കൊല്‍ക്കത്ത: സ്ത്രീകളും പുരുഷന്‍മാരും കൂടുതല്‍ സ്വതന്ത്രമായി ഇടപെഴകുന്നതുകൊണ്ടാണ് പീഡനങ്ങള്‍ നടക്കുന്നതെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി. വിവാഹപ്രായം കുറച്ചാല്‍ പീഡനങ്ങള്‍ വര്‍ധിക്കുന്നത് തടയാമെന്ന് നേരത്തെ ഹരിയാനയിലെ ഖാപ് പഞ്ചായത്ത് ഭരണസമിതിയും ഇതിനെ ശരിവച്ച് മുഖ്യമന്ത്രിയും രംഗത്തെത്തിയിരുന്നു.

Ads By Google

ഹരിയാനയില്‍ പെണ്‍കുട്ടികള്‍ക്ക് നേര്‍ക്ക് നടക്കുന്ന പീഡനപരമ്പരകളുടെ പശ്ചാത്തലത്തിലായിരുന്നു പഞ്ചായത്ത് അംഗങ്ങളുടെയും ഇതിനെ പിന്തുണച്ച് മുഖ്യമന്ത്രിയുടെയും പ്രസ്താവന വന്നത്. ഇതിനുപിന്നാലെയാണ് വിവാദ പ്രസ്താവനയുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമെത്തിയത്.

മുമ്പ് പുരുഷന്മാരും സ്ത്രീകളും കൈകള്‍ കൂട്ടിപിടിച്ച് പോയാല്‍ മാതാപിതാക്കള്‍ അവരെ പിടിക്കുകയും വഴക്കുപറയുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതി തുറന്ന ചന്തയിലെ പോലെയാണ്.

മാധ്യമങ്ങള്‍ എല്ലാ ദിവസവും പീഡനവാര്‍ത്തകള്‍ക്ക് കൂടുതലായി പ്രാധാന്യം കൊടുക്കുന്നു. അത് കണ്ടാല്‍ തോന്നും ഇത് പീഡിപ്പിക്കുന്നവരുടെ നാടാണെന്ന്. ചില ചാനലുകള്‍ വാര്‍ത്തകള്‍ തെറ്റായ രീതിയില്‍ വ്യഖ്യാനിക്കുന്നുമുണ്ട് – ഇതായിരുന്നു മമതയുടെ പ്രസ്താവന.