എഡിറ്റര്‍
എഡിറ്റര്‍
കള്ളക്കടത്തില്‍ മലബാര്‍ഗോള്‍ഡിന് പങ്ക്: മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് തിരിച്ചടി
എഡിറ്റര്‍
Tuesday 26th November 2013 3:51pm

malabar-gold

കോഴിക്കോട്: കള്ളക്കടത്ത് സംഘവുമായി പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിനുള്ള ബന്ധം മറച്ചുവെക്കുകയും പുറത്ത് വന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് വാര്‍ത്ത നല്‍കുകയും ചെയ്ത മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് കേസിലെ പുരോഗതി തിരിച്ചടിയാവുന്നു.

കോടതിയില്‍ ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതനുസരിച്ച് മലബാര്‍ ഗോള്‍ഡ് ഡയരക്ടര്‍ അഷ്‌റഫിനെ ആറാം പ്രതിയാക്കാന്‍ കോടതി അനുമതി നല്‍കിയത് ഫലത്തില്‍ വാര്‍ത്ത തമസ്‌ക്കരിച്ച മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് തിരിച്ചടിയാവുകയാണ്.

മലബാര്‍ ഗോള്‍ഡിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്നും ഡി.ആര്‍.ഐ റെയ്ഡ് നടക്കുന്നു എന്നുമുള്ള സൂചനകള്‍ വന്നപ്പോള്‍ തന്നെ ഈ വാര്‍ത്ത ഡൂള്‍ന്യൂസ് പുറത്തുവിട്ടിരുന്നു. കൃത്യമായ തെളിവുകള്‍ ഡൂള്‍ന്യൂസിന് ലഭിക്കുന്നതുവരെ ജ്വല്ലറിയുടെ പേര് വെക്കാതെയായിരുന്നു വാര്‍ത്ത നല്‍കിയത്.

എന്നാല്‍ ഒരു മണിക്കൂറോടുകൂടി കൃത്യമായ തെളിവുകള്‍ ഡൂള്‍ന്യൂസിന് ലഭ്യമായ ശേഷം ജ്വല്ലറിയുടെ പേര് ഉള്‍പ്പെടുത്തി തന്നെ വാര്‍ത്ത നല്‍കി. തുടര്‍ന്ന് മലയാളത്തിലെ മറ്റ് ന്യൂസ് വെബ്‌സൈറ്റുകളും മലബാര്‍ ഗോള്‍ഡിന്റെ പേര് വെച്ച് തന്നെ വാര്‍ത്തകള്‍ നല്‍കി.

ഉച്ചയ്ക്ക് ശേഷം കൈരളി പീപ്പിള്‍ ടിവിയും ഇന്ത്യാവിഷന്‍ ചാനലും വാര്‍ത്തകള്‍ കൃത്യമായി നല്‍കാന്‍ ശ്രമിച്ചപ്പോള്‍ മലബാര്‍ ഗ്രൂപ്പിന്റെ വിശദീകരണം നല്‍കാനാണ് മറ്റ് മാധ്യമങ്ങള്‍ ശ്രമിച്ചത്.

ഇന്നത്തെ മലയാളമനോരമ പത്രത്തില്‍ റെയ്ഡിനെ കുറിച്ചുള്ള വാര്‍ത്തയ്ക്ക് പകരം മലബാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ എ.പി അഹമ്മദിന്റെ പ്രസ്താവനയാണ് വാര്‍ത്തയായി നല്‍കിയത്.

സോഷ്യല്‍ മീഡിയകളിലും മാധ്യമങ്ങളിലും തങ്ങള്‍ക്കെതിരായി വാര്‍ത്തകള്‍ പ്രചരിക്കുന്നുവെന്നും അത് അടിസ്ഥാന രഹിതമാണെന്നുമാണ് പ്രസ്താവനയിലൂടെ അഹമ്മദ് പറഞ്ഞിരുന്നത്.

കള്ളക്കടത്ത് സ്വര്‍ണം വാങ്ങുന്നുവെന്ന ആരോപണമുയരുകയും അതിന് മാധ്യമങ്ങളില്‍ പ്രചരണം ലഭിക്കുകയും ചെയ്ത സ്ഥിതിക്ക് പരിശോധന നടത്തുന്നതും നിജസ്ഥിതി തെളിയിക്കപ്പെടുന്നതും നല്ലതിനാണെന്ന് കമ്പനി കരുതുന്നുവെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ വിശദീകരണം.

കമ്പനിക്ക് സ്വര്‍ണം ലഭിക്കുന്നത് ഏതെല്ലാം മാര്‍ഗങ്ങളിലൂടെയാണെന്നും മറ്റും അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നും ചെയര്‍മാന്‍ വ്യക്തമാക്കിയിരുന്നു.

മലബാര്‍ കോര്‍പ്പറേറ്റ് ഓഫീസില്‍ ഇന്നലെ നടന്ന റെയ്ഡിനെ കുറിച്ചുള്ള ഒരു വാര്‍ത്തയും നല്‍കാതെയാണ് മലബാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ എ.പി അഹമ്മദിന്റെ ഈ പ്രസ്താവന മലയാളമനോരമ വലിയ പ്രാധാന്യത്തില്‍ പ്രസിദ്ധീകരിച്ചത്.

തങ്ങള്‍ക്ക് പരസ്യം നല്‍കുന്നവരുടെ വാര്‍ത്തകള്‍ തമസ്‌ക്കരിക്കുന്ന മുഖ്യധാരാ മാധ്യമങ്ങളുടെ ഈ നിലപാടിനെതിരെ കഴിഞ്ഞ ദിവസം തന്നെ സോഷ്യല്‍ മീഡിയകളില്‍ വന്‍ പ്രതിഷേധമായിരുന്നു ഉയര്‍ന്നിരുന്നത്.

Advertisement