ന്യൂദല്‍ഹി : ടെലിവിഷന്‍ ചാനലുകളുടെ ഉള്ളടക്കം നിയന്ത്രിക്കണമെന്ന് വിവിധ പാര്‍ട്ടികളുടെ അംഗങ്ങള്‍ ആവശ്യപ്പെട്ടു. ചാനലുകളുടെ ഉള്ളടക്കത്തെ കുറിച്ച് പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ആശങ്കയുണ്ട്. ഉള്ളടക്ക നിയന്ത്രണത്തെ കുറിച്ച് ആലോചിക്കാന്‍ സര്‍വകക്ഷിയോഗം വിളിക്കാമെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അംബികാ സോണി പറഞ്ഞു.

ലോക്‌സഭയിലെ ചോദ്യോത്തരവേളയിലാണ് ടെലിവിഷന്‍ ചാനലുകളുടെ ഉള്ളടക്കം നിയന്ത്രിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. പിന്നീട് കേബിള്‍ ടെലിവിഷന്‍ ശൃംഖലകളുടെ നിയന്ത്രണഭേദഗതി ബില്‍ പരിഗണിക്കുമ്പോഴും അത് ഉയര്‍ന്നുവന്നു. പല ടെലിവിഷന്‍ ചാനലുകളും അശ്ലീലമായ പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നതായി അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. കുടുംബത്തോടൊപ്പമിരുന്ന കാണാന്‍ കഴിയാത്ത രീതിയിലുള്ളതാണ് പരിപാടികളില്‍ പലതും. ഇതില്‍ തനിക്കും ആശങ്കയുള്ളതായി അംബികാ സോണി പറഞ്ഞു.

പ്രക്ഷേപണ സേവന നിയന്ത്രണബില്ലിന്റെ കരട് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും എല്ലാവരുടെയും അഭിപ്രായങ്ങള്‍ അറിഞ്ഞതിനുശേഷം അന്തിമരൂപം നല്‍കി പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും അവര്‍ വ്യക്തമാക്കി.