സ്വന്തം ലേഖകന്‍

മകരജ്യോതി സംബന്ധിച്ച് മുഖ്യമന്ത്രി ആവശ്യപ്പെട്ട റിപ്പോര്‍ട്ട് നല്‍കാനാവില്ലെന്ന് ദേവസ്വം വകുപ്പ്. മകരവിളക്ക്, മകരജ്യോതി തുടങ്ങിയവ ഹൈന്ദവ മതാനുഷ്ഠാനത്തിന്റെയും ക്ഷേത്രാചാരങ്ങളുടെയും ഭാഗമാണെന്നാണ് ദേവസ്വം വകുപ്പ് നല്‍കിയ മറുപടിയില്‍ പറയുന്നത്. ആര്‍.ടി.ഐ. ആക്ടിവിസ്റ്റ് വി.ഹരീഷ് പരാതി പരിഹാര സെല്ലിന് നല്‍കിയ അപേക്ഷയെ തുടര്‍ന്ന് മുഖ്യമന്ത്രി റിപ്പോര്‍ട്ട് നല്‍കാനാവശ്യപ്പെട്ടപ്പോഴാണ് ദേവസ്വം വകുപ്പില്‍ നിന്ന് ഈ മറുപടി ഉണ്ടായത്.

ഇത്തരം ആചാര അനുഷ്ഠാന കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടാറില്ലെന്ന് അപേക്ഷകനെ അറിയിക്കണമെന്ന നിര്‍ദേശവും ദേവസ്വം വകുപ്പ് നല്‍കിയ മറുപടിയിലുണ്ട്. 2011 ജനുവരി 14ന് പുല്ലുമേട് ദുരന്തമുണ്ടായി രണ്ട് ദിവസത്തിന് ശേഷണാണ് ഹരീഷ് മുഖ്യമന്ത്രിയുടെ സെല്ലിന് പരാതി നല്‍കിയത്. മകരവിളക്കിന്റെ സത്യാവസ്ഥ സംബന്ധിച്ച് അന്വേഷണം നടത്തി യഥാര്‍ത്ഥ വസ്തുത വ്യക്തമാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പരാതി. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ അടിയന്തിര നടപടി എടുത്തു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെടുകയായിരുന്നു. ഈ ആവശ്യത്തിലാണ് ബോര്‍ഡ് മുഖ്യമന്ത്രിക്ക് ഇത്തരത്തില്‍ മറുപടി നല്‍കിയത്.

മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലില്‍ പരാതിപ്പെട്ടാല്‍ 15 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നിയമം. എന്നാല്‍ ഒരു രണ്ട് മാസം കഴിഞ്ഞിട്ടും മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് ഹരീഷ് വിവരാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു. ഇതെ തുടര്‍ന്ന് കമ്മീഷന്‍ നല്‍കിയ മറുപടിയിലാണ് ദേവസ്വം ബോര്‍ഡ് മുഖ്യമന്ത്രിക്ക് നല്‍കിയ മറുപടിയെക്കുറിച്ച് പറയുന്നത്.

മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തി നടപടിയെടുക്കാന്‍ ദേവസ്വം വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടും മകരജ്യോതി വിഷയത്തില്‍ സര്‍ക്കാര്‍ ഒരു അന്വേഷണവും നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത് വിവാദമായിരുന്നു.