നിത്യാ മേനോന് പിന്നാലെ യുവനടി റീമാ കല്ലിങ്കനെതിരെയും അച്ചടക്ക നടപടിക്ക് സാധ്യത. റിമ സിനിമയുടെ ഷൂട്ടിങ് തടസപ്പെടുത്തിയെന്ന് കാണിച്ച് പ്രശസ്ത സംവിധായകന്‍ സിബിമലയില്‍ ഫെഫ്കയ്ക്ക് പരാതി നല്‍കി.

സിബി മലയില്‍ സംവിധാനം ചെയ്യുന്ന ഉന്നം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തില്‍ നിന്ന് മുന്നറിയിപ്പില്ലാത് വിട്ട് നിന്നത് കാരണം നിര്‍മാതാവിന് നഷ്ടമുണ്ടായി എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്്.

ഫെഫ്ക ഭാരവാഹികള്‍ ഇക്കാര്യം താരസംഘടനയായ അമ്മയുമായി ചര്‍ച്ച ചെയ്തു. റീമക്കെതിരെ സിനിമയില്‍ സംഘടനാതലത്തില്‍ അച്ചടക്കനടപടി ഉണ്ടായേക്കുമെന്നാണ് സൂചന. നേരത്ത യുവനടി നിത്യാമേനോനെതിരെ നിര്‍മ്മാതാക്കളുടെ സംഘടന വിലക്കുമായ രംഗത്തെത്തിയിരുന്നു. അസോസിയേഷന്‍ ഭാരവാഹികളായ സീനിയര്‍ നിര്‍മ്മാതാക്കളോട് മോശമായി പെരുമാറിയെന്നാരോപിച്ചാണ് നിത്യക്കെതിരെ സംഘടന നടപടിയെടുത്തത്.

അപൂര്‍വ്വ രാഗത്തിന് ശേഷം സിബി മലയില്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് ഉന്നം. ആസിഫ് അലി നായകനാവുന്ന ചിത്രത്തിലെ നായികയാണ് റിമ. ഇരുവരെയും കൂടാതെ മര്‍ഡര്‍ 2വിലൂടെ പ്രശസ്തനായ പ്രശാന്ത് നാരായണനും ഉന്നത്തില്‍ ശ്രദ്ധേയകഥാപാത്രമായെത്തുന്നുണ്ട്. നെടുമുടി വേണു, ശ്വേത മേനോന്‍, ചിത്ര അയ്യര്‍ തുടങ്ങിയ താരങ്ങളും അണിനിരക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ഡേവിഡ് കച്ചപ്പള്ളിയാണ്.