കൊച്ചി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളമങ്ങോളമിങ്ങോളം പ്രതിഷേധം ശക്തമാകുകയാണ്. സിനിമാ മേഖലയിലും പ്രതിഷേധം ബാധിച്ചിരിക്കുകയാണ്. സിനിമാ താരങ്ങള്‍ ജയലളിതയെ കാണാന്‍ പോവുന്നുവെന്ന വാര്‍ത്ത വന്നത് കഴിഞ്ഞദിവസമാണ്. ഇപ്പോഴിതാ മേജര്‍ രവി പുഴയിലേക്ക് ചാടാനൊരുങ്ങുകയാണ്.

വെണ്ടുരുത്തി പാലത്തിനു മുകളില്‍ നിന്നു അതിശക്തമായ അടിയൊഴുക്കുള്ള പുഴയിലേക്കാണ് മേജര്‍ രവി ചാടാനൊരുങ്ങുന്നത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അധികാരികളുടെ കണ്ണു തുറപ്പിക്കാനാണ്  രവിയുടെ ഈ സാഹസം.

Subscribe Us:

മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കാനുള്ള സാധ്യതയൊന്നും കാണുന്നില്ല. ഈ സാഹചര്യത്തില്‍ മലയാളിക്ക് ഇനി ചെയ്യാനുള്ളത് അണക്കെട്ട് തകര്‍ന്നാലുള്ള കുത്തൊഴുക്കില്‍ നിന്നു രക്ഷപ്പെടാന്‍ പരിശീലിക്കുക മാത്രമാണെന്ന് വെളിവാക്കാനും കൂടിയാണ് ഈ പ്രകടനത്തിന് മുതിരുന്നതെന്ന് മേജര്‍ രവി പറയുന്നു.

മുന്‍ പട്ടാളക്കാരന്‍ എന്ന നിലയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പൊതുജനത്തിന്  മാതൃകയും ധൈര്യവും നല്‍കാന്‍ ഈ പ്രവൃത്തി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. മൂന്നോ നാലോ ഡമ്മികള്‍ പുഴയിലെക്കിട്ട് പുറകെ ചാടി അവയെ വീണ്ടെടുക്കുകയാണ് ചെയ്യുക.

ജീവന്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ  റിഹേഴ്‌സല്‍  എന്ന നിലയില്‍ സംഘടിപ്പിക്കുന്ന പരിപാടിക്ക് സിനിമ മേഖലയിലുള്ളവരുടെ ശക്തമായ പിന്തുണയുണ്ട്. സിനിമാ പ്രവര്‍ത്തകര്‍ പരിപാടി തത്സമയം വീക്ഷിക്കും.

സാഹസ പരിപാടിയുടെ തിയതി ഒരാഴ്ചക്കകം പൊതു ജനങ്ങളോട് പ്രഖ്യാപിക്കുമെന്ന് മേജര്‍ രവി അറിയിച്ചു.