എഡിറ്റര്‍
എഡിറ്റര്‍
‘ഒരു സ്ത്രീയുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പുമെന്നു പറഞ്ഞ താങ്കളല്ലേ സ്ത്രീത്വത്തിനുവേണ്ടി വാദിക്കുന്നത്: മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനുമുമ്പില്‍ ബ്ബ..ബ്ബ..ബ്ബ അടിച്ച് മേജര്‍ രവി
എഡിറ്റര്‍
Monday 20th February 2017 2:59pm

സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട സംവിധായകന്‍ മേജര്‍ രവിയുടെ അഭിപ്രായ പ്രകടനത്തിലെ പൊള്ളത്തരം തുറന്നുകാട്ടി ന്യൂസ് 18 ചാനലിലെ ചര്‍ച്ച. ഒരു സ്ത്രീയുടെ മുഖത്ത് കാര്‍ക്കിച്ച് തുപ്പും എന്നു പറഞ്ഞ മേജര്‍ രവി ഇപ്പോള്‍ സ്ത്രീകള്‍ക്കുവേണ്ടി രംഗത്തെത്തിയതിലെ പൊള്ളത്തരത്തെയാണ് ചാനല്‍ ചര്‍ച്ചയിലൂടെ തുറന്നുകാട്ടിയത്.

നടിയ്‌ക്കെതിരായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രോഷാകുലനായി രംഗത്തുവന്ന ഇതേ മേജര്‍ രവി തന്നെയല്ലേ നേരത്തെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകയോട് സംസാരിച്ചതെന്ന് ചര്‍ച്ചയ്ക്കിടെ അവതാരകന്‍ ശരത് അദ്ദേഹത്തോടു ചോദിക്കുകയായിരുന്നു.


Don’t miss: സി.പി.ഐ.എം നേതാക്കളെ വധിക്കാനും കലാപമുണ്ടാക്കാനും ആര്‍.എസ്.എസ് പദ്ധയിട്ടു: വെളിപ്പെടുത്തലുമായി ആര്‍.എസ്.എസ് നേതാവിന്റെ വാര്‍ത്താസമ്മേളനം 


ഇക്കാര്യം വിശദീകരിക്കാന്‍ തനിക്ക് നല്ലൊരു അവസരം തന്നതിന് നന്ദി എന്നു പറഞ്ഞ് തുടങ്ങിയ മേജര്‍ രവി പക്ഷെ കൃത്യമായ വിശദീകരണം നല്‍കാനാവാതെ കുഴങ്ങുന്നതാണ് കണ്ടത്. മാധ്യമപ്രവര്‍ത്തകയുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പും എന്നാണ് താങ്കള്‍ പറഞ്ഞത് മറ്റൊരര്‍ത്ഥത്തില്‍ സുനിയും ഇതുതന്നെയാണ് ചെയ്തിരിക്കുന്നതെന്നും മാധ്യമപ്രവര്‍ത്തകന്‍ ചൂണ്ടിക്കാട്ടി. ഇതോടെ വാക്കുകള്‍ കൊണ്ട് ഉരുളുകയാണ് മേജര്‍ രവി ചെയ്തത്.

‘ആരെയാണ് അങ്ങനെ പറഞ്ഞതെന്ന് പറയൂ’ എന്നും മേജര്‍ രവി പറഞ്ഞു. ആ സംഭവത്തില്‍ മാധ്യമപ്രവര്‍ത്തക കുറ്റക്കാരിയാണെന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു മേജര്‍ രവിയുടെ മറുപടി.

സ്ത്രീത്വത്തിനെതിരെയല്ലെങ്കില്‍ താങ്കള്‍ക്കു വിശദീകരിക്കാമെന്നും ഖേദപ്രകടനം നടത്തണമെങ്കില്‍ നടത്താമെന്നും അവതാരകന്‍ പറഞ്ഞു.


Must Read: സ്ത്രീവിരുദ്ധ ഡയലോഗുകളും നായകന്റെ അഴിഞ്ഞാട്ടവുമുള്ള സിനിമ ചെയ്യില്ലെന്ന് തീരുമാനിക്കുന്നതായിരിക്കും വലിയ നീതി; താരങ്ങളോടും സംവിധായകരോടും ആഷിഖ് അബു –


ഇതോടെ തന്റേത് വൈകാരികമായ അഭിപ്രായ പ്രകടനമായിരുന്നെന്നും ആ സ്ത്രീയോട് യാതൊരു വിധ വ്യക്തി വൈരാഗ്യവുമില്ലെന്നും അവര്‍ക്ക് വിഷമം തോന്നിയെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായി താന്‍ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞ് മേജര്‍ രവി ഊരുകയായിരുന്നു.

ചര്‍ച്ചയിങ്ങനെ:

അവതാരകന്റെ ചോദ്യം: ‘മേജര്‍ രവി, ഈ നിലയിലുള്ള സ്ത്രീകള്‍ക്കെതിരായ ആക്രമണത്തെ ഗൗരവത്തോടെയും ആശങ്കയോടെയും രോഷത്തോടെയുമാണ് താങ്കള്‍ പങ്കുവെക്കുന്നത്. അതേ താങ്കള്‍ രോഷാകുലനായി ഒരു മാധ്യമപ്രവര്‍ത്തകയ്ക്കുനേരെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ ഒരു നിലപാടെടുത്തയാളാണ് അപ്പോള്‍ യഥാര്‍ത്ഥത്തില്‍ പുരുഷന്റെ മനോഭാവമാണ് മാറേണ്ടത്. അത് ക്വട്ടേഷനെടുക്കുന്ന ക്രിമിനല്‍ കുറ്റവാളിയായാലും അത് മലയാളികള്‍ ഏറെ ബഹുമാനിക്കുന്ന സംവിധായകനായാലും. സമീപനമാണ് മാറേണ്ടത്.’
മേജര്‍ രവി: ‘നല്ലൊരു അവസരം തന്നതിന് നന്ദി. കാരണം ഇയൊരു സംഭവത്തില്‍ ഞാനെന്നും തിരിച്ചും മറിച്ചും ചോദിക്കുന്നതാണ്. ഈയൊരു സംഭവത്തില്‍ ഞാന്‍ അവതാരികയുടെ പേരും പറഞ്ഞ് ഞാനങ്ങനെ പറഞ്ഞെന്നും പറഞ്ഞ് ട്രോളും മറ്റും ഞാന്‍ കണ്ടതാണ്. എപ്പോഴെങ്കിലും ചോദിച്ചോ എന്താണ് ഞാന്‍ പറഞ്ഞ വോയ്‌സ് എന്നുള്ളത്. ആ വോയ്‌സ് പറയുന്നത് ഇതുപോലുള്ള സംസ്‌കാരങ്ങള്‍ക്ക് എതിരായാണ് ഞാന്‍ സംസാരിച്ചത്. ഇന്നേവരെ വരെ എന്റെ ജീവിതത്തില്‍ ഞാനെവിടെയും എന്നും സ്ത്രീകളെ പ്രോട്ടക്ട് ചെയ്തിട്ടേയുള്ളൂ’

അവതാരകന്‍: ‘കാര്‍ക്കിച്ചു തുപ്പും എന്നാണ് താങ്കള്‍ പറഞ്ഞത്. മറ്റൊരര്‍ത്ഥത്തില്‍ പള്‍സര്‍ സുനിയും ആ നടിയോട് അതു തന്നെയാണ് ചെയ്തത്.’

മേജര്‍ രവി: ‘ഇല്ല അതു പറയരുത്. ആരെ, അതിനുത്തരം പറയൂ ശരത്. ആരെ തുപ്പു എന്നാണ് പറഞ്ഞിരിക്കുന്നത്.”

അവതാരകന്‍: ‘ സ്ത്രീത്വത്തിനുനേരെയല്ലെങ്കില്‍ താങ്കള്‍ക്കു പറയാം. മേജര്‍ രവി കുറ്റബോധമുണ്ടെങ്കില്‍ തിരുത്താം’


Must Read: സാരമില്ല മകളേ.. ഡെറ്റോള്‍ ഒഴിച്ച വെള്ളത്തില്‍ അടിച്ചു നനച്ചു കുളിച്ച് മിടുക്കിയായി തലപൊക്കി നടക്കുക: ആക്രമിക്കപ്പെട്ട നടിയോട് സുഗതകുമാരി 


മേജര്‍ രവി: ‘എന്റെ കുറ്റബോധം എന്നത് ഈ വികാരങ്ങളെല്ലാം വരുന്നസമയത്ത്, നമുക്ക് പലവികാരങ്ങളും വരുന്നസമയത്ത് നമ്മളൊരു സ്ത്രീയെക്കുറിച്ചു പറഞ്ഞുവെന്നല്ലാതെ, സ്ത്രീയായിപ്പോയി അവതാരിക, ആ പറഞ്ഞിട്ടുള്ള കണ്ടന്റിന്റെ മുകളില്‍ ആ സംസ്‌കാരത്തെ കാറിത്തുപ്പുന്നു എന്നാണ് പറഞ്ഞത്. അല്ലാതെ ആ സ്ത്രീയുമായിട്ട് എനിക്ക് യാതൊരു വിധത്തിലുള്ള, ഈ അവതാരികയ്‌ക്കെതിരെ പേഴ്‌സണല്‍ അറ്റാക്കും ഞാന്‍ നടത്തിയിട്ടില്ല. ആ സ്ത്രീയ്‌ക്കെതിരെയല്ല… അവര്‍ക്ക് അങ്ങനെ തോന്നിയെങ്കില്‍ ഖേദിക്കുന്നു എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. അതൊന്നും കുത്തിപ്പൊക്കേണ്ട.’

അവതാരകന്‍: ഒരു തരത്തിലുള്ള കുത്തിപ്പൊക്കലുമല്ല. സ്ത്രീത്വത്തെ എല്ലാവരും അംഗീകരിക്കേണ്ടതാണ്, മാനിക്കേണ്ടതാണെന്ന് പറയുമ്പോഴും താങ്കള്‍ തന്നെ അത്തരം ഒരു പ്രശ്‌നത്തില്‍ അകപ്പെട്ടത് പരാമര്‍ശിക്കാതെ പോകാനാവില്ല. അത്തരം തിരുത്തലുകള്‍ ആവശ്യമുണ്ടെങ്കില്‍ ആ തിരുത്തലിന് താങ്കളും തയ്യാറാണെന്ന് അറിയിച്ചല്ലോ. വളരെ നന്ദി മേജര്‍ രവി.’

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഫേസ്ബുക്കിലൂടെ രോഷപ്രകടനവുമായി മേജര്‍ രവി രംഗത്തുവന്നിരുന്നു. ഇത്തരം സംഭവങ്ങള്‍ക്കു നേരെ ശക്തമായ നടപടികള്‍ സ്വീകരിക്കാത്ത വ്യവസ്ഥിതിയെ ഓര്‍ത്ത് ലജ്ജിക്കുന്നു എന്നായിരുന്നു മേജര്‍ രവിയുടെ പ്രതികരണം.

‘നീയൊക്കെ ആണ്‍പിള്ളേരോട് കളിക്കെടാ പിടിയിലാകുന്നതിനു മുമ്പ് ആണുങ്ങളുടെ കയ്യില്‍ പെടാതിരിക്കാന്‍ നോക്കിക്കോടാ’ എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ചര്‍ച്ചയ്ക്കിടെ ദുര്‍ഗാദേവിയെ അപമാനിച്ചു എന്നാരോപിച്ച് മേജര്‍ രവി മാധ്യമപ്രവര്‍ത്തകയായ സിന്ധു സൂര്യകുമാറിനെതിരെ രംഗത്തെത്തിയിരുന്നു. ടെലിവിഷനിലിരുന്ന് ദുര്‍ഗാദേവിയെ അധിക്ഷേപിച്ച ചാനല്‍ അവതാരകയുടെ മുഖത്ത് അനുമതി ലഭിച്ചാല്‍ കാറിത്തുപ്പുമെന്നായിരുന്നു മേജര്‍ രവി നടത്തിയ പരാമര്‍ശം.
ജെ.എന്‍.യു വിദ്യാര്‍ഥികള്‍ ദുര്‍ഗാദേവിയെ അപമാനിച്ചു എന്ന വാര്‍ത്ത ഏഷ്യാനെറ്റ് ചര്‍ച്ച ചെയ്തതിനെ തുടര്‍ന്നായിരുന്നു ഇത്. സിന്ധു സൂര്യകുമാര്‍ ദുര്‍ഗാദേവിയെ അപമാനിച്ചു എന്ന തരത്തില്‍ സംഘപരിവാര്‍ ഇതിനെതിരെ പ്രചരണം നടത്തുകയായിരുന്നു. ഇത് ഏറ്റെടുത്തുകൊണ്ടായിരുന്നു മേജര്‍ രവിയുടെ പരാമര്‍ശം.

Advertisement