മലപ്പുറം: ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ മലപ്പുറം മണ്ഡലത്തില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളുമെന്ന് ആം ആദ്മി സ്വതസ്ഥ്രാനാര്‍ത്ഥി അഡ്വ. പി.പി.എ സഗീര്‍. മണ്ഡലത്തിന്റെ മണ്ണും മനസ്സും മുമ്പെങ്ങുമില്ലാത്ത വിധം ബി.ജെ.പി വിരുദ്ധത പ്രകടിപ്പിക്കുന്നത് തെരഞ്ഞെടുപ്പിലൂടെ പ്രകടമാകുമെന്നും വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ ഒറ്റപ്പെടുത്താന്‍ വോട്ടര്‍മാര്‍ അവരുടെ സമ്മദിതായവകാശം ഉപയോഗപ്പെടുത്തുമെന്നും ഇത് തനിക്ക്് അനുകൂലമാകുമെന്നും അദ്ദേഹം പറഞ്ഞു.


Also read കുല്‍ഭൂഷന്റെ വധശിക്ഷ; പാര്‍ലമെന്റില്‍ സുഷമ സ്വരാജിനെ പ്രമേയം തയ്യാറാക്കാന്‍ സഹായിച്ചത് ശശി തരൂര്‍


‘ഫാസിസ്റ്റ് വിരുദ്ധ വോട്ടുകള്‍ ആം ആദ്മി സ്വതന്ത്രസ്ഥാനാര്‍ത്ഥിയായ തനിക്ക് അനുകൂലമായി കേന്ദ്രീകരിക്കും. ഇത് തനിക്ക അനുകൂലമായി മാറും. ഇടത്-വലത് മുണികള്‍ സമവായ രാഷ്ട്രീയത്തിന്റെ വക്താക്കളായി മാറിയിട്ടുണ്ട്’ അദ്ദേഹം ആരോപിച്ചു.

ഏക സിവില്‍ കോഡിന് മുമ്പ് ഇവിടെ അടിയന്തിരമായി നടപ്പിലാക്കേണ്ടത് ഇന്ത്യയിലാകെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഏക സിലബസ് കോഡ് ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഫ്‌ളക്‌സും പ്ലാസ്റ്റിക്കുമില്ലാതെ തീര്‍ത്തും പരിസ്ഥിതി സൗഹൃദമായാണ് ആം ആദ്മി പ്രവര്‍ത്തകരുടെ പിന്തുണയോടെ മത്സരിക്കുന്ന സഗീര്‍ മലപ്പുറത്ത് തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയത്.

ജില്ലയുടെ സമഗ്ര വികസനവും ഭരണ നിര്‍വഹണവും കാര്യക്ഷമമാക്കാന്‍ മലപ്പുറം ജില്ലയെ വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കല്‍ അനിവാര്യമാണെന്നും സഗീര്‍ അഭിപ്രായപ്പെട്ടു.

‘നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇവിടെ ചര്‍ച്ച ചെയ്യേണ്ടത് മുത്തലാക്കല്ല, വികസന കാര്യങ്ങളാണ്. വികസന കാര്യങ്ങളില്‍ ചര്‍ച്ചയല്ല, നടപടികളാണ് വേണ്ടത്. പാണ്ടിക്കാടുനിന്നും പട്ടിക്കാട് വഴി പെരിന്തല്‍മണ്ണയിലെത്തിയപ്പോള്‍ കുടിവെള്ളത്തിനായി കാത്തിരിക്കുന്ന വീട്ടമ്മമാരെയാണ് നിത്യവും കാണാനാവുന്നത്. ഇതിനൊരു അറുതി വരുത്തും. ദല്‍ഹി മോഡലില്‍ കുടിവെള്ളം സാര്‍വത്രികവും സൗജന്യവുമാക്കാന്‍ ഞാന്‍ രംഗത്തുണ്ടാകും.’ അദ്ദേഹം പറഞ്ഞു.

വോട്ടര്‍മാരെ നേരില്‍ കണ്ടും ആം ആദ്മി വളണ്ടിയര്‍മാരുടെ ഡോര്‍ ടു ഡോര്‍ സ്‌ക്വാഡ് വര്‍ക്കിലൂടെയുമായിരുന്നു സഗീറിന്റെ പ്രചരണം. പരസ്യപ്രചരണം ആവസാനിച്ച ഇന്നലെ മലപ്പുറം കുന്നുമ്മല്‍ ജംഗ്ഷനില്‍ ദേശീയ പാതയില്‍ വിവിധ കക്ഷികള്‍ ഉപേക്ഷിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളും കൊടിതോരണങ്ങളും സ്ഥാനാര്‍ത്ഥിയും ആം ആദ്മി പ്രവര്‍ത്തകരും ചൂലുപയോഗിച്ച് അടിച്ചുവാരി വൃത്തിയാക്കിയത് ഏറെ ശ്രദ്ധേ നേടിയിരുന്നു.