ഹൈദരാബാദ് :  ഹൈദരാബാദിലെ മക്ക മസ്ജിദില്‍ 2007 ലുണ്ടായ  സ്‌ഫോടനത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ട നിരപരാധികളായ മുസ്ലീം യുവാക്കള്‍ക്ക് ആന്‍ന്ധ്രാപ്രദേശ് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കി. ഇത്തരത്തില്‍ നഷ്ടപരിഹാരം നല്‍കുന്ന ഇന്ത്യയിലെ ആദ്യത്തെ സംഭവമാണിത്. പോലീസിന്റെ പീഡനത്തിനിരയായ 70 പേര്‍ക്കാണ് നഷ്ടപരിഹാരം കൊടുത്തത്.20 പേര്‍ക്ക് മൂന്നുലക്ഷം രൂപ വീതവും മറ്റുള്ളവര്‍ക്ക് 20000 രൂപ വീതവുമാണ് നല്‍കുകയെന്ന് മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി നിയമസഭയെ അറിയിച്ചു.

ദേശീയ ന്യൂനപക്ഷകമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയത്. കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ ഒരു വര്‍ഷം മുന്‍പാണ് സര്‍ക്കാറിന്റെ മുന്‍പില്‍ സമര്‍പ്പിച്ചത്. നിരപരാധികളെ പീഡിപ്പിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടികള്‍ എടുക്കാനും കേസില്‍ കുറ്റവിമുക്തരാക്കപ്പെട്ടവര്‍ക്കെല്ലാം നല്ല സ്വഭാവത്തിനുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും യോഗ്യതയനുസരിച്ച് തൊഴില്‍ നല്‍കണമെന്നു കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

2007 മെയ് 18 നാണ് മക്ക മസ്ജിദില്‍ സ്‌ഫോടനം നടന്നത്. സ്‌ഫോടനവുമായി ബന്ധപ്പെട്ട് മുസ്ലീംങ്ങളായ നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്ത് ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു. ഇത് ന്യൂനപക്ഷ കമ്മീഷന്‍ നിയോഗിച്ച അന്വേഷണസംഘം കണ്ടെത്തിയിരുന്നു. പോലീസ് അറസ്റ്റ് ചെയ്തവരെ മുഴുവന്‍ കഴിഞ്ഞവര്‍ഷം കോടതി വെറുതെ വിട്ടിരുന്നു. മക്ക മസ്ജിദ് സ്‌ഫോടനത്തിന് പിന്നില്‍ ഹിന്ദുത്വ ഭീകരവാദ സംഘടനകളായിരുന്നെന്ന് കണ്ടെത്തിയിരുന്നു. സ്വാമി അസിമാനന്ദയുടെ മൊഴിയില്‍ ഇ്ത് വ്യക്തമാക്കുന്നുണ്ട്.