തിരുവനന്തപുരം: വിശ്വമലയാള മഹോല്‍സവത്തിന്റെ ഭാഗമായി ഇന്ന് നടത്താന്‍ തീരുമാനിച്ച പരിസ്ഥിതി സെമിനാര്‍ മാറ്റിവെച്ചു. മന്ത്രി കെ.സി ജോസഫ് സുഗതകുമാരിയുടെ വീട്ടിലെത്തി ഇക്കാര്യം അറിയിക്കുകയായിരുന്നു.

Ads By Google

കവയിത്രി സുഗതകുമാരിയെ അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റിയതിനെ തുടര്‍ന്നുണ്ടായ വിവാദമാണ് സെമിനാര്‍ മാറ്റിവെയ്ക്കാന്‍ കാരണമായത്.
സ്പീക്കര്‍ ജി.കാര്‍ത്തികേയനെയാണ് പകരം അധ്യക്ഷനായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ സംഭവത്തെകുറിച്ച് അറിഞ്ഞ സ്പീക്കര്‍ സെമിനാറില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചു.

ഇന്ന് രാവിലെ പത്തിന് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തിലായിരുന്നു ‘നാളത്തെ കേരളം: വികസന കാഴ്ചപ്പാട്’ എന്ന പേരില്‍ സെമിനാര്‍ നടക്കേണ്ടിയിരുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. സുഗതകുമാരിയെയാണ് അധ്യക്ഷസ്ഥാനത്തേക്ക് നിശ്ചയിച്ചിരുന്നത്.

രമേശ് ചെന്നിത്തല, പിണറായി വിജയന്‍, പന്ന്യന്‍ രവീന്ദ്രന്‍, ഒ.രാജഗോപാല്‍, കെ.എം.മാണി, പി.കെ.കുഞ്ഞാലിക്കുട്ടി, എന്‍.കെ.പ്രേമചന്ദ്രന്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുക്കുമെന്നും വ്യക്തമാക്കിക്കൊണ്ട് നേരത്തെ തന്നെ വിശ്വമലയാള മഹോത്സവം സംഘാടകര്‍ നോട്ടീസ് ഇറക്കിയിരുന്നു. എന്നാല്‍ ചൊവ്വാഴ്ച സംഘാടക സമിതി ഓഫീസില്‍നിന്ന് ഒരാള്‍ സുഗതകുമാരിയെ ഒഴിവാക്കുകയാണെന്ന് ഫോണിലൂടെ അറിയിച്ചു.

ഈ പരിപാടിയില്‍ അധ്യക്ഷനായ സ്പീക്കര്‍ ജി.കാര്‍ത്തികേയനെ വികസന സെമിനാറിന്റെ അധ്യക്ഷനാക്കി പുതുതായി പുറത്തിറക്കിയ നോട്ടീസില്‍ ഈ മാറ്റം ഉള്‍ക്കൊള്ളിച്ചു.

വികസനസെമിനാറില്‍ താന്‍ പങ്കെടുത്താല്‍ അഹിതമായ പലതും പറയേണ്ടിവരുമെന്നതിനാലാണ് തന്നെ ഒഴിവാക്കിയതെന്ന് സംശയിക്കുന്നതായി സുഗതകുമാരി പറഞ്ഞു. അതേസമയം, സംഘാടനത്തിലെ ചില പിഴവുകള്‍ കാരണമാണ് ഇപ്രകാരമൊരു പിശക് കടന്നുകൂടിയതെന്ന് പെരുമ്പടവം ശ്രീധരന്‍ പറഞ്ഞു. താന്‍ ഫോണില്‍ വിളിച്ച് സുഗതകുമാരിയോട് ക്ഷമ ചോദിച്ചുവെന്നും അദ്ദേഹം അറിയിച്ചു.