abdurabbകോഴിക്കോട്: മലബാര്‍ പ്രവാസി കോര്‍ഡിനേഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ നാലിന് കോഴിക്കോട് നടന്ന രണ്ടാമത് മലബാര്‍ പ്രവാസി ദിവസില്‍ വെച്ച് വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് മലബാര്‍ പ്രവാസി എജുക്കേഷണല്‍ സൊസൈറ്റി (MPES) ഔപചാരികമായി ഉദ്ഘാടനം ചെയ്തു. മലബാറിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്ക് പരിഹാരം കാണാന്‍ ഉതകുന്ന തരത്തിലാവണം ഇതിന്റെ പ്രവര്‍ത്തനമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. എംബസിന്റെ സര്‍ക്കാരില്‍ നിന്നുള്ള പൂര്‍ണ്ണമായ സഹകരണവും അദ്ദേഹം വാഗ്ദാനം ചെയ്തു.

എംബെസിന്റെ ചെയര്‍മാനായി അലിഗഢ് സര്‍വകലാശാല ഗവേണിംഗ് ബോര്‍ഡ് അംഗവും പി.എ. എന്‍ജിനീയറിംഗ് കോളേജ് സ്ഥാപകനുമായ പി.എ. ഇബ്രാഹിം ഹാജി പ്രവര്‍ത്തിക്കും. മലബാറിലെ ആറു ജില്ലകളില്‍ പാവപ്പെട്ട പ്രവാസി കുടുംബങ്ങളിലെ കുട്ടികള്‍ക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനു പ്രാധാന്യം നല്‍കി തികച്ചും ലാഭേച്ഛയില്ലാതെ എജ്യുക്കേഷണല്‍ കോംപ്ലക്‌സുകള്‍ സ്ഥാപിക്കുവാനും തീരുമാനമായി. ഇതിനായി വിവിധ വിദേശ രാജ്യങ്ങളിലായി ജോലി ചെയ്യുന്ന അഞ്ഞൂറോളം പ്രവാസികള്‍ സന്നദ്ധ സേവകരാവുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.

പ്രസിഡണ്ട് അഡ്വ: സാജിദ് അബൂബക്കറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ എം.പി.സി.സി. യുടെ ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ അബ്ദുള്‍റഹിമാന്‍ ഇടക്കുനി മലബാര്‍ പ്രവാസി എജ്യുക്കേഷണല്‍ സൊസൈറ്റി യെ കുറിച്ച് വിശദീകരിച്ചു. എം.എല്‍ .എ. മാരായ പ്രദീപ് കുമാര്‍ , കെ.എം. ഷാജി, സ്ഥാപക പ്രസിഡന്റും ഇപ്പോഴത്തെ മുഖ്യരക്ഷാധികാരിയുമായ കെ.എം. ബഷീര്‍ , രാജു പി. മേനോന്‍ (ഖജാന്‍ജി) എന്നിവരും പങ്കെടുത്തു.