എഡിറ്റര്‍
എഡിറ്റര്‍
‘2006ലും 2011ലും ഇടതുപക്ഷത്തെ തീരുമാനമെടുത്ത് പിന്തുണച്ചു’ മലയാളചാനല്‍ രാഷ്ട്രീയം എം.പി ബഷീര്‍ പറയുന്നു
എഡിറ്റര്‍
Friday 28th March 2014 8:58pm

മുതലാളിക്ക് കെട്ടിയിടാന്‍ പാകത്തില്‍ കൈകള്‍ ചേര്‍ത്തുവച്ചവരായിരുന്നില്ല തുടക്കം മുതലേ ഇന്ത്യാവിഷനിലെ ജേര്‍ണലിസ്റ്റുകള്‍. അതുകൊണ്ടാണ് ആ സ്ഥാപനം നിലനിന്നത്. മുനീര്‍ സ്വര്‍ണ്ണത്താലത്തില്‍ നീട്ടിയതല്ല, ഞങ്ങള്‍ പണിപ്പെട്ട് നേടിയതാണ് ആ സ്വാതന്ത്ര്യം എന്നര്‍ത്ഥം.


mp-basheer-580

line

ഫേസ് ടു ഫേസ് / എം.പി ബഷീര്‍

line

മലയാള വാര്‍ത്താമാധ്യമ രംഗത്ത് ശ്രദ്ധേയമായ ഒരു ചുവടുവയ്പ്പായിരുന്നു ഇന്ത്യാവിഷന്‍ ചാനലിന്റേത്.  ചാനല്‍ തുടങ്ങിയ 2003 മുതല്‍ സംസ്ഥാനത്തെ പ്രധാന സംഭവവികാസങ്ങള്‍  ഇന്ത്യാവിഷന്റെ കൂടി ചരിത്രമായി മാറി.  

സമീപകാലത്ത് മലയാളിയെ ഇത്രയേറെ സ്വാധീനിച്ച മറ്റൊരു മാധ്യമം ഒരു പക്ഷേ ഇല്ലായിരിക്കാം. രാഷ്ട്രീയ സംവാദത്തിന്റെ അജണ്ടകള്‍ ചില മുത്തശ്ശി പത്രങ്ങള്‍ നിശ്ചയിച്ചിരുന്നിടത്ത് നിന്ന് കൂടുതല്‍ ജനാധിപത്യപരമായി കാര്യങ്ങള്‍ നീങ്ങി.

എന്നാല്‍ ഇന്ത്യവിഷനിലെ പുതിയ സംഭവവികാസങ്ങള്‍ കേരളത്തിലെ മാധ്യമചരിത്രത്തില്‍, സമരചരിത്രത്തില്‍ പുതിയൊരു ഏടായിരുന്നു. പുതിയ സംഭവവികാസങ്ങളെ തുടര്‍ന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് പുറത്തു പോകേണ്ടി വരികയും ചെയ്തു.

ചാനല്‍ മുതലാളിയുടെയും മാധ്യമ പ്രവര്‍ത്തകന്റെയും താത്പര്യങ്ങള്‍ തമ്മിലുള്ള വ്യത്യാസം, ചാനല്‍ മുറിയിലെ രാഷ്ട്രീയം, ഇന്ത്യവിഷനിലെ തൊഴില്‍ സമരം എന്നിവയെ കുറിച്ച് തുടക്കകാലം മുതല്‍ ഇന്ത്യവിഷന്റെ ഭാഗമായിരുന്ന, മുന്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എം.പി ബഷീര്‍ ഡൂള്‍ന്യൂസ് പ്രതിനിധി മുഹമ്മദ് സുഹൈലുമായി സംസാരിക്കുന്നു.

ലൈവില്‍ സമരപ്രഖ്യാപനം നടത്തി വാര്‍ത്ത നിര്‍ത്തിയ എഡിറ്റര്‍ എന്ന ചീത്തപ്പേരാണ് എം.പി ബഷീര്‍ എന്ന ജേര്‍ണലിസ്റ്റിനെ ഇനിയുള്ള കാലം വേട്ടയാടാന്‍ പോകുന്നത്?

ഞാനിത് വേണ്ടത്ര വിശദീകരിച്ചതാണ്. സമരം ഒരു ചീത്ത വാക്കല്ല. സമരമല്ലാതെ മറ്റു മാര്‍ഗമില്ല എന്ന അവസ്ഥ ജീവിതത്തില്‍ പലപ്പോഴും വന്നുപെടാം. അതില്‍ നിന്ന് ഒളിച്ചോടാനും കഴിയില്ല. ഇന്ത്യാവിഷനിലെ സമരസാഹചര്യം ഏതായാലും എന്റെ സൃഷ്ടി അല്ലല്ലോ. ഞാനടക്കം 300 ല്‍പ്പരം തൊഴിലാളികള്‍ ആ സാഹചര്യത്തിന്റെ ഇരകള്‍ മാത്രമാണ്.

അടിമുടി കഴിവുകെട്ട ഒരു മാനേജ്‌മെന്റിനെ ഒന്നു ചലിപ്പിക്കാന്‍ നടത്തിയ ശ്രമമായിരുന്നു അത്. അത് ചെറിയ തോതിലെങ്കിലും, ഇനിയും അവിടെ തുടരേണ്ടിവരുന്ന തൊഴിലാളികള്‍ക്കെങ്കിലും, ഗുണം ചെയ്യാതിരിക്കില്ല.

പക്ഷേ വാര്‍ത്ത നിര്‍ത്തിവച്ചുള്ള സമരം സ്വീകരിക്കപ്പെട്ടില്ല. അത് താങ്കളുടെ നിര്‍ദ്ദേശപ്രകാരം നടന്നതായിരുന്നോ?

അല്ല. എന്റെ മുന്‍കൂര്‍ അനുമതിയോ വാക്കാലോ അല്ലാതെയോ ഉള്ള നിര്‍ദ്ദേശമോ സമരപ്രഖ്യപന വാര്‍ത്തയ്ക്ക് ഉണ്ടായിരുന്നില്ല. മാര്‍ച്ച് 13ന് രാവിലെ 7.44 ന് മാനേജ്‌മെന്റ് എന്നെ ചുമതലയില്‍ നിന്ന് നീക്കിയിരുന്നു. പത്തുമണിയോടെയാണ് എന്നെ അക്കാര്യം അറിയിച്ചത്. എനിക്കെതിരെ മാത്രമല്ല, എഡിറ്റോറിയല്‍ ശ്രേണിയിലെ ആദ്യ മൂന്ന് പേര്‍ക്കെതിരെ നടപടിയുണ്ടായിരുന്നു.

കഴിഞ്ഞ 11 വര്‍ഷത്തിനിടയില്‍ ഒരു അഭിമുഖം പോലും അനുവദിക്കാതെ കഠിനമായൊരു ഭ്രഷ്ഠാണ് പിണറായി ഞങ്ങള്‍ക്ക് വിധിച്ചത്.

അത്തരമൊരു തീരുമാനമെടുക്കുമ്പോള്‍ തുടര്‍ന്ന് എന്ത് ചെയ്യും, ആരു നയിക്കും എന്നൊക്കെ തീരുമാനിക്കപ്പെടേണ്ടതായിരുന്നു. സമരം ചെയ്യാനും സംപ്രേക്ഷണം നിര്‍ത്താനുമൊക്കെയുള്ള തീരുമാനങ്ങള്‍ ന്യൂസ് റൂമില്‍ രൂപപ്പെടുന്നത് ഞാനും കാണുന്നുണ്ടായിരുന്നു. അതു തടഞ്ഞില്ല എന്നത് ഒരു കുറ്റമാണെങ്കില്‍ അതേറ്റെടുക്കുന്നു. പക്ഷേ എനിക്കായിരുന്നില്ലല്ലോ ചുമതല.

ചാനല്‍ നിന്നതില്‍ ഏറ്റവും വിഷമിച്ചുകണ്ടത് പലകാലങ്ങളില്‍ ഞങ്ങളുടെ ടീമില്‍ നിന്ന് വിട്ടുപോയവരാണ്. അവര്‍ക്ക് അതൊരു നൊസ്റ്റാള്‍ജിയയാണ്. സുഭിക്ഷമായ ഒരു നല്ല കാലത്തിരുന്ന് തിഞ്ഞുനോക്കാവുന്ന ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും പഴയകാലം. ആരെങ്കിലും കഷ്ടപ്പെട്ട് അത് നിലനില്‍ക്കട്ടെ എന്നാഗ്രഹിക്കുകയാണ് അവര്‍. ആ നന്മയെ ചോദ്യം ചെയ്യുന്നില്ല.

പിന്നെ, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ സമരം ചെയ്യുമ്പോള്‍ ബസ് നിര്‍ത്തിയിട്ടാണ് അത് ചെയ്യുക. മുന്‍ഗ്ലാസില്‍ തന്നെ സമരനോട്ടീസ് പതിക്കുകയും ചെയ്യും. ഡോക്ടര്‍മാര്‍ പ്രതിഷേധിക്കുന്നത് സ്‌റ്റെതസ്‌കോപ്പ് ഊരിവച്ചാണ്.

അത്രതന്നെ ലളിതമാണ് വാര്‍ത്തയുടെ കാര്യവും. സാമാന്യ വാര്‍ത്തകളറിയാന്‍ നൂറ് വഴികള്‍ വേറെയുള്ള ഒരു നാട്ടില്‍ ഒരു കൂട്ടം തൊഴിലാളികള്‍ അവരുടെ ജീവിതപ്രശ്‌നങ്ങള്‍ ഉയര്‍ത്തി അല്‍പ്പനേരം വാര്‍ത്ത നിര്‍ത്തിവച്ചാല്‍ അതൊരു കുറ്റമല്ല.

mk-muneer

ഇന്ത്യാവിഷനോടുള്ള അളവറ്റ സ്‌നേഹത്തില്‍ നിന്നും വിശ്വാസത്തില്‍ നിന്നും ഉണ്ടായതാണ് ആ കുറ്റപ്പെടുത്തല്‍. അത് ഞങ്ങളുടെ പ്രയത്‌നങ്ങള്‍ക്കുള്ള അംഗീകാരമാണ്.

എന്നാല്‍ ചാനല്‍ നിര്‍ത്തിയപ്പോള്‍ ആഹ്ലാദിച്ചവരുണ്ട്. എനിക്ക് കൂടുതല്‍ ശ്രദ്ധേയമായി തോന്നിയത് അതാണ്. ഞങ്ങളെ ശത്രുസ്ഥാനത്ത് കണ്ടത് ആരെല്ലാമായിരുന്നു എന്ന തിരിച്ചറിവ്. നിങ്ങളുടെ ശത്രുക്കളുടെ പട്ടിക നോക്കിയും നിങ്ങളുടെ സ്വഭാവം നിര്‍ണ്ണയിക്കാമല്ലോ.

മലയാളത്തില്‍ ചാനല്‍ വാര്‍ത്തകളുടെ ഒഴുക്കും സ്വഭാവവും നിര്‍ണ്ണയിച്ചതില്‍ ഇന്ത്യാവിഷന് വലിയൊരു പങ്കുണ്ട്. അതിനെ എങ്ങനെയാണ് താങ്കള്‍ കാണുന്നത്?

2003 ജൂണ്‍ മാസത്തില്‍ ചാനല്‍ ലോഞ്ചിന് മുമ്പ് നടന്ന ഞങ്ങളുടെ ട്രെയിനിങ് ക്യാമ്പ്. അവസാന സെഷനില്‍ ഡോക്ടര്‍ മുനീര്‍ പ്രസംഗിക്കാനെത്തി. 30 ട്രെയിനികളും അല്‍പ്പാല്‍പ്പം പരിചയമുള്ള കുറച്ചുപേരും.

ട്രെയിനികളുടെ കൂട്ടത്തില്‍ നിന്ന് ഒരു ചോദ്യം: താങ്കളൊരു രാഷ്ട്രീയക്കാരനാണ്. എങ്ങനെയാണ് ഞങ്ങള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ പോകുന്നത്? മുനീര്‍ ചില ‘തത്വങ്ങള്‍’ പറഞ്ഞ് ഒഴിഞ്ഞുമാറി.

ഞാനും ഷിബു ജോസഫും രാജീവ് ദേവരാജും പിറകില്‍ നിന്ന് ഇടപെട്ടു. ‘നിങ്ങളൊരു ലീഗ് നേതാവാണ്, യുഡിഎഫ് മന്ത്രിയാണ്. താങ്കളുള്‍പ്പെട്ട മന്ത്രിസഭക്കെതിരെ, മുഖ്യമന്ത്രിക്കെതിരെ, മറ്റ് മന്ത്രിമാര്‍ക്കെതിരെ, ലീഗ് നേതാക്കള്‍ക്കെതിരെ, താങ്കള്‍ക്കെതിരെ വാര്‍ത്ത നല്‍കാന്‍ ഞങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ടോ?’

വളരെ ആലോചിച്ചാണ് ഡോ.മുനീര്‍ മറുപടി നല്‍കിയത്. ഓരോ വാര്‍ത്തയുടെയും ഉള്ളടക്കവും ഉദ്ദേശ്യവും അളന്നുതൂക്കുമെങ്കില്‍ നിങ്ങള്‍ക്ക് ആ സ്വാതന്ത്ര്യമുണ്ട് എന്ന മട്ടില്‍. മുനീര്‍ നല്‍കിയ ആ ഉറപ്പ് ഞങ്ങള്‍ വിനിയോഗിക്കുകയായിരുന്നു.

മുതലാളിക്ക് കെട്ടിയിടാന്‍ പാകത്തില്‍ കൈകള്‍ ചേര്‍ത്തുവച്ചവരായിരുന്നില്ല തുടക്കം മുതലേ ഇന്ത്യാവിഷനിലെ ജേര്‍ണലിസ്റ്റുകള്‍. അതുകൊണ്ടാണ് ആ സ്ഥാപനം നിലനിന്നത്. മുനീര്‍ സ്വര്‍ണ്ണത്താലത്തില്‍ നീട്ടിയതല്ല, ഞങ്ങള്‍ പണിപ്പെട്ട് നേടിയതാണ് ആ സ്വാതന്ത്ര്യം എന്നര്‍ത്ഥം.

അടുത്തപേജില്‍ തുടരുന്നു

Advertisement