എഡിറ്റര്‍
എഡിറ്റര്‍
മലപ്പുറം വിഷമദ്യ ദുരന്തം: എക്‌സൈസ് വകുപ്പിന് ഗുരുതര വീഴ്ച പറ്റിയെന്ന് കമ്മിഷന്‍ റിപ്പോര്‍ട്ട്
എഡിറ്റര്‍
Thursday 10th January 2013 10:21am

മലപ്പുറം: മലപ്പുറം വിഷമദ്യ ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച റിട്ടയേര്‍ഡ് ജില്ലാ ജഡ്ജി എം. രാജേന്ദ്രന്‍നായര്‍ അധ്യക്ഷനായ കമ്മീഷന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

Ads By Google

ദുരന്തത്തില്‍ എക്‌സൈസ് വകുപ്പിനു ഗുരുതര വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. വിഷക്കള്ള് വില്‍ക്കുന്നതായുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അവഗണിച്ചതാണ് ദുരന്തമുണ്ടാകാന്‍ പ്രധാനകാരണം. ദുരന്തത്തില്‍ രാഷ്ട്രീയ അട്ടിമറിയില്ലെന്നും കള്ളുഷാപ്പുകളുടെ പ്രവര്‍ത്തനം ബിനാമികളുടെ നിയന്ത്രണത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2010 സെപ്റ്റംബറില്‍ മലപ്പുറം, തിരൂര്‍, കുറ്റിപ്പുറം, കാളിക്കാവ് മേഖലകളിലെ ഷാപ്പുകളിലാണ് ദുരന്തം ഉണ്ടായത്. ബിനാമികളുടെ നിയന്ത്രണത്തിലാണ് കള്ളുഷാപ്പുകളെന്ന് 2010 ഓഗസ്റ്റ് 20ന് ഇന്റ്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ നടപടികളൊന്നും ഉണ്ടായില്ല.

അങ്കമാലിയിലെ ഒരു സ്ഥാപനം കോയമ്പത്തൂരില്‍ നിന്നും കൊണ്ടുവന്ന പെയിന്റ് നിര്‍മാണത്തില്‍ ഉപയോഗിക്കുന്ന സ്പിരിറ്റ് ബിനാമികള്‍ ഷാപ്പുകളില്‍ വില്‍ക്കുകയായിരുന്നു.

പെയിന്റ് കമ്പനിക്ക് അനുവദിച്ച  20 ബാരല്‍ സ്പിരിറ്റില്‍ ഒന്‍പത് ബാരല്‍ കേടായിരുന്നു. കേടായ സ്പിരിറ്റാണ് കള്ളുഷാപ്പില്‍ ഉപയോഗിച്ചത്. അമിതലാഭത്തിനായി രാസപദാര്‍ഥങ്ങളും കലര്‍ത്തി.

വ്യവസ്ഥകള്‍ പാലിക്കാതെയാണ് പല കള്ളുഷാപ്പുകള്‍ക്കും ലൈസന്‍സ് നല്‍കിയത്. കരാറുകാരില്‍ ചിലര്‍ ബിനാമി സമ്പ്രദായത്തില്‍ ഷാപ്പുകള്‍ നടത്തുകയായിരുന്നു.

നിര്‍ധനരായ തൊഴിലാളികളെ ഉപയോഗിച്ചു ലൈസന്‍സ് കൈക്കലാക്കിയവരുമുണ്ട്. ഇതിനെല്ലാം എക്‌സൈസ് ഉദ്യോഗസ്ഥരുടെ ഒത്താശ ഉണ്ടായിരുന്നുവെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

വീര്യം കൂടിയ കള്ള് വിറ്റതാണ് ദുരന്തത്തിന് കാരണമെന്ന് വാദത്തില്‍ കഴമ്പില്ലെന്നും സംഭവത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. എക്‌സൈസിന്റെ അറിവോടെയായിരുന്നു ബിനാമികളുടെ പ്രവര്‍ത്തനമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

റിപ്പോര്‍ട്ടില്‍ തൊഴിലാളികളെ ഷാപ്പ് ഏല്‍പിക്കുകയോ സര്‍ക്കാര്‍ നേരിട്ട് നടത്തുകയോ ചെയ്യണമെന്ന് നിര്‍ദേശിക്കുന്നുണ്ട്.

ബിനാമികളെ ഉപയോഗിച്ച് കള്ളുഷാപ്പ് നടത്തുന്ന സാഹചര്യം ഒഴിവാക്കണമെന്ന് അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തെ നടപടി നേരിട്ട രണ്ട് ഉദ്യോഗസ്ഥര്‍ കുറ്റക്കാരല്ലെന്നും കണ്ടെത്തി.

മദ്യദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും സര്‍ക്കാര്‍ ജോലി നല്‍കണം തുടങ്ങിയ നിര്‍ദേശങ്ങളുടെ കമ്മീഷന്‍ സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഉണ്ട്.

ഓരോ കള്ളുഷാപ്പിന്റേയും പരിധിയില്‍ ചുരുങ്ങിയത് 50 തെങ്ങുകളെങ്കിലും ലഭ്യമാക്കേണ്ടതാണ്. ഒരാളുടെ കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ അളവ് ഒരു ലിറ്ററായി നിജപ്പെടുത്തിയാല്‍ മദ്യത്തിന്റെ പുനര്‍വില്‍പ്പന തടയാന്‍ കഴിയുന്നതാണ്.

നീരയുടെ ഉത്പാദനവും വിപണനവും പ്രോത്സാഹിപ്പിക്കേണ്ടതാണ്. എക്‌സൈസ് ഓഫീസുകള്‍ നവീകരിക്കേണ്ടതും എക്‌സൈസ് ഓഫീസുകളിലേക്ക് ആവശ്യമുള്ള വാഹനങ്ങള്‍ എത്തിച്ചുകൊടുക്കേണ്ടതുമാണ് തുടങ്ങിയ നിര്‍ദേശങ്ങളും മുന്നോട്ട് വെയ്ക്കുന്നുണ്ട്.

മായംചേര്‍ത്ത കള്ളുകുടിച്ച് 26 പേര്‍ മരിക്കുകയും എട്ടുപേര്‍ക്കു കാഴ്ച നഷ്ടപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ അന്വേഷണ കമ്മിഷനെ നിയമിച്ചത്.

എക്‌സൈസ് ഉദ്യോഗസ്ഥരുടെ പിടിപ്പുകേടാണ് ദുരന്തത്തിനിടയാക്കിയതെന്ന് വ്യക്തമാക്കുന്നതായിരുന്നു സാക്ഷിമൊഴികളില്‍ ഏറെയും. 436 സാക്ഷികളുടെ മൊഴി കമ്മിഷന്‍ രേഖപ്പെടുത്തി. 189 രേഖകള്‍ തെളിവായി പരിശോധിച്ചു.

Advertisement