കണ്ണൂര്‍: അഞ്ചുജില്ലകളിലെ മതംമാറ്റ കല്യാണത്തില്‍ സംശയമുണ്ടെന്ന് ഉത്തരമേഖലാ ഡി.ജി.പി.യുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിന്റെ വിലയിരുത്തല്‍. മതംമാറി നടന്ന 35 കല്യാണങ്ങളില്‍ പത്തെണ്ണം പ്രണയവിവാഹങ്ങളാണെന്നും ബാക്കി 25 കല്യാണത്തെക്കുറിച്ച് സംശയമുണ്ടെന്നും യോഗം വിലയിരുത്തി.


Also read: കോടതി ശിക്ഷിച്ചാലും മുത്തലാഖ് തുടരും: ജംഇയത്തുല്‍ ഉലമ-ഇ-ഹിന്ദ് സെക്രട്ടറി


ഈ കല്യാണങ്ങളെക്കുറിച്ച് പ്രാഥമികാന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ ഡി.ജി.പി. ആവശ്യപ്പെട്ടു. കേസുകള്‍ ഡിവൈ.എസ്.പി. തലത്തിലുള്ളവരാണ് അന്വേഷിക്കേണ്ടതെന്നാണ് യോഗ തീരുമാനം. പൊലീസിന് പരാതി ലഭിച്ച കാസര്‍കോട്, കണ്ണൂര്‍, പാലക്കാട് ജില്ലകളിലെ ചില കല്യാണങ്ങളെക്കുറിച്ച് പ്രത്യേക അന്വേഷണത്തിനാണ് നിര്‍ദേശം.

അന്വേഷണത്തില്‍ ഗുരുതരസ്വഭാവം ബോധ്യപ്പെടുകയാണെങ്കില്‍ കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറണമെന്നും യോഗത്തില്‍ ധാരണയായി. പാലക്കാട് ജില്ലയില്‍ എന്‍.ഐ.ഐ.യുടെ അന്വേഷണപരിധിയില്‍ വരാത്ത ചില കേസുകള്‍ക്ക് തീവ്രവാദബന്ധമുണ്ടെന്ന് സംശയിക്കുന്നതായാണ് സൂചന.

ഹൈക്കോടതിയുടെ പരിഗണനയിലുള്ള കണ്ണൂര്‍ പരിയാരത്തെ വിവാഹം പ്രണയവിവാഹം മാത്രമായിരുന്നോയെന്നത് പോലീസ് അന്വേഷിക്കാനും ധാരണയായി. മലപ്പുറം, കാസര്‍കോട് ജില്ലകളിലുള്ളവര്‍ക്ക് ഐ.എസ്. ബന്ധം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കൂടിയാണ് മതംമാറ്റ കല്യാണത്തെക്കുറിച്ച് അന്വേഷിക്കുന്നത്.


Dont Miss: കൊല്ലപ്പെട്ടത് ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതി; മരണം ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി


പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ജില്ലാ പോലീസ് മേധാവിമാരും സ്പെഷ്യല്‍ ബ്രാഞ്ച് എസ്.പി, ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഡിവൈ.എസ്.പിമാര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.