കൊച്ചി: മലങ്കര യാക്കോബായ-ഓര്‍ത്തഡോക്‌സ്
സഭകള്‍ക്കെതിരെ കോടതീയലക്ഷ്യനടപടി സ്വീകരിക്കേണ്ടിവരുമെന്ന് ഹൈക്കോടതി. മലങ്കര യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭകള്‍ ജഡ്ജിമാര്‍ക്ക് സ്വകാര്യമായി കത്തയച്ചതിനെതിരെയാണ് കോടതി പരാമര്‍ശം.

സഭാതര്‍ക്കവുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങളും കോടതിയിലേക്ക് നിരന്തരമായി കത്തയക്കുകയാണ്. ഇത് കോടതിക്ക് ശല്യമാവുന്നു. അതിനാല്‍ ഈ നടപടി അവസാനിപ്പിച്ചില്ലെങ്കില്‍ സഭയ്‌ക്കെതിരെ കോടതീയലക്ഷ്യ നടപടി സ്വീകരിക്കും. ഇത് ക്രിസ്തുമസ് സമ്മാനമായോ പുതുവത്സരസമ്മാനമായോ ലഭിക്കുമെന്നും കോടതി അറിയിച്ചു.

സഭാതര്‍ക്ക പരിഹാരവുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങളും കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. സഭാതര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ നേരത്തെ കൊടതി നിര്‍ദേശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളാണ് സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തര്‍ക്കം കൊടതിയ്ക്കു പുറത്തു പരിഹരിക്കാനായി ഒരു പാനല്‍ വേണമെന്ന യാക്കോബായ വിഭാഗം സത്യവാങ്മൂലം നല്‍കി. എന്നാല്‍ ഓര്‍ത്തഡോക്‌സ് പള്ളികളില്‍ അവകാശ തര്‍ക്കമുന്നയിക്കാതെ യാക്കോബായ സ്വന്തമായി പള്ളികള്‍ ഉണ്ടാക്കിയാല്‍ മാത്രമേ പ്രശ്‌നം പരിഹരിക്കാന്‍ കഴിയൂ എന്ന നിലപാടിലാണ് ഓര്‍ത്തഡോക്‌സ് വിഭാഗം

1890 ലാണ് സഭാ കേസ് തുടങ്ങിയത്. കേസുകള്‍ കുറയ്ക്കാനും ഉള്ളവയില്‍ പെട്ടെന്ന് തീര്‍പ്പു കല്പിക്കാനും അഡീഷണല്‍ ജില്ലാ കോടതി എറണാകുളത്ത് രൂപവത്കരിച്ചതാണ്.ഇപ്പോള്‍ സംസ്ഥാനത്തെ വിവിധ കോടതികളിലായി 350ല്‍പരം കേസ് നിലവിലുണ്ട്.സുപ്രിംകോടതി 1958ലും 1995ലും സഭാകേസ് സംബന്ധിച്ച് തീര്‍പ്പുകള്‍ കല്പിച്ചു.എന്നിട്ടും കേസുകള്‍ തീര്‍ന്നില്ല.പുതിയ തര്‍ക്കങ്ങള്‍ ഉടലെടുത്തുകൊണ്ടിരുന്നു.

തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കണമെന്ന് കോടതികള്‍ പലതവണ താല്പര്യപ്പെട്ടു.2000 വര്‍ഷം നടത്തിയാലും സഭാ കേസുകള്‍ക്ക് അവസാനമുണ്ടാവുകയില്ലെന്ന് സുപ്രിംകോടതിതന്നെ നിരീക്ഷിച്ചിട്ടുണ്ട്.എന്നാല്‍, കോടതിയുടെ നിര്‍ദ്ദേശങ്ങളും നിരീക്ഷണങ്ങളും ഇരുവിഭാഗത്തേയും കേസുകളില്‍ നിന്ന് പിന്മാറാന്‍ പ്രേരിപ്പിച്ചില്ല.

ക്രമസമാധാനനില തകര്‍ക്കുന്ന രീതിയിലുള്ള സംഘര്‍ഷങ്ങള്‍ക്കും സഭാതര്‍ക്കം വേദിയായിട്ടുണ്ട്. സഭയുടെ സമ്പത്ത് കേസ് നടത്തി നശിപ്പിച്ചുകളയുന്നതിനോട് ഒരു വിഭാഗം വിശ്വാസികള്‍ എതിര്‍പ്പു പ്രകടിപ്പിക്കുന്നുണ്ട്.