എഡിറ്റര്‍
എഡിറ്റര്‍
മലാലയെ വിദഗ്ധ ചികിത്സയ്ക്കായി യു.കെയില്‍ എത്തിച്ചു
എഡിറ്റര്‍
Monday 15th October 2012 12:40am

ഇസ്‌ലാമാബാദ്: താലിബാന്‍ തീവ്രവാദികളുടെ വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന മലാല യൂസഫിനെ വിദഗ്ധ ചികിത്സക്കായി യു.കെയിലേക്ക് കൊണ്ടുപോയി.

Ads By Google

നേരത്തെ മലാലയെ ചികിത്സക്കായി വിദേശത്ത് അയക്കില്ലെന്ന് പാക്കിസ്ഥാന്‍ പറഞ്ഞിരുന്നെങ്കിലും സൈനിക ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് ഈ തീരുമാനം മാറ്റിയത്. മലാലയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും.

യു.എ.ഇയില്‍ നിന്നും കൊണ്ടുവന്ന പ്രത്യേക എയര്‍ ആമ്പുലന്‍സിലാണ് മലാലയെ ലണ്ടനിലേക്ക് കൊണ്ടുപോയത്.

പെഷര്‍വാറിലെ ആശുപത്രിയില്‍ വെച്ച് ശസ്ത്രക്രിയയിലൂടെ മലാലയുടെ തലച്ചോറില്‍ നിന്നും വെടിയുണ്ടകള്‍ പുറത്തെടുത്ത ശേഷം റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു മലാല.

മാലലയ്‌ക്കൊപ്പം വെടിയേറ്റ രണ്ട് സഹപാഠികള്‍ക്കും വെടിയേറ്റിരുന്നു. ഇവരും സുഖം പ്രാപിച്ചുവരികയാണ്.

അതേ സമയം മലാല എന്ന് ആശുപത്രി വിടുന്നോ അന്ന് അവരെ വധിക്കുമെന്ന് താലിബാന്‍ തീവ്രവാദികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നാല് താലിബാന്‍ തീവ്രവാദികളെയും മലാല പഠിക്കുന്ന സ്‌കൂളിലെ രണ്ടു ജീവനക്കാരെയും പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സ്‌കൂള്‍ ബസില്‍ കയറിയ രണ്ട് ഭീകരര്‍ മലാലയെ വെടിവച്ചത്. സ്വാത് താഴ്‌വരയുടെ നിയന്ത്രണം പിടിച്ചെടുത്തശേഷം താലിബാന്‍ അവിടത്തെ സ്‌കൂളുകള്‍ അടച്ചുപൂട്ടിയിരുന്നു. വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെ മലാലയെഴുതിയ ഡയറി ബി.ബി.സി.യുടെ ഉര്‍ദു വിഭാഗം പ്രസിദ്ധീകരിച്ചു. ഇതോടെ മലാല ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാവുകയും താലിബാന്‍ തീവ്രവാദികളുടെ ശത്രുവും ആവുകയായിരുന്നു.

Advertisement