ലണ്ടന്‍: ലക്ഷ്യങ്ങളില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ഒരു ശക്തിക്കും കഴിയില്ല എന്ന സന്ദേശത്തോടെ മലാല യൂസഫ്‌സായ് തിരിച്ച് വരുന്നു. താലിബാന്‍ ആക്രമണങ്ങളില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് ജീവിതത്തിലേക്ക് മടങ്ങിയ ഇവര്‍ തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കെല്ലാം നന്ദി അറിയിച്ച് വീഡിയോ സന്ദേശം പുറത്ത് വിട്ടു.

Ads By Google

ബ്രിട്ടനിലെ ബെര്‍മിങ്ഹാം ആശുപത്രിയില്‍ ചികിത്സസയില്‍ കഴിയുന്ന തന്റെ ആരോഗ്യ നില ദിവസംതോറം കൂടുതല്‍ സുഖം പ്രാപിക്കുന്നുണ്ടെന്നും മലാല വീഡിയൊ സന്ദേശത്തില്‍ പറയുന്നു. കൂടാതെ മരണം വരെ കുഞ്ഞുങ്ങളുടേയും പെണ്‍കുട്ടികളുടേയും വിദ്യഭ്യാസം ലക്ഷ്യമിട്ട് ഇനിയും കുറേ ദൂരം മുന്നോട്ട് പോകാനുണ്ടെന്നും അവര്‍ പറഞ്ഞു.

താലിബാന്‍ ഭീകരര്‍ സ്വാത്  താഴ്‌വരയുടെ നിയന്ത്രണം പിടിച്ചെടുത്ത ശേഷം അവിടുത്തെ സ്‌കൂളുകള്‍ അടച്ചു പൂട്ടിയിരുന്നു. ഇതിനെതിരെ മലാല എഴുതിയ ഡയറികള്‍ ബി.ബി.സിയുടെ ഉര്‍ദു വിഭാഗം പ്രസിദ്ധീകരിച്ചിരുന്നു. ഇതാണ് മലാലക്കെതിരെ തിരിയാന്‍ താലിബാന്‍ ഭീകരരെ പ്രേരിപ്പിച്ചത്.

പാക്കിസ്താനില്‍ സ്ത്രീ വിദ്യഭ്യാസത്തിനെതിരെ ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ 2012 ഒക്ടോബര്‍ 10 ന് സ്‌കൂള്‍ ബസില്‍ കയറിയ ഭീകരര്‍ മലാലയെ വെടി വെച്ച് വീഴ്ത്തുകയായിരുന്നു. വെടിവെയ്പില്‍ തലക്കും, കഴുത്തിനും ഗുരുതരമായ് പരുക്കേറ്റ മലാലയെ വിദഗ്ദ ചികിത്സക്കായി ലണ്ടനിലേക്ക് കൊണ്ടുപോകുകയായിരുന്നു.

മലാലയെ സമാധാനത്തിനുള്ള നോബേല്‍ നോമിനിയായി നിര്‍ദ്ദേശിക്കണമെന്ന് വിവിധ വനിത സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മലാലയെ സമാധാനത്തിനുള്ള നോബേല്‍ സമ്മാനത്തിന് നാമ നിര്‍ദ്ദേശം ചെയ്തിട്ടുണ്ട്.

മലാലയോടുള്ള ആദരസൂചകമായി കഴിഞ്ഞ വര്‍ഷം നവംബര്‍ 10 ന് ഐക്യരാഷ്ട്ര സഭ മലാല  ദിനമായി ആചരിച്ചിരുന്നു. അവകാശങ്ങള്‍ക്കായി പോരാടുന്ന പെണ്‍കുട്ടിയുടെ പ്രതീകം എന്നാണ് ഐക്യരാഷ്ട്ര സഭ അഭിസംബോധന ചെയ്തത്.