മൊസൂള്‍: ഏറ്റവും പ്രായം കുറഞ്ഞ നൊബേല്‍ പുരസ്‌കാര ജേതാവായ മലാല യൂസഫ്‌സായി തന്റെ 20 ആം പിറന്നാള്‍ ആഘോഷിച്ചത് മൊസൂളിലെ കലാപം മൂലം നാടു വിടാന്‍ നിര്‍ബന്ധിതരായ പെണ്‍കുട്ടികള്‍ക്കൊപ്പം. ഗേള്‍ പവര്‍ ട്രിപ്പിന്റെ ഭാഗമായി ഇറാഖിലെത്തിയ മലാല ഐ.എസ് അക്രമം വിതച്ച മൊസൂളിലേയും മറ്റ് പ്രദേശങ്ങളിലേയും വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പമാണ് പിറന്നാള്‍ ദിനം ചെലവഴിച്ചത്.

കലാപം മൂലം മാറ്റിപ്പാര്‍പ്പിച്ചവരായിരുന്നു എല്ലാ പെണ്‍കുട്ടികളും. ‘ എന്റെ പിറന്നാള്‍ ദിനം ഞാന്‍ ഇറാഖിലെ 13 കാരിയായ നയിറിനെ പോലുള്ള പെണ്‍കുട്ടികള്‍ക്കൊപ്പമാണ്. തീവ്രവാദികള്‍ മൊസൂള്‍ കീഴടക്കിയത് മുതല്‍ മൂന്ന് വര്‍ഷമായി നയിര്‍ സ്‌കൂളില്‍ പോയിട്ട്. എപ്രിലിലാണ് അവളുടെ കുടുംബം നഗരം വിടുന്നത്. നയിറിന്റെ പിതാവിനെ ഐ.എസ് തടവിലാക്കുകയായിരുന്നു. അദ്ദേഹത്തെ കുറിച്ച് യാതൊരു വിവരും ഇതുവരേയും ലഭ്യമല്ല.’ മലാല പറയുന്നു.


Also Read:  ‘എന്നെയോ  മൊയ്തീനേയോ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത്’; ആര്‍.എസ്. വിമലിന് മറുപടിയുമായി കാഞ്ചനമാല


ഇയ്യടുത്താണ് മൊസൂളിനെ സൈന്യം മോചിപ്പിച്ചത്. തെരുവിലെ യുദ്ധം അവസാനിച്ചെങ്കിലും പെണ്‍കുട്ടികള്‍ക്കായുള്ള പോരാട്ടം ഇനിയും അവസാനിച്ചിട്ടില്ലെന്നും മലാല പറഞ്ഞു. പെണ്‍കുട്ടികള്‍ക്കൊപ്പം പാര്‍ക്കില്‍ റൈഡ് ആസ്വദിക്കുന്ന തന്റെ വീഡിയോയും മലാല ട്വിറ്റ് ചെയ്തിട്ടുണ്ട്.

പാക് സ്വദേശിയായ മലാലയ്ക്ക് 15 ആം വയസിലായിരുന്നു താലിബാന്റെ ആക്രമണം നേരിടേണ്ടി വന്നത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങളായിരുന്നു ആക്രമണത്തിന് കാരണം. പിന്നീട് ലോകം നൊബേല്‍ നല്‍കി ആദരിച്ച മലാലയ്ക്ക് ലോക നേതാക്കള്‍ പിന്തുണയുമായി രംഗത്തെത്തുകയായിരുന്നു.

മുന്‍ അമേരിക്കന്‍ പ്രഥമ വനിത മിഷേല്‍ ഒബാമയടക്കമുള്ള പ്രമുഖര്‍ മലാലയ്ക്ക് ആശംസ അറിയിച്ചിട്ടുണ്ട്.