എഡിറ്റര്‍
എഡിറ്റര്‍
മലാലയുടെ തലയോട്ടില്‍ ശസ്ത്രക്രിയ ഉടന്‍ നടത്തും
എഡിറ്റര്‍
Friday 4th January 2013 2:19pm

ലണ്ടന്‍: താലിബാന്‍ തീവ്രവാദികളുടെ ആക്രമണത്തിനിരയായി ബ്രിട്ടനില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിനി മലാല യൂസഫായിയെ ബ്രിട്ടനില്‍ വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയയാക്കും.

Ads By Google

ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ ശസ്ത്രക്രിയ നടത്തുമെന്നു ലണ്ടനിലെ പാക്ക് ഹൈക്കമ്മിഷന്‍ അറിയിച്ചു. അതേസമയം, മലാലയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ബര്‍മിങ്ഹാമിലെ ക്വീന്‍ എലിസബത്ത് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

തലയോട്ടി പുനക്രമീകരിക്കുന്ന ശസ്ത്രക്രിയയാണ് നടക്കുക. കഴിഞ്ഞ ഒക്‌ടോബറിലാണ് പാക്കിസ്ഥാനില്‍ വെച്ച് 15 കാരിയായ മലാല ആക്രമണത്തിനിരയായത്.

നേരത്തെ പാക്കിസ്ഥാനിലെ ആശുപത്രിയില്‍ വെച്ച് മലാലയുടെ കഴുത്തില്‍ നിന്നും വെടിയുണ്ട നീക്കം ചെയ്തിരുന്നു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായിട്ടാണ് ബര്‍മിങ്ഹാമിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പാക്കിസ്ഥാനിലെ സ്വാത് താഴ്വരയില്‍ സ്‌കൂളില്‍ നിന്നു മടങ്ങുമ്പോള്‍ ഒക്‌ടോബര്‍ ഒന്‍പതിനാണ് മലാലയ്ക്കും സഹപാഠികളായ രണ്ടു പെണ്‍കുട്ടികള്‍ക്കും വെടിയേറ്റത്. തലയ്ക്കു വെടിയേറ്റ മലാലയെ ഒക്‌ടോബര്‍ 15 നാണ് വിദഗ്ധ ചികില്‍സയ്ക്കായി ബ്രിട്ടനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇടതുകണ്ണിന് തൊട്ടുമുകളിലൂടെയാണ് വെടിയുണ്ട തുളച്ചുകയറിയത്.

താലിബാന്‍കാര്‍ സ്വാത് താഴ്‌വര ഭരിച്ചപ്പോള്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടുകയും പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം വിലക്കുകയും ചെയ്തിരുന്നു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനുവേണ്ടി മലാല പ്രചാരണം നടത്തി. താലിബാന്റെ അതിക്രമങ്ങള്‍ ബ്ലോഗിലൂടെ പുറംലോകത്തെ അറിയിച്ചു. ഇതോടെയാണ് താലിബാന്‍ മലാലയുടെ ശത്രു സ്ഥാനത്ത് വരുന്നത്.

മലാലയുടെ കുടുംബത്തെയും പാക് സര്‍ക്കാര്‍ ബ്രിട്ടനിലേക്ക് മാറ്റിയിരുന്നു. മലാലയുടെ പിതാവ് സിയാവുദ്ദീന്‍ യൂസഫായിക്ക് കഴിഞ്ഞ ദിവസം ബര്‍മിങ്ഹാമിലെ പാക് ഹൈക്കമ്മീഷനില്‍ ജോലിയും നല്‍കിയിരുന്നു.

Advertisement