ഇസ്‌ലാമാബാദ്: പാക് മനുഷ്യാവകാശ പ്രവര്‍ത്തകയായ വിദ്യാര്‍ത്ഥിനി മലാല യൂസുഫ്‌സായിയെ വെടിവെച്ച താലിബാന്‍ പ്രവര്‍ത്തകന്റെ സഹോദരി ക്ഷമാപണവുമായി രംഗത്ത്. തന്റെ സഹോദരന്‍ കുടുംബത്തിന് അപമാനമുണ്ടാക്കിയെന്നും മലാലയോടും കുടുംബത്തിനും താന്‍ ക്ഷമ ചോദിക്കുന്നുവെന്നുമാണ് രഹന ഹലീം എന്ന യുവതി പറഞ്ഞത്.

Ads By Google

‘ എന്റെ സഹോദരന്‍ ചെയ്ത തെറ്റിന് ഞാന്‍ മാപ്പ് ചോദിക്കുന്നു. ദയവ് ചെയ്ത് എന്റെ ക്ഷമാപണം മലാലയെ അറിയിക്കണം.’ രഹന പറയുന്നു. രഹനയുടെ സഹോദരന്‍ അത്തഹുള്ള ഖാനാണ് മലാലയെ അക്രമിച്ചതായി സംശയിക്കുന്നത്.

‘അവന്‍ ഞങ്ങളുടെ കുടുംബത്തിന് അപമാനമാണ്. അവന്റെ പ്രവര്‍ത്തിയോടെ ഞങ്ങള്‍ക്ക് എല്ലാം നഷ്ടമായി. അവന്‍ ചെയ്തത് ഒരിക്കലും മാപ്പര്‍ഹിക്കാത്ത തെറ്റാണ്. മലാല എനിക്ക് സഹോദിരിയെ പോലെയാണ്. എന്റേയും കുടുംബത്തിന്റേയും മുഴുവന്‍ പ്രാര്‍ത്ഥനയും അവള്‍ക്കൊപ്പമുണ്ട്. ‘ രഹന പറഞ്ഞു.

മലാല തന്റെ കുടുംബത്തെ ശത്രുക്കളായി കാണരുതെന്നും എത്രയും വേഗം സാധാരണ ജീവിതത്തില്‍ മലാല തിരിച്ചുവരുമെന്നും രഹന പറഞ്ഞു. അത്തഹുള്ളയെ സഹോദരനായി കാണുന്നില്ലെന്നും അവര്‍ പറഞ്ഞു.

അതേസമയം, മലാലയെ അക്രമിച്ച സംഭവത്തില്‍ പോലീസ് അത്തഹുള്ളയ്ക്കും മറ്റ് രണ്ട് പേര്ക്കുമായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകായണ്.

സത്രീ വിദ്യാഭ്യാസത്തിനെ എതിര്‍ത്ത താലിബാനെ ചോദ്യം ചെയ്തതിനാണ് മലാലയെന്ന പതിനാല്കാരിയെ താലിബാന്‍ ആക്രമിച്ചത്. തലയ്ക്കും കഴുത്തിനും പരിക്കേറ്റ മലാല ഇപ്പോള്‍ ബ്രിട്ടനില്‍ ചികിത്സയിലാണ്.