എഡിറ്റര്‍
എഡിറ്റര്‍
കാണാതായ മലേഷ്യന്‍ വിമാനത്തെക്കുറിച്ച് ദുരൂഹത തുടരുന്നു
എഡിറ്റര്‍
Wednesday 12th March 2014 2:14pm

malesian-flight

കോലാലംപൂര്‍: നാല് ദിവസം മുന്‍പ് കാണാതായ മലേഷ്യന്‍ വിമാനത്തെക്കുറിച്ച് ഇപ്പോഴും ദുരൂഹത നിലനില്‍ക്കുന്നു.

239 പേരുമായി കാണാതായ മലേഷ്യന്‍ വിമാനം സൈനിക റഡാറുകളില്‍ മലാക്കയ്ക്ക് മുകളില്‍ കണ്ടിരുന്നുവെന്ന വാര്‍ത്ത മലേഷ്യന്‍ വ്യോമസേന നിഷേധിച്ചു.

മലാക്കയില്‍ വിമാനം തകര്‍ന്ന് വീണിരിക്കാം എന്ന വാര്‍ത്തകള്‍ക്കും സ്ഥിരീകരണമില്ല. എന്നാല്‍ വിമാനം ദിശ മാറിയിരിക്കാമെന്ന സാധ്യത സേന തള്ളിയിട്ടില്ല.

സംഭവത്തില്‍ ഇന്റര്‍പോളിന്റെയും അമേരിക്കന്‍ അന്വേഷണ ഏജന്‍സി എഫ്.ബി.ഐയുടെയും നിഗമനത്തിലും വ്യത്യാസങ്ങളുണ്ട്. തീവ്രവാദ ആക്രമണ സാധ്യത തള്ളുന്നതായി ഇന്നലെ ഇന്റര്‍പോള്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ തീവ്രവാദ സാധ്യത തള്ളുന്നില്ലെന്നാണ്എഫ്.ബി.ഐയുടെ നിലപാട്.

ക്വാലാലംപൂരില്‍ നിന്ന് ബീജിംഗിലേക്ക് തിരിച്ച വിമാനം കടലില്‍ തകര്‍ന്നു വീണെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ വ്യാപകമായി നടത്തിയ തിരച്ചിലിലും അവശിഷ്ടങ്ങളൊന്നും കണ്ടെത്താനായില്ല.

ആകാശത്ത് വച്ച് തന്നെ വിമാനം തകര്‍ന്നിരിക്കാമെന്നും അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ വിമാനത്തിന് സംഭവിച്ചതെന്തെന്ന് ഇപ്പോഴും വ്യക്തമല്ല.

ഏറെ ദുരൂഹതകള്‍ ബാക്കിയാക്കിയാണ് 5 ഇന്ത്യക്കാരുള്‍പ്പടെ 227 യാത്രക്കാരും 12 ജീവനക്കാരുമായി മലേഷ്യന്‍ വിമാനം അപ്രത്യക്ഷമായത്. ലോകം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ തിരച്ചിലാണ് വിമാനം കണ്ടെത്തുന്നതിനായി നടന്നു കൊണ്ടിരിക്കുന്നത്.

34 വിമാനങ്ങളും 40 കപ്പലുകളും 10 രാജ്യങ്ങളില്‍ നിന്നുള്ള സംഘങ്ങളുമാണ് മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ കാണാതായ എം എച്ച് 370 എന്ന വിമാനത്തിനു വേണ്ടി തെരച്ചില്‍ നടത്തുന്നത്.

അതിനിടെ മോഷ്ടിക്കപ്പെട്ട പാസ്‌പോര്‍ട്ടുമായി യാത്രചെയ്ത രണ്ടുപേര്‍ക്ക് ഭീകരസംഘടനകളുമായി ബന്ധമൊന്നുമില്ലെന്ന്  തെളിഞ്ഞിട്ടുണ്ട്. ഇറാനിയന്‍ പൗരന്മാരായ പൗറിയ നൂര്‍ മുഹമ്മദ് മെഹര്‍ദാദ്, ദില്‍വാര്‍ സെയ്ദ് എന്നിവരാണ് മോഷ്ടിച്ച പാസ്‌പോര്‍ട്ടുമായി യാത്ര ചെയ്തത്. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍നിന്ന് ഇറാനിയന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് ഇരുവരും മലേഷ്യയിലത്തെിയതെന്ന് ഇന്റര്‍പോള്‍ വ്യക്തമാക്കിയിരുന്നു.

Advertisement