തിരുവനന്തപുരം: യുവനടി നിത്യ മേനോനു നിര്‍മാതാക്കളുടെ സംഘടനയുടെ വിലക്ക്. നിത്യയെ പുതുതായി ആരും കരാര്‍ ചെയ്യരുതെന്നു പരോക്ഷമായി നിര്‍ദേശിച്ച് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജി. സുരേഷ്‌കുമാര്‍ എല്ലാ നിര്‍മാതാക്കള്‍ക്കും കത്തയച്ചു. നടിയെ വിലക്കണമെന്ന് സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബറിനോടും അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ആവശ്യം സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബര്‍ അംഗീകരിക്കുകയാണെങ്കില്‍ മലയാളത്തില്‍ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലും നിത്യയ്ക്ക് അഭിനയിക്കാനാവില്ല. കരിയര്‍ ഡെവലപ്പ് ചെയ്യാന്‍ കഠിനശ്രമം നടത്തുന്ന നിത്യയ്ക്ക് ഇത് വലിയ തിരിച്ചടിയാകും.

അസോസിയേഷന്‍ ഭാരവാഹികളായ സീനിയര്‍ നിര്‍മാതാക്കളോട് മോശമായി പെരുമാറിയെന്നാരോപിച്ചാണ് നിത്യയ്‌ക്കെതിരെയ സംഘടന നടപടിക്കൊരുങ്ങിയത്. ടി.കെ രാജീവ്കുമാറിന്റെ പുതിയ ചിത്രമായ തത്സമയം ഒരു പെണ്‍കുട്ടിയുടെ ഷൂട്ടിംങ്ങിനിടെയാണ് സംഭവം. അസോസിയേഷന്‍ വൈസ് പ്രസിഡന്റും പ്രമുഖ നിര്‍മാതാവുമായ ആന്റോ ജോസഫ് പുതിയ സിനിമയുടെ കഥ പറയാനും ഡേറ്റ് ചോദിക്കായുമായി നിത്യയെ കാണാനെത്തി.

സംവിധായകന്‍ ടി.കെ. രാജീവ്കുമാറിന്റെ അടുത്ത സുഹൃത്തുക്കളും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളുമായ ജി. സുരേഷ്‌കുമാര്‍, സാബു ചെറിയാന്‍, ബി. രാകേഷ് എന്നിവരും ആന്റോയ്‌ക്കൊപ്പം ഉണ്ടായിരുന്നു. തിരുവനന്തപുരത്ത് വെള്ളായണിയില്‍ ചിത്രീകരണ തിരക്കിലായിരുന്നു നിത്യ.

ഷൂട്ടിങ് കാണാനും രാജീവിന് ആശംസ നേരാനുമായിരുന്നു ഇവര്‍ സംഘമായി എത്തിയത്. സെറ്റില്‍ ഇവര്‍ എത്തിയപ്പോള്‍ നിത്യ സമീപത്തുള്ള വീട്ടില്‍ വിശ്രമത്തിലായിരുന്നു. അല്‍പനേരം കാത്തിരുന്ന ശേഷം ഡേറ്റ് ചോദിച്ച് ആന്റോ ജോസഫ് എത്തിയിട്ടുണ്ടെന്ന കാര്യം നിത്യയെ അറിയിക്കാനായി പ്രൊഡക്ഷന്‍ മാനേജറെ പറഞ്ഞയച്ചു. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ തന്റെ മാനേജരുമായി സംസാരിച്ചാല്‍ മതിയെന്നു നിത്യ അറിയിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. ഇതാണ് നിര്‍മാതാക്കളെ ചൊടിപ്പിച്ചത്.

മലയാളത്തിലെ സീനിയര്‍ നിര്‍മാതാക്കളാണ് എത്തിയിരിക്കുന്ന തെന്നും കഥ കേള്‍ക്കാന്‍ തയാറാകണമെന്നും പ്രൊഡക്ഷന്‍ മാനേജര്‍ പറഞ്ഞുനോക്കിയെങ്കിലും, ആരായാലും മാനേജരെ കണ്ട് ഇത്തരം കാര്യങ്ങള്‍ പറഞ്ഞാല്‍ മതിയെന്നു മറുപടി പറഞ്ഞെന്നാണ് ആക്ഷേപം. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പോലുള്ള സൂപ്പര്‍താരങ്ങള്‍ പോലും തങ്ങള്‍ ആവശ്യപ്പെട്ടാല്‍ ഉടന്‍ കാണാന്‍ തയാറാകുമെന്നിരിക്കെ ഇന്നലെ വന്ന യുവനടിയുടെ പ്രതികരണം തങ്ങളെ ഞെട്ടിച്ചുവെന്നു നിര്‍മാതാക്കളില്‍ ചിലര്‍ പറഞ്ഞു.