ഒരേയൊരു പെണ്‍കൊടിയായതുകൊണ്ടുതന്നെ സത്യഭാമയ്ക്കുള്ള പരിഗണന അവള്‍ വളരുന്തോറും ഏറ്ി വന്നു. അവള്‍ക്ക് വിവാഹപ്രായമായി. വിവാഹാലോചനകളും മുറുകി. എന്നാല്‍ ഈ തറവാട് വിട്ടുപോകാന്‍ അവള്‍ തയ്യാറായില്ല. ഇതിന് പ്രതിവിധി നേടിയത് ഈ തറവാട്ടില്‍ ഒത്തുനില്‍ക്കാന്‍ സമ്മതമുള്ള ഒരു ചെക്കനെ കണ്ടെത്തുകയെന്നതായിരുന്നു. അങ്ങനെ ഒത്തുകിട്ടിയതാണ് ദിനേശന്‍. ദിനേശന്‍ കുടുംബത്തിലെത്തുന്നതോടെ പുതിയ സംഭവവികാസങ്ങളും ആരംഭിക്കുകയായി. ഈ സംഭവങ്ങളാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

ഇന്നസെന്റാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ഹരിശ്ചന്ദ്രനെ അവതരിപ്പിക്കുന്നത്. ശരണ്യാമോഹന്‍ സത്യഭാമയെയും ഭഗത് ദിനേശനെയും  അവതരിപ്പിക്കുന്നു. സുരാജ്, ടിനി ടോം, ഹരിശ്രീ അശോകന്‍, സീമ ജി നായര്‍, വനിത, അര്‍ച്ചന, ബിന്ദു തുടങ്ങിയവരും അഭിനയിക്കുന്നു.

കുട്ടനാട്ടിലെ വിവിധ കേന്ദ്രങ്ങളായ ചേന്നങ്കരി, നെടുമുടി, രാമങ്കരി, മങ്കൊമ്പ് എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

Malayalam news

Kerala news in English