തിരുവനന്തപുരം: മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസില്‍ വിജിലന്‍സ് നിയമോപദേശകനെതിരെ എഫ്.ഐ.ആര്‍. വിജിലന്‍സ് ഓഫീസര്‍ അഡ്വ. മുരളീകൃഷ്ണക്കെതിരെയാണ് കേസ്. പ്രതികളോട് കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് കേസ്.

കേസില്‍ അടുത്തിടെ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്റ്‌സ് ലിമിറ്റഡിലേക്ക് ചുണ്ണാമ്പുകല്ല് ഇടപാട് നടത്തിയതില്‍ അഴിമതി നടത്തിയെന്നാണ് കേസ്. കുറ്റപത്രത്തില്‍ 12ഓളം പേരെ പ്രതിചേര്‍ത്തിട്ടുണ്ട്.

2005-06ല്‍ തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലുള്ള ക്രസന്റ് മൈന്‍സില്‍നിന്ന് വാളയാറിലെ മലബാര്‍ സിമന്റ്‌സ് കമ്പനിയിലേക്ക് ചുണ്ണാമ്പുകല്ല് വാങ്ങിയതിലാണ് കൃത്രിമം നടത്തിയത്. മലബാര്‍ സിമന്റിന്റെ വിവിധ ഇടപാടുകളില്‍ നടന്നിട്ടുള്ള അഴിമതികള്‍ സംബന്ധിച്ച് നാല് വിജിലന്‍സ് കേസുകള്‍ നിലവിലുണ്ട്. ഇവയില്‍ ആദ്യത്തെ കുറ്റപത്രമാണ് ചുണ്ണാമ്പുകല്ല് അഴിമതി അന്വേഷണത്തിന്‍േറത്. കേസ് അന്വേഷിച്ച വിജിലന്‍സ് ഡിവൈ.എസ്.പി സൈഫുല്ല സൈദ് തൃശൂര്‍ വിജിലന്‍സ് കോടതിയിലാണ് കഴിഞ്ഞ ദിവസം കുറ്റപത്രം സമര്‍പ്പിച്ചത്.

മുന്‍ മാനേജിങ് ഡയറക്ടര്‍ എസ്.എസ്. മോനി, പാലക്കാട്ടെ വിവാദ വ്യവസായി രാധാകൃഷ്ണന്‍, മലബാര്‍ സിമന്റ്‌സ് ലിമിറ്റഡ് ജനറല്‍ മാനേജര്‍ മുരളീധരന്‍ നായര്‍, സ്ഥാപനത്തിലെ ജിയോളജിസ്റ്റ് ഉദയകാന്ത്, ക്വാളിറ്റി കണ്‍ട്രോളര്‍ ആനന്ദ്കുമാര്‍, ചെയര്‍മാന്‍ ജോണ്‍ മത്തായി, ഗുലാം അഹ്മ്മദ്പാഷ, സുബൈദാ ബീഗം തുടങ്ങിയവരെയാണ് കുറ്റപത്രത്തില്‍ പ്രതിചേര്‍ത്തിരിക്കുന്നത്.