രാഷ്ട്രീയത്തില്‍ എതിരാളിയെ തറപറ്റിക്കാന്‍ പെണ്‍വാണിഭക്കേസ് ആയുധമാക്കാറുണ്ട്. ഈ തന്ത്രം സിനിമാമേഖലയിലേക്കും പയറ്റാന്‍ ശ്രമിക്കുകയാണ് സിനിമാ സംഘടനകള്‍. ഇതിനുള്ള കരുനീക്കം തുടങ്ങിക്കഴിഞ്ഞു. ഫെഫ്കയും മാക്ടയും തമ്മിലുള്ള പോരിലാണ് സ്ത്രീപീഡനക്കേസ് ആയുധമാക്കാനൊരുങ്ങുന്നത്. ഫെഫ്കയുടെ ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണനെ സ്ത്രീപീഡനക്കേസില്‍ പ്രതിയാക്കാനുള്ള നിതാന്ത പരിശ്രമത്തിലാണ് മാക്ടനേതാക്കള്‍. ഇതില്‍ നിന്നും രക്ഷപ്പെടാനുള്ള തന്ത്രങ്ങള്‍ ഫെഫ്കയും മെനയുകയാണ്.

പറവൂര്‍ സ്ത്രീപീഡനക്കേസില്‍ ഉണ്ണികൃഷ്ണനെ പ്രതിചേര്‍ക്കാനാണ് മാക്ട നേതാക്കളുടെ ശ്രമം. സിനിമയിലേക്ക് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ വിതരണം ചെയ്യുന്ന സുധീര്‍ തന്റെ മകളെ സിനിമാ പ്രവര്‍ത്തകര്‍ക്കു വീട്ടുകൊടുത്തു എന്നതാണ് പറവൂര്‍ പീഡനക്കേസ്. ഈ കേസില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ പെരുമ്പാവൂര്‍ അറക്കപ്പടി കണ്ണാടിപ്പിടി ബിജു പിടിയിലായിരുന്നു. ബി.ഉണ്ണികൃഷ്ണന്‍ തിരക്കഥയെഴുതിയ മാടമ്പി, പ്രമാണി തുടങ്ങിയ ചിത്രങ്ങളിലെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിജുവായിരുന്നു.

പ്രമാണിയുടെ ചില ഭാഗങ്ങള്‍ പറവൂരില്‍ വച്ച് ഷൂട്ട് ചെയ്തിരുന്നു. ഇവിടെ വാഴപ്പാറയില്‍ മനോജ് എന്നൊരാള്‍ ബിജുവിനൊരു വീട് ശരിയാക്കിക്കൊടുത്തിരുന്നു. ഈ വീട്ടിലാണ് ഷൂട്ടിങ് സമയത്ത് ബിജു താമസിച്ചിരുന്നത്. ഈ വീട്ടിലേക്ക് സുധീര്‍ പെണ്‍കുട്ടിയെ എത്തിച്ചുകൊടുക്കുകയായിരുന്നു. സിനിമയുടെ സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ ഈ വീട് സന്ദര്‍ശിച്ചതായാണ് മാക്ടയുടെ അന്വേഷണ റിപ്പോര്‍ട്ട്. ഉണ്ണികൃഷ്ണന്‍ അവിടേക്ക് പോയിട്ടുള്ളതായി പരിസരവാസികള്‍ തങ്ങള്‍ക്ക് മൊഴി നല്‍കിയിട്ടുണ്ടെന്നും ഇവര്‍ പറയുന്നു.

ഈ വിവരങ്ങള്‍ എല്ലാമറിഞ്ഞിട്ടും പോലീസ് ഉണ്ണികൃഷ്ണനെതിരെ അന്വേഷണം നടത്താത്തതിനു പിന്നില്‍ അദ്ദേഹത്തിന്റെ സി.പി.ഐ.എം ബന്ധമാണെന്നും മാക്ട കുറ്റപ്പെടുത്തുന്നു. ശരിയായരീതിയില്‍ അന്വേഷിച്ചാല്‍ ഉണ്ണികൃഷ്ണന്റെ പങ്ക് വ്യക്തമാകുമെന്നും കേസിലുള്‍പ്പെട്ട കൂടുതല്‍ പേരെ പുറത്തേക്കുകൊണ്ടുവരാന്‍ കഴിയുമെന്നും മാക്ട അവകാശപ്പെടുന്നു.

പറവൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ജി ബാബുകുമാര്‍ കേസ് അന്വേഷിക്കുന്നുണ്ടെങ്കിലും മാക്ട പ്രവര്‍ത്തകര്‍ അന്വേഷണം നിര്‍ത്തിയിട്ടില്ല. മാക്ടയുടെ അന്വേഷണം പൂര്‍ത്തിയായാല്‍ അവര്‍ പത്രസമ്മേളനത്തിലൂടെ കാര്യങ്ങള്‍ മാധ്യമങ്ങളെ അറിയിക്കുമെന്നാണ് സൂചന.