മലപ്പുറം: പകര്‍ച്ചപ്പനി പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയതിന് മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫിസറെ സസ്‌പെന്റ് ചെയ്തു. ഡോ. എ. സമീറയെയാണ് ആരോഗ്യ വകുപ്പ് സസ്‌പെന്റ് ചെയ്തത്. ആരോഗ്യവകുപ്പ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച് വെള്ളിയാഴ്ച വൈകുന്നേരം ഉത്തരവ് പുറപ്പെടുവിച്ചത്.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ വ്യാഴാഴ്ച കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലസര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുന്നതിലും പകര്‍ച്ചപ്പനിയെപ്പറ്റി പഠിക്കാന്‍ ശനിയാഴ്ച മലപ്പുറം ജില്ലയിലെത്തിയ കേന്ദ്രസംഘത്തെ അനുഗമിക്കുന്നതിലും വീഴ്ചവരുത്തിയതിനാണ് സസ്‌പെന്‍ഷന്‍.

കോഴിക്കോട്ട് നടന്ന യോഗത്തില്‍ ഡെപ്യൂട്ടി ഡി.എം.ഒയാണ് പങ്കെടുത്തിരുന്നത്. കേന്ദ്രസംഘത്തെ അനുഗമിച്ചതും ഡെപ്യൂട്ടി ഡി.എം.ഒയായിരുന്നു.
കഴിഞ്ഞ ആഗസ്റ്റ് 16നാണ് ഡോ. സമീറ ഡി.എം.ഒയായി മലപ്പുറത്ത് ചാര്‍ജെടുത്തത്.