ജിദ്ദ: രാജഭരണകൂടത്തിനെതിരേ ഉയരുന്ന പ്രതിഷേധങ്ങള്‍ പിശാചിന്റെ പ്രേരണ മൂലമാണെന്ന് മക്ക ഇമാം ഷെയ്ഖ് ഒസാമ ഖയദ് പറഞ്ഞു. ഇത്തരം നീക്കങ്ങള്‍ക്കെതിരേ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നും ഇമാം ആഹ്വാനം ചെയ്തു.

അനാവശ്യമോഹങ്ങള്‍ നല്‍കി വിശ്വാസികളെ കബളിപ്പിക്കാനാണ് സാത്താന്‍ ശ്രമിക്കുന്നത്. ഈ പ്രേരണയില്‍ കുടുങ്ങി വിശ്വാസികള്‍ കലഹത്തിലും രാജ്യദ്രോഹനടപടിയിലും ആകൃഷ്ടരാവുകയാണെന്ന് വെള്ളിയാഴ്ച്ചത്തെ പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു.

എണ്ണമറ്റ ചാനലുകളും ഇന്റര്‍നെറ്റ് മാധ്യമങ്ങളും ജനങ്ങളെ പ്രതിഷേധത്തിന്റെ പാതയിലേക്ക് നയിക്കുകയാണെന്നും ഇമാം വ്യക്തമാക്കി. മുസ്‌ലിം രാഷ്ട്രങ്ങളിലെ പ്രതിഷേധങ്ങള്‍ ഹൃദയഭേദകമാണെന്ന് ഷെയ്ഖ് സല അല്‍ ബുദൈര്‍ പറഞ്ഞു.

ഷരിയ നിയമപ്രകാരം ഭരണം നടത്തുന്ന അധികാരികള്‍ക്കെതിരേ പ്രതിഷേധം നടത്തുന്നത് അനിസ്‌ലാമികമാണ്. രാജഭരണകൂടത്തെ ശക്തിപ്പെടുത്താനാണ് ശ്രമമുണ്ടാകേണ്ടത്. സൗദി അറേബ്യക്കെതിരേ പ്രതിഷേധത്തിന് കോപ്പുകൂട്ടുന്നവര്‍ ഇസ്‌ലാമിന്റെ ശത്രുക്കളുടെ താല്‍പ്പര്യമാണ് നടപ്പാക്കുന്നതെന്നും ബുദൈര്‍ വ്യക്തമാക്കി.