എഡിറ്റര്‍
എഡിറ്റര്‍
ഹീറോയുടെ ഗതി സിംഹാസനത്തിനും: പൃഥ്വിരാജിനിത് മോശം സമയം
എഡിറ്റര്‍
Wednesday 22nd August 2012 2:57pm

മലയാള സിനിമ യുവത്വം കൈയടക്കുമ്പോള്‍ യൂത്ത് ഐക്കണായ പൃഥ്വിരാജ് സുകുമാരനിത് മോശം സമയം. ശശികുമാറിനൊപ്പം അഭിനയിച്ച മാസ്‌റ്റേഴ്‌സ് വിജയിക്കാതെപോയ ക്ഷീണത്തിനിടയ്ക്കാണ് ആരാധകരെ ത്രില്ലടിപ്പിക്കാന്‍ ഹീറോ എത്തിയത്. ഇത് ഫ്‌ളോപ്പായതോടെ ഷാജി കൈലാസെന്ന ഹിറ്റ്‌മേക്കര്‍ പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി തയ്യാറാക്കിയ സിംഹാസമെങ്കിലും രക്ഷിക്കുമെന്നായിരുന്നു പൃഥ്വിയുടെയും ആരാധകരുടെയും പ്രതീക്ഷ. അതും തകര്‍ന്നതായാണ് തിയേറ്റര്‍ റിപ്പോര്‍ട്ടുകള്‍. തിരക്കഥയുടെ കെട്ടുറപ്പ് ബോധ്യപ്പെടാതെ ചാടി അഭിനയിച്ചാല്‍ ഇങ്ങനെയിരിക്കുമെന്ന് യുവതാരങ്ങള്‍ പാഠമാക്കുക.

മോഹന്‍ലാലിനെ സൂപ്പര്‍ താരമാക്കിയ ഷാജി കൈലാസ് ആദ്യമായ് പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്ത സിനിമയാണ് സിംഹാസനം. സാധാരണ ചേരുവകള്‍ ചേര്‍ത്ത് ഉണ്ടാക്കിയ ഒരു കഥയെന്നല്ലാതെ മറ്റൊരു വിശേഷണത്തിനും ഈ സിനിമ മികവ് കാട്ടുന്നില്ല. അച്ഛനും മകനും തമ്മിലുള്ള വൈകാരിക ബന്ധവും പഴയ പ്രതാപവും പാരമ്പര്യത്തിന്റെ നടിപ്പുകളുമല്ലാതെ ഈ സിനിമയില്‍ മറ്റൊന്നും പ്രതിപാദിക്കുന്നില്ല. സിനിമയുടെ തിരക്കഥയില്‍ ഒട്ടും തന്നെ മേന്മ അവകാശപ്പെടാനോ കാണികളെ പിടിച്ചിരുത്താനോ ഉള്ള ഒരു ഫോര്‍മുലയും ഇല്ലാതെ പോകുന്നു.

Ads By Google

ചന്ദ്രഗിരിയിലെ ധനാഢ്യനും പിതാമഹനുമായ മാധവമേനോന്‍ എന്ന കഥാപാത്രത്തെയാണ് സായികുമാര്‍ അവതരിപ്പിക്കുന്നത്. മാധവമേനോന് മുഖ്യമന്ത്രിയിലേക്ക് വരെ നീളുന്ന രാഷ്ട്രീയ സ്വാധീനവും മന്ത്രിസഭയിലെ പൊരുത്തക്കേടുകളും ഭിന്നതകളും വരെ പരിഹാരത്തിലെത്തിക്കാനുള്ള തന്ത്രങ്ങളും മെനയാന്‍ പ്രാപ്തനും വളരെ അധികാരമുള്ള ബിഷപ്പുമാരായി ചങ്ങാത്തമുള്ള വ്യക്തിയുമാണ്. തന്റെ ഗ്രാമത്തിലെ നാട്ടുരാജാവായ് മാറുന്ന മാധവമേനോന്‍ ഗ്രാമവാസികള്‍ക്കെല്ലാം മാധവേട്ടനാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ അവിടത്തെ അവസാന വാക്കാണ്. മാധവമേനോന്റെ ഒരേയൊരു ആണ്‍തരി പൃഥ്വിരാജ് അവതരിപ്പിക്കുന്ന അര്‍ജുന്‍ എന്ന കഥാപാത്രം കുറച്ച് ദൂരെയുള്ള ഒരു നഗരത്തില്‍ പഠിക്കുന്നു. എന്തിനും പോരുന്ന ചങ്കുറപ്പുള്ള വ്യക്തിയാണ്. എന്നാല്‍ തന്റെ പിതാവിന് ശത്രുക്കള്‍ വര്‍ധിച്ചുവരുന്നതോടെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ച് നാട്ടില്‍ തന്നെ നില്‍ക്കുന്നു. അര്‍ജുന്റെ ബാല്യകാല സഖിയായ് വേഷമിടുന്ന ലക്ഷി എന്ന വന്ദനയും അവന്റെ കോളേജില്‍ കൂടെ പഠിച്ച ഐശ്വര്യ ദേവന്‍ അവതരിപ്പിക്കുന്ന നന്ദ എന്ന കഥാപാത്രവുമാണ് നായികമാര്‍.

ഒരു വലിയ സിനിമയ്ക്ക് വേണ്ട സജ്ജീകരണങ്ങള്‍ കഥാപാത്രാവിഷ്‌ക്കാരത്തില്‍ ചേര്‍ത്തിട്ടുണ്ടെങ്കിലും തിരക്കഥയുടെ ജീവനില്ലായ്മ സിനിമയെ തരം താഴ്ത്തുന്നു. പൃഥ്വിരാജിന്റെ അഭിനയവും ഈ സിനിമയില്‍ മികവു കാട്ടുന്നില്ല. സായികുമാറും അദ്ദേഹത്തിന്റെ സന്തസഹചാരിയായി വേഷമിടുന്ന സിജു പഘനും തങ്ങളുടെ കഥാപാത്രങ്ങളെ ഭദ്രമാക്കുന്നു. സാങ്കേതിക മികവ് ഉണ്ടെങ്കിലും ചിത്രത്തിന്റെ മറ്റ് പോരായ്മകള്‍ കാരണം ഇത് ജനം ശ്രദ്ധിക്കാതെ പോയി.

‘മാസ്‌റ്റേഴ്‌സ്’ എന്ന ചിത്രത്തിന്റെ സാമ്പത്തിക പരാജയത്തിന് ശേഷം പൃഥ്വി ആരാധകരുടെ ശ്രദ്ധ ‘ഹീറോ’ എന്ന ചിത്രത്തിലായിരുന്നു. പൃഥ്വിയുടെ ശരീരസൗന്ദര്യവും മികച്ച സംഘട്ടന രംഗങ്ങളും നന്നായ് ചിത്രീകരിച്ച ഗാനങ്ങളും ചിത്രത്തെ ശ്രദ്ധേയമാക്കിയെങ്കിലും ചിത്രം വിജയിക്കാതെപോയി. സിനിമയുടെ പ്രധാന പോരായ്മ ശക്തമല്ലാത്ത കഥ തന്നെയാണ്. വിനോദ് ഗുരുവായൂരിന്റെ കഥ അത്ര മോശമല്ലെങ്കിലും നായകന്റെ വീരപരിവേഷത്തിന് ഊന്നല്‍ നല്കുന്ന സിനിമയില്‍ ശക്തമായ ഒരു വില്ലനില്ലാത്തത് സിനിമയെ ബാധിച്ചു.

സിനിമയിലെ മുന്‍കാല സ്റ്റണ്ട് മാസ്റ്ററാണ് ധര്‍മ്മരാജന്‍ (തലൈവാസല്‍ വിജയ്). അദ്ദേഹത്തിന് കുറേ കാലത്തിന് ശേഷം സംവിധായകന്‍ ആദിത്യന്റെ (അനൂപ് മേനോന്‍) ചിത്രത്തില്‍ അവസരം ലഭിക്കുന്നു. ആദിത്യനാകട്ടെ മോശം നടനെന്ന് പേരുകേട്ട പ്രേമാനന്ദനെ (ശ്രീകാന്ത്) നായകനാക്കി ഒരു സിനിമ ചിത്രീകരിക്കാന്‍ തീരുമാനിക്കുന്നു. അത്യന്തം ദുഷ്‌കരമായ സംഘട്ടന രംഗങ്ങള്‍ നായകന് വേണ്ടി ചെയ്യാന്‍ ധര്‍മ്മരാജന്‍ പണ്ട് തന്റെ കൂടെ ഉണ്ടായിരുന്ന ടാര്‍സന്‍ ആന്റണിയെ (പൃഥ്വിരാജ്) വരുത്തുന്നു. ആന്റണിയുടെ പ്രകടനവും വ്യക്തിത്വവും ചിത്രത്തിന്റെ നായികയായ ഗൗരി മേനോനെ (യാമി ഗൗതം) ആകൃഷ്ടയാക്കുന്നു. ഇതോടെ ഗൗരി മേനോനില്‍ താത്പര്യമുണ്ടായിരുന്ന പ്രേമാനന്ദന് ആന്റണി ഒരു എതിരാളിയാവുന്നു.

‘പുതിയമുഖം’ എന്ന തന്റെ ഹിറ്റ് ചിത്രത്തിന്റെ ഇന്ദ്രജാലം പുനരാവിഷ്‌ക്കരിക്കാന്‍ സംവിധായകന്‍ ദീപന്‍ പരിശ്രമിച്ചിട്ടുണ്ട്. സിനിമയുടെ കഥക്ക് അടുത്ത് തന്നെ ഇറങ്ങിയ ‘ജോസേട്ടന്റെ ഹീറോ’ എന്ന സിനിമയുടെ കഥയുമായ് സാമ്യമുണ്ട് എന്നത് മറ്റൊരു കാര്യം. ചിത്രത്തിന്റെ 95 മിനിട്ട് ദൈര്‍ഘ്യമുള്ള ആദ്യപകുതി പ്രേക്ഷകന് നല്ല ഒരു വിരുന്നാണ്. എന്നാല്‍ രണ്ടാം പകുതി ചില സ്ഥിരം രംഗങ്ങള്‍ ചേര്‍ത്ത് പ്രവചനീയവും നിലവാരം കുറഞ്ഞതുമാക്കുന്നു. പേടിതൊണ്ടനായ ചലച്ചിത്രനായകന്‍ അവസാന രംഗങ്ങളില്‍ തീ പാറുന്ന സംഘട്ടനം കാഴ്ചവയ്ക്കുന്നത് മലയാളി പ്രേക്ഷകന് ഉള്‍ക്കൊള്ളാനാവില്ല. പൃഥ്വിരാജ് തന്റെ രംഗങ്ങള്‍ നന്നായി അവതരിപ്പിച്ചു. യാമി ഗൗതം മലയാളത്തിലെ തന്റെ ആദ്യ ചിത്രം മോശമാക്കിയില്ല. ഭരണി കെ. ധരന്റെ ചിത്രീകരണവും സംജാദ് മുഹമ്മദിന്റെ ചിത്രസംയോജനവും നന്നായി. എന്നാല്‍ ഗോപി സുന്ദറിന്റെ ചില ഗാനങ്ങളിലെ മോശമായ വരികള്‍ അതിന്റെ മികവിനെ നശിപ്പിച്ചു.

ഏതായാലും ഷാജികൈലാസ്-പൃഥ്വി ടീമിന്റെ പുതിയൊരു ചിത്രം അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഗോഡ്‌സെ എന്നാണ് പുതിയ ചിത്രത്തിനിട്ടിരിക്കുന്ന പേര്. ഇത് ഡി കമ്പനി എന്ന അഞ്ച് ചിത്രങ്ങളുടെ കളക്ഷനിലെ ഒന്നാണ്. സസ്‌പെന്‍സ് ത്രില്ലറായ ഈ ചിത്രത്തിന് സ്‌ക്രിപ്റ്റ് എഴുതിയിരിക്കുന്നത് സംവിധായകന്‍ തന്നെയാണ്. ചിത്രത്തിന്റെ മറ്റ് കാര്യങ്ങള്‍ നിശ്ചയിക്കുന്നതേയുള്ളൂ.

പ്രേക്ഷകര്‍ക്ക് പൃഥ്വിയോട് പറയാനുള്ളത് മോനേ ദിനേശാ മസിലു പിടിക്കാതെ നല്ല കഥയും തിരക്കഥയും നോക്കി അഭിനയിക്കാന്‍ ഇനിയെങ്കിലും ശ്രദ്ധിക്കൂ എന്നാണ്. ജിമ്മില്‍ വിശ്രമിക്കുന്ന സമയം മതിയാവും അതിന്.

Advertisement