കൊച്ചി: മലങ്കര വര്‍ഗീസ് വധക്കേസില്‍ തുടരന്വേഷണത്തിന് ഏറണാകുളം സി.ജെ.എം കോടതി ഉത്തരവിട്ടു. കേസില്‍ ഉള്‍പ്പെട്ട പല പ്രമുഖരേയും പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി എന്നാരോപിച്ച് വര്‍ഗീസിന്റെ ഭാര്യ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കോടതി ഉത്തരവ്‌

ഓര്‍ത്തഡോക്‌സ് സഭ മാനേജിങ്ങ് കമ്മിറ്റിയംഗമായിരുന്ന മലങ്കര വര്‍ഗീസിനെ വെട്ടിക്കൊലപ്പെടുത്തിയെന്നതാണ് കേസ്. കേസില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചശേഷമാണ് കോടതി തുടരന്വേഷണത്തിന് ഉത്തരവിടുന്നത്.

കൊലപാകതത്തിന്റെ മുഖ്യ ആസൂത്രകനായ മലങ്കര ഫാ. വര്‍ഗീസ് തെക്കേക്കരയാണ് ഒന്നാം പ്രതി. മലങ്കര വര്‍ഗീസ് കൊല്ലപ്പെടുന്ന സമയത്ത് പെരുമ്പാവൂര്‍ ബേഥല്‍ സുലോക്കോ പള്ളി വികാരിയും അങ്കമാലി ഭദ്രാസനത്തിന്റെ മാനേജരുമായിരുന്നു ഫാ.വര്‍ഗീസ്. യാക്കോബായ വിഭാഗം മെത്രോപ്പൊലീത്ത സമിതി അംഗമായിരുന്ന രണ്ടാം പ്രതി സിമന്റ് ജോയി, ഏലിയാസ്, എബ്രഹാം എന്നീ പ്രതികള്‍ ഫാ. തെക്കേക്കരയുമായി മലങ്കര വര്‍ഗീസിനെ കൊലപ്പെടുത്താനുള്ള നീക്കത്തെ കുറിച്ച് ചര്‍ച്ചചെയ്തതായും അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

2002 ഡിസംബര്‍ അഞ്ചിനാണ് ഓര്‍ത്തഡോക്‌സ് സഭാ മാനെജിങ് കമ്മിറ്റി അംഗവും പ്രമുഖ തടി വ്യവസായിയുമായ തോംബ്ര വീട്ടില്‍ ടി.എം. വര്‍ഗീസ് എന്ന മലങ്കര വര്‍ഗീസ് (50) കൊല്ലപ്പെട്ടത്. പെരുമ്പാവൂരിലെ എംസി റോഡില്‍ സോസല്‍ വേ ബ്രിഡ്ജിനു സമീപമുള്ള വര്‍ക്ഷോപ്പില്‍ വച്ച് അക്രമി സംഘം വര്‍ഗീസിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

സിബിഐ ചെന്നൈ യൂനിറ്റിലെ ഇന്‍സ്‌പെക്റ്റര്‍ എം. സുന്ദരവേലിന്റെ നേതൃത്വത്തിലുള്ള സംഘമാണു കേസിന്റെ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.