എഡിറ്റര്‍
എഡിറ്റര്‍
കാണാതായ മലേഷ്യന്‍ വിമാനം റാഞ്ചിയതെന്ന് അധികൃതരുടെ സ്ഥിരീകരണം
എഡിറ്റര്‍
Saturday 15th March 2014 11:02am

malasian-airjet

മലേഷ്യ: കാണാതായ മലേഷ്യന്‍ വിമാനം  റാഞ്ചിയതാണെന്ന് അധികൃതരുടെ സ്ഥിരീകരണം. മലേഷ്യന്‍ അധികൃതരുടേതാണ് വിശദീകരണം. റാഞ്ചിയ വിമാനം അപകടം ഒഴിവാക്കി ഗതി തിരിച്ചു വിട്ടതാകാമെന്നും സംശയമുണ്ട്.

എന്നാല്‍ വിമാനം റാഞ്ചിയതിനു പിന്നിലുള്ള കാരണമെന്താണെന്ന് വ്യക്തമല്ലെന്നും വിമാനത്തില്‍ നിന്നുള്ള ആശയവിനിമയ ബന്ധം മനപൂര്‍വ്വം വിഛേദിച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നേരത്തേ വിമാനത്തിനായി ബംഗാള്‍ ഉള്‍ക്കടലിലെ ചെന്നൈ തീരത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഇന്ത്യന്‍ നാവിക സേനയും തീര സംരക്ഷണ സേനയും സംയുക്തമായാണ് തിരച്ചില്‍ നടത്തിക്കൊണ്ടിരുന്നത്.

ഇതിനിടയിലാണ് മലേഷ്യന്‍ അധികൃതരുടെ വിശദീകരണം വന്നിരിക്കുന്നത്. വിമാനം കാണാതായ സംഭവത്തില്‍ തീവ്രവാദികള്‍ക്ക് പങ്കുണ്ടെന്ന് നേരത്തേ അഭ്യൂഹമുയര്‍ന്നിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങളോ വിശദീകരണങ്ങളോ വന്നിരുന്നില്ല.

അഞ്ച് ഇന്ത്യക്കാരുള്‍പ്പെടെ 239 പേരുമായി പുറപ്പെട്ട ബോയിങ് 777200 ഇ.ആര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് കൊലാലംപൂരില്‍ നിന്ന് ബെയ്ജിങിലേക്ക് പോവുകയായിരുന്ന വിമാനം റഡാര്‍ സ്‌ക്രീനില്‍ നിന്ന് അപ്രത്യക്ഷമായത്.

ആദ്യം വിമാനം കടലില്‍ മുങ്ങിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. എന്നാല്‍ കടലിലും മറ്റിടങ്ങളിലും വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ വീണ്ടും തിരച്ചില്‍ തുടരുകയായിരുന്നു.

ഇതിനിടെ അപകടവുമായി ബന്ധപ്പെട്ട് തീവ്രവാദ സാധ്യത അന്വേഷിക്കുന്നതിനാണ് മലേഷ്യ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.

വിമാനത്തില്‍ യാത്രചെയ്ത രണ്ട് പേര്‍ മോഷ്ടിച്ച പാസ്‌പോര്‍ട്ടുമായാണ് യാത്രചെയ്തതെന്ന് ഈ അന്വേഷണ സമിതി കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്ക് ഭീകരസംഘടനകളുമായി ബന്ധമൊന്നുമില്ലെന്ന് പിന്നീട് തെളിയുകയും ചെയ്തിരുന്നു.

Advertisement