മലപ്പുറം: പൂക്കോട്ടുപാടം ക്ഷേത്രത്തിനുനേരെ ആക്രമണം ആസൂത്രിതമാണെന്ന് ക്ഷേത്ര കമ്മിറ്റി. ഇതിനു പിന്നില്‍ ആസൂത്രിത ഗൂഢാലോചനയുണ്ടെന്നും ക്ഷേത്ര ഭാരവാഹികള്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു. നിലവിലെ പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും ഉന്നത തല അന്വേഷണം വേണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

പൂക്കോട്ടുപാടം എന്നത് സാമുദായികമായി യാതൊരു പ്രശ്‌നങ്ങളും ഇതുവരെയുണ്ടായിട്ടില്ലാത്ത പ്രദേശമാണ്. അവിടെ തന്നെ വന്നിട്ട് ഇങ്ങനെയൊക്കെ ചെയ്യുമ്പോള്‍ അതിനു പിന്നില്‍ ആസൂത്രിതമായ ശ്രമമുണ്ടെന്നാണ് തങ്ങള്‍ സംശയിക്കുന്നതെന്ന് പൂക്കോട്ടുപാടം വില്ല്യത്ത് ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് എം.കെ രാധാകൃഷ്ണന്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു.


Also Read: സ്ത്രീകള്‍ക്കെതിരായ അതിക്രമം: അര്‍ജന്റീന പ്രസിഡന്റിന്റെ കൊട്ടാരത്തിന് മുന്നില്‍ പൂര്‍ണ നഗ്നരായി സ്ത്രീകളുടെ പ്രതിഷേധം 


പൂക്കോട്ടുപാടത്തു നിന്നും 22 കിലോമീറ്റര്‍ അകലെയുള്ള മമ്പാടു നിന്നാണ് പ്രതി ക്ഷേത്രത്തിലേക്കു വന്നത്. പൊലീസ് പറയുന്നതുപോലെ ക്ഷേത്രങ്ങളോട് വിരോധമുള്ളതുകൊണ്ടാണ് ആക്രമണം നടത്തിയതെങ്കില്‍ ഈ 22 കിലോമീറ്ററിനുള്ളില്‍ തന്നെ മൂന്നാലു ക്ഷേത്രങ്ങളുണ്ടായിരുന്നിട്ടും ഈ ക്ഷേത്രം തന്നെ ലക്ഷ്യമിട്ടത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിക്കുന്നു.

അതുകൊണ്ടുതന്നെ ഇയാള്‍ക്കു പിന്നില്‍ മറ്റുചിലര്‍ കൂടി ഈ ആക്രമണത്തിനു പിന്നിലുണ്ടെന്നാണ് തങ്ങള്‍ സംശയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇയാളില്‍ മാത്രമായി അന്വേഷണം ഒതുക്കി കേസ് വഴിതിരിച്ചുവിടാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും ക്ഷേത്രകമ്മിറ്റി ആരോപിക്കുന്നു. അന്വേഷണത്തിനായി എത്തിയ സി.ഐ ആദ്യം പറഞ്ഞത് ശ്രീകോവിലിനുള്ളിലുള്ള വിഗ്രഹത്തിന്റെ മുകളിലെ പ്രഭാമണ്ഡലം കണ്ട് സ്വര്‍ണമാണെന്ന് തെറ്റിദ്ധരിച്ച് അകത്തുകയറി സ്വര്‍ണ മല്ലെന്നു കണ്ടപ്പോള്‍ ആ ദേഷ്യത്തിന് വിഗ്രഹം പൊളിച്ചു എന്നാണ്. എന്നാല്‍ ക്ഷേത്രത്തില്‍ വിഗ്രഹം തകര്‍ത്തല്ലാതെ മറ്റു വസ്തുവകകളൊന്നും തന്നെ നഷ്ടപ്പെട്ടില്ലെന്നും അതുകൊണ്ടുതന്നെ മോഷണമായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന വാദം വിശ്വസിക്കാന്‍ കഴിയില്ലെന്നും ക്ഷേത്ര ഭാരവാഹികള്‍ പറയുന്നു.


Must Read: ഞങ്ങള്‍ വെറും ഇന്ത്യക്കാരാണ് ബി.ജെ.പീ, ഈ വിദ്വേഷ രാഷ്ട്രീയം അവസാനിപ്പിക്കൂ: രൂക്ഷവിമര്‍ശനവുമായി നടന്‍ സിദ്ധാര്‍ത്ഥ്


ക്ഷേത്രം ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഹിന്ദു ഐക്യവേദി നടത്തിയ പ്രക്ഷോഭത്തോട് യോജിപ്പില്ലെന്നും ഭാരവാഹികള്‍ അറിയച്ചു. ക്ഷേത്ര കമ്മിറ്റിയില്‍ ഉള്‍പ്പെട്ടവരോ ഭാരവാഹികളോ ഈ യോഗത്തില്‍ പങ്കെടുത്തിട്ടില്ലെന്നും രാധാകൃഷ്ണന്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു.