മലപ്പുറം: മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ രാവിലെ എട്ടിന് ആരംഭിക്കും. ആദ്യ ഫലം എട്ടരയോടെ അറിയാന്‍ കഴിയും. പതിനൊന്നോടെ പൂര്‍ണ്ണ ഫലം പുറത്ത് വരുമെന്നാണ് കരുതപ്പെടുന്നത്. മലപ്പുറം ഗവ. കോളേജിലാണ് വോട്ടെണ്ണല്‍ നടക്കുക. വോട്ടെണ്ണലിനായി മുന്നൂറോളം ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്.


Also read കോടിയേരിക്കെതിരായ വിവാദ പ്രസഗം; നൗഷാദ് ബാഖവിയോട് വിശദീകരണം തേടി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ


ഫലപ്രഖ്യാപനത്തിന് നിമിഷങ്ങള്‍ ശേഷിക്കുമ്പോഴും തികഞ്ഞ വിജയപ്രതീക്ഷയിലാണ് മുന്നണികളും സ്ഥാനാര്‍ത്ഥികളും.
രാവിലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടി വിജയത്തെക്കുറിച്ചോ ഭൂരിപക്ഷത്തെക്കുറിച്ചോ യാതൊരു ആശങ്കയുമില്ലെന്നാണ് പറഞ്ഞത്.

71.33 ശതമാനം വോട്ടാണ് മണ്ഡലത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇ അഹമ്മദിന് ലഭിച്ച വോട്ടിന്റെ ഭൂരിപക്ഷം കുറക്കാന്‍ കഴിഞ്ഞാല്‍ തന്നെ അത് തങ്ങളുടെ വിജയമായിട്ടാകും എല്‍.ഡി.എഫ് കണക്കാക്കുക.

പോസ്റ്റല്‍ വോട്ടുകളാകും ആദ്യം എണ്ണുക. ഇതിനായി പ്രത്യേക ഹാള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. എഴ് നിയമസഭാമണ്ഡലങ്ങള്‍ക്കായി ഏഴ് മുറികളാണ് ഒരുക്കിയിട്ടുള്ളത്. മലപ്പുറം, വേങ്ങര മണ്ഡലങ്ങള്‍ക്കായി 12 ടേബിളുകളും മറ്റു മണ്ഡലങ്ങള്‍ക്കായി പത്തു ടേബിളുകളുമാണ് സജ്ജീകരിച്ചിട്ടുള്ളത്.

വേങ്ങര, വള്ളിക്കുന്ന്, കൊണ്ടോട്ടി, മലപ്പുറം, മഞ്ചേരി, മങ്കട, പെരിന്തല്‍മണ്ണ മണ്ഡലങ്ങളിലെ 1,175 ബൂത്തുകളില്‍ ഉപയോഗിച്ച വോട്ടെടുപ്പ് യന്ത്രങ്ങളാണ് ഇവിടെയുണ്ട്. കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. 16 റൗണ്ടുകളോടെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകും എന്നാണ് കരുതുന്നത്.